‘ദേഹത്ത് തൊട്ടുള്ള കളി വേണ്ട അതാരായാലും,’ -ഇർഷാദ് അലി

സംവിധായകന്‍ പ്രിയനന്ദനനെ ചാണകവെള്ളം ദേഹത്ത് ഒഴിച്ച ശേഷം തലയ്ക്ക് ആഞ്ഞടിച്ച ആക്രമിച്ചവര്‍ക്ക് താക്കീതുമായി നടന്‍ ഇര്‍ഷാദ് അലി. ‘ദേഹത്ത് തൊട്ടുള്ള കളി വേണ്ട. അതാരായാലും,’ എന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രിയനന്ദനനൊപ്പമുള്ള ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ന് രാവിലെയാണ് പ്രിയനന്ദനനു നേരെ ആക്രമണം ഉണ്ടായത്. തൃശൂരില്‍ അദ്ദേഹത്തിന്റെ വീടിനു സമീപത്ത് വച്ചായിരുന്നു ആക്രമണം. ചാണകവെള്ളം ദേഹത്ത് ഒഴിച്ച ശേഷം തലയ്ക്ക് ആഞ്ഞടിച്ചതായി പ്രിയനന്ദനന്‍ ആരോപിച്ചു.

തനിക്ക് നേരെ ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നാണ് പ്രിയനന്ദനന്റെ ആരോപണം. ”ഞാന്‍ പതിവായി രാവിലെ കടയിലേക്ക് പോകുന്നയാളാണ്. സാധാരണ രാവിലെ ഏഴ് മണിക്കാണ് പോകാറുളളത്. ഇന്ന് പോയപ്പോള്‍ ഒന്‍പത് മണിയായി. കടയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് ആക്രമണം ഉണ്ടായത്.’

‘കണ്ടാല്‍ അറിയാവുന്ന ആളാണ് ആക്രമണത്തിന് പിന്നില്‍. പ്രദേശത്തെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകനാണ് ഇയാള്‍. രാവിലെ മുതലേ തന്നെ കാത്ത് വഴിയരികില്‍ അടച്ചുവെച്ച ബക്കറ്റുമായി അയാള്‍ ഇരിപ്പുണ്ടായിരുന്നുവെന്നാണ് സംഭവം കണ്ട ഒരാള്‍ പറഞ്ഞത്,” എന്നും പ്രിയനന്ദനന്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് പ്രിയനന്ദനന്‍ ഇട്ട കുറിപ്പ് വലിയ വിവാദമായിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയരുകയും ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് പ്രിയനന്ദനന്‍ പിന്‍വലിക്കുകയും ചെയ്തു.

പ്രിയനന്ദനന് ഉണ്ടായിരുന്ന പൊലീസ് സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയാണ് ആക്രമണം. ആക്രമണത്തിന് പിന്നാലെ പ്രിയനന്ദനന്‍ ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ഈ ആക്രമണത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. എന്നാല്‍ ആർഎസ്എസ് പ്രവർത്തകനായ സരോവർ എന്നയാളാണ് പ്രിയനന്ദനനെ അക്രമിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

പ്രിയനന്ദനനുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ആളാണ് ഇര്‍ഷാദ് അലി. പ്രിയനന്ദനന്‍ സംവിധാനം ചെയ്ത നെയ്ത്തുകാരന്‍, സൂഫി പറഞ്ഞ കഥ എന്നീ ചിത്രങ്ങളില്‍ ഇര്‍ഷാദ് അലി അഭിനയിച്ചിട്ടുണ്ട്.

irshad ali’s fb post

HariPriya PB :