തമിഴ് താരങ്ങള്‍ക്ക് പിന്നാലെ ജയസൂര്യയും; ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ജയസൂര്യയും വിനായകനും ഐശ്വര്യയും

തമിഴ് താരങ്ങള്‍ക്ക് പിന്നാലെ ജയസൂര്യയും; ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ജയസൂര്യയും വിനായകനും ഐശ്വര്യയും

കേരളത്തിലെ കാല വര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈ ത്താങ്ങുമായി തമിഴ് താരങ്ങള്‍ എത്തിയിരുന്നു. സഹോദരന്മാരായ കാര്‍ത്തിയും സൂര്യയും 25 ലക്ഷരൂപ കൊടുത്തപ്പോള്‍ കമല്‍ഹാസന്‍ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. തമിഴ് താരങ്ങള്‍ ഇത്രയും വലിയ തുക നല്‍കിയപ്പോള്‍ താര സംഘടനയായ അമ്മ ആകെ നല്‍കിയത് 10 ലക്ഷം രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാലിപ്പോള്‍ കുറച്ച് മലയാള താരങ്ങള്‍ കൂടി സഹായ ഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ്.

മഴക്കെടുതി വിതച്ച എറണാകുളം മാഞ്ഞൂരിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ജയസൂര്യ ദുരിതാശ്വാസ ക്യാമ്പിലെ ആളുകള്‍ക്ക് അരി വിതരണവും ചെയ്തു. കൂടുതല്‍ ആളുകള്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എത്തണമെന്നും ജയസൂര്യ അഭ്യര്‍ത്ഥിച്ചു. വെള്ളം കയറി അലങ്കോലമായ വീടുകള്‍ വൃത്തിയാക്കാന്‍ സഹായം നല്‍കുമെന്നും ജയസൂര്യ പ്രഖ്യാപിച്ചു.

ദുരന്ത നിവാരണത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൊണ്ടുമാത്രം മഴക്കെടുതി നേരിടാന്‍ കഴിയില്ലെന്നും അതിനായി കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ കൈകോര്‍ക്കണമെന്നും ജയസൂര്യ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ടെന്നും എന്നാല്‍ എല്ലാ പ്രവര്‍ത്തനത്തിനും സര്‍ക്കാരിനെ മാത്രം ചുമതലപ്പെടുത്തുന്നത് ശരിയല്ലെന്നും ജയസൂര്യ വ്യക്തമാക്കി.


മഴക്കെടുതി നേരിടാന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രളയ ദുരിതത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ആവുന്ന വിധം എല്ലാവരും സഹായം നല്‍കണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്നും വിനായകന്‍ പറഞ്ഞു. യുട്യൂബ് വീഡിയോയിലൂടെയാണ് വിനായകന്‍ ജനങ്ങളോടഭ്യര്‍ഥിച്ചത്. ഐശ്വര്യ ലക്ഷമിയും സഹായാഭ്യര്‍ത്ഥ നടത്തിയിരുന്നു.

Jayasurya visits flood affected area

Farsana Jaleel :