ചില സിനിമകൾ തുടങ്ങി കഴിയുമ്പോള്‍ മനസിലാകും കൈയ്യില്‍ നിന്നും പോയെന്ന് , ഇപ്പോള്‍ നിര്‍ത്തിക്കോ, ഇല്ലെങ്കില്‍ പൈസപോക്കാണെന്ന് നമ്മളെ വിശ്വസിച്ച് നില്‍ക്കുന്ന പ്രൊഡ്യൂസറിനോട് പറയാനും പറ്റില്ല; ജയറാം

മലയാള സിനിമയിലെ ജനപ്രിയ നായകന്മാരിൽ ഒരാളാണ് ജയറാം. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രങ്ങളിലൂടെയാണ് ജയറാം സൂപ്പർ താരമായി മാറിയത്. മലയാളത്തിന് പുറമെ തമിഴിലും അദ്ദേഹം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. മിമിക്രിയിൽ നിന്ന് സിനിമയിലേക്ക് എത്തിയ ജയറാം ആദ്യം കോമഡി വേഷങ്ങളിലാണ് തിളങ്ങിയത്. പിന്നീട് പ്രഗൽഭരായ സംവിധായകരുടെ കൂടെ വിവിധ സിനിമകളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് ജയറാം മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു.

അതേസമയം, കഴിഞ്ഞ കുറച്ചു വർഷങ്ങളായി വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് ജയറാം അഭിനയിച്ചിട്ടുള്ളത്. അതിൽ മലയാളത്തിൽ പുറത്തിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും പരാജയപ്പെടുകയും ചെയ്തു. ഏറെ പ്രതീക്ഷയോടെ അവസാനം പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രം പോലും ബോക്സ് ഓഫീസിൽ വമ്പൻ പരാജയമാവുന്നതാണ് കണ്ടത്. മണിരത്നം ഒരുക്കിയ തമിഴ് ചിത്രം പൊന്നിയിൻ സെൽവനാണ് ജയറാമിന്റെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ.

ആഴ്വർ കടിയാൻ നമ്പി എന്ന കഥാപാത്രത്തെ ആണ് നടൻ സിനിമയിൽ അവതരിപ്പിച്ചത്. തമിഴ്നാട്ടിലെ ചരിത്ര പ്രസിദ്ധ നോവലിലെ നിർണായക കഥാപാത്രങ്ങളിൽ ഒന്നാണ് ഇത്. ചിത്രത്തിലെ പ്രകടനത്തിന് ജയറാം കയ്യടി നേടിയിരുന്നു. പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗമാണ് ജയറാമിന്റേതായി ഇനി റിലീസിന് ഒരുങ്ങുന്ന സിനിമ.

തന്റെ കരിയറിന് സംഭവിച്ചതിനെ കുറിച്ച് ജയറാം പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഏറെ പ്രതീക്ഷകളോടെ ചെയ്തിട്ടും വേണ്ടത്ര ക്ലിക്കാവാതെ പോയ നിരവധി സിനിമകളുണ്ട് അദ്ദേഹത്തിന്റെ കരിയറില്‍. കഥ കേള്‍ക്കുന്ന സമയത്ത് ഇതെന്തായാലും പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുമെന്ന് തോന്നി ചെയ്ത സിനിമകള്‍ വരെ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടെന്നും അങ്ങനെ വരുന്ന സന്ദര്‍ഭങ്ങളില്‍ ശരിക്കും വിഷമം തോന്നിയിട്ടുണ്ടെന്നും ജയറാം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ജോണ്‍ ബ്രിട്ടാസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇത്. അതിന്റെ വീഡിയോ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

ചില കഥകള്‍ കേള്‍ക്കുമ്പോള്‍ നല്ലതായിരിക്കും. കഥ കേട്ട് മികച്ചതാണെന്ന് തോന്നുമ്പോഴാണ് സ്വീകരിക്കുന്നതെന്ന് ജയറാം പറയുന്നു. തിരക്കഥ വായിക്കാനൊന്നും സമയം കിട്ടിയെന്ന് വരില്ല. എല്ലാ സിനിമകളും വിജയിക്കണമെന്ന ആഗ്രഹത്തില്‍ തന്നെയാണ് ചെയ്യുന്നത്. ചിലത് തുടങ്ങി കഴിയുമ്പോള്‍ മനസിലാകും കൈയ്യില്‍ നിന്നും പോയെന്ന്. ഇപ്പോള്‍ നിര്‍ത്തിക്കോ, ഇല്ലെങ്കില്‍ തന്റെ ജീവിതവും പൈസയും പോക്കാണെന്ന് നമ്മളെ വിശ്വസിച്ച് നില്‍ക്കുന്ന പ്രൊഡ്യൂസറിനോട് പറയാനും പറ്റില്ല.

അപ്പോഴേക്കും കുറേ പൈസ ചെലവായിട്ടുണ്ടാവും. അത് തീര്‍ക്കുക എന്നതേ പിന്നെ ചെയ്യാനുള്ളൂവെന്ന് ജയറാം പറയുന്നു. ഈ സിനിമ നന്നായി ഓടുമെന്ന കോണ്‍ഫിഡന്‍സ് ചില സിനിമകൾക്ക് തുടക്കത്തിലേ ലഭിക്കും. റിലീസിംഗ് സമയത്ത് ടെന്‍ഷനുണ്ടാവാറുണ്ട്. നാണയം എറിഞ്ഞ് നോക്കലോ, പൂജാമുറിയില്‍ തന്നെ ഇരിക്കലോ അങ്ങനെയൊന്നുമില്ല. എന്നും പ്രാര്‍ത്ഥിക്കുന്നത് പോലെ തന്നെ പ്രാര്‍ത്ഥിക്കും. എനിക്ക് സിനിമ തന്നവരെയും മാതാപിതാക്കളെയുമെല്ലാം എപ്പോഴും മനസില്‍ ഓര്‍ക്കാറുണ്ടെന്നും ജയറാം പറഞ്ഞു.

അത്രയും ചെയ്തിട്ടും ഒരു ശതമാനം പോലും റിസല്‍ട്ട് കിട്ടിയില്ലല്ലോ എന്നോര്‍ത്ത് കരയാറുണ്ട്. ചില സിനിമകള്‍ പെട്ടിയിലായിപ്പോയി പിന്നെ കുറേ കാലം കഴിഞ്ഞ് ആരും അറിയാതെ ഇറങ്ങുന്ന അവസ്ഥയും വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുടക്കകാലത്തെ ചില സിനിമകളൊക്കെ എങ്ങനെ ഓടിയെന്ന് ചിന്തിക്കാറുണ്ട്. ആക്ഷന്‍ രംഗങ്ങളില്‍ ജയറാം വേണ്ടത്ര ശോഭിക്കുന്നില്ല, ഇതൊന്നും അങ്ങേര്‍ക്ക് പറ്റിയ പണിയല്ല. നല്ല കുടുംബവേഷം എന്തെങ്കിലും ചെയ്താല്‍ പോരേ എന്നൊക്കെ ആളുകള്‍ പറഞ്ഞിട്ടുണ്ട്.

അതൊക്കെ കേട്ട് ആക്ഷന്‍ വേഷങ്ങള്‍ ചെയ്യാതിരുന്നിട്ടില്ല, നേരത്തെ ഞാന്‍ ഫിസിക്കലി ഫിറ്റായിരുന്നില്ല. ഇപ്പോള്‍ എനിക്ക് തന്നെ ആത്മവിശ്വാസമുണ്ട്. മെലിഞ്ഞതിന്റെ ക്രെഡിറ്റൊക്കെ പാര്‍വതിക്കാണ്. ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടതിനെക്കുറിച്ച് എപ്പോഴും പറയാറുണ്ട്. ഡയറ്റിന്റെ കാര്യത്തില്‍ സ്ട്രിക്ടാണ് പാര്‍വതി. ഡയറ്റും വര്‍ക്കൗട്ടുമൊക്കെ കൃത്യമായി ചെയ്യും.

വൈകുന്നേരം ഷട്ടില്‍ കളിക്കാനൊക്കെ പോവാറുണ്ടായിരുന്നു. വേറൊരാള്‍ ചെയ്ത കഥാപാത്രങ്ങള്‍ കണ്ട് ഇതുപോലൊന്ന് കിട്ടിയിരുന്നെങ്കില്‍ എന്നൊക്കെ തോന്നിയിട്ടുണ്ട്. എനിക്കുള്ള ക്യാരക്ടേഴ്‌സ് കൃത്യമായി തന്നെ എനിക്ക് കിട്ടുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ജനങ്ങളാണ് തന്റെ വിജയമെന്നും ജയറാം പറയുന്നു.

AJILI ANNAJOHN :