റാണി പത്മിനി ചിത്രത്തിന്റെ പരാജയം ഏറ്റുപറഞ്ഞ് ശ്യാം പുഷ്കരൻ

മലയാളത്തിന് പുതുമയുള്ളതും വ്യത്യസ്തവുമായ തിരക്കഥകൾ സമ്മാനിച്ച വ്യക്തിയാണ് ശ്യാം പുഷ്ക്കരൻ. സോൾട് ആൻഡ് പെപ്പർ, 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഇയ്യോബിന്റെ പുസ്തകം, റാണി പദ്മിനി,ഇടുക്കി ഗോൾഡ് ,മഹേഷിന്റെ പ്രതികാരം , മായാ നദി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും ,കുമ്പളങ്ങി നൈറ്സ് അങ്ങനെ നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച പുതിയ കാലത്തിന്റെ തിരക്കഥാ കൃത്താണ് ശ്യാം പുഷ്ക്കരൻ.

ഇപ്പോഴിതാ റാണി പദ്മിനി ചിത്രത്തിന്റെ പരാജയം ഏറ്റുപറഞ്ഞിരിക്കുകയാണ് ശ്യാം പുഷ്കരൻ. കഥയുടെ ബലക്കുറവും തിരക്കഥയുടെ പ്രശ്നങ്ങൾ മൂലവുമാണ് ആ സിനിമ മോശമായതെന്ന് ശ്യാം പറഞ്ഞു. അതുപോലെ തന്റെ ജീവിതത്തെക്കുറിച്ചും സിനിമയിൽ വന്നതിനെക്കുറിച്ചും താരം പങ്കു വച്ചു. റേഡിയോ മാംഗോക്ക് നൽകിയ അഭിമുഖത്തിലാണ് ശ്യാമിന്റെ തുറന്നുപറച്ചിൽ.

‘റാണി പദ്മിനിയുടെ ക്ലൈമാക്സ് ദാരുണമായിപ്പോയി എന്നു തോന്നിയിട്ടുണ്ട്. എന്റെ കഥയുടെ ബലക്കുറവും തിരക്കഥയുടെ പ്രശ്നങ്ങൾ മൂലവുമാണ് ആ സിനിമ മോശമായത്. റാണി പദ്മിനിയിൽ നിന്നു പഠിച്ച പാഠങ്ങളാണ് മഹേഷിൽ ഉപയോഗിച്ച് നന്നാക്കിയത്. ആ പരാജയമാണ് എന്നെ നല്ല തിരക്കഥാകൃത്താക്കി മുന്നോട്ട് നയിച്ചതെന്ന് പറയാം.’–ശ്യാം പറയുന്നു.

ശ്യാം പുഷ്ക്കരൻ പറയുന്നു

പ്ലസ് ടു കഴിയുമ്പോൾ നാട് വിടണമെന്ന് ആഗ്രഹിച്ചയാളാണ് ഞാൻ. വിദ്യാർഥികൾക്ക് സ്വാതന്ത്ര്യമുള്ള എവിടെയെങ്കിലും പോയി എന്തെങ്കിലും പഠിക്കണം എന്നായിരുന്നു ആഗ്രഹം. അങ്ങനെയാണ് മംഗലാപുരത്ത് എത്തിയത്. ഫൈൻ ആർട്സ് പഠിക്കാൻ ഞാനും സുഹൃത്തും തീരുമാനിച്ചു. എന്നാൽ അവസാനനിമിഷം സുഹൃത്ത് ചതിച്ചതുകൊണ്ട് ഫാഷൻ ഡിസൈനിങ്ങിൽ എത്തി. പിന്നീട് ഡൽഹിയിൽ ആറുമാസം ജോലി ചെയ്തു.

പിന്നീട് ബെംഗളുരുവിലെത്തി. അവിടെ ജോലിക്ക് പോകാതെ ‘രംഗ് ദേ ബസന്തി’ തിയറ്ററിൽ പോയിക്കണ്ടു. മൂന്ന് തവണ ചിത്രം കണ്ടതോടെ എനിക്കും സിനിമ ചെയ്യണമെന്ന് തോന്നി.

ബെംഗളൂരു വിട്ടതിന് ശേഷമാണ് സിനിമാ കോഴ്സ് തിരുവനന്തപുരത്ത് പോയി പഠിക്കാൻ തീരുമാനിച്ചത്. അവിടെ വന്ന ശേഷം ഫിലിം ഫെസ്റ്റിവൽ ആയി അങ്ങനെ സിനിമാജീവിതം മുന്നോട്ട്പോയി. അജ്മൽ സംവിധാനം ചെയ്ത റിങ് ടോൺ എന്ന സിനിമയിൽ ആദ്യമായി സംവിധാന സഹായിയായി. അതിനു ശേഷം ഗോവിന്ദൻകുട്ടി സംവിധാനം ചെയ്ത ത്രീ ചാർ സൗ ബീസ് എന്ന ചിത്രം. അതിൽ ഞാനും ദിലീഷ് പോത്തനും സംവിധാനസഹായികളാണ്. പിന്നീടാണ് ആഷിക്ക് അബുവിനെ പരിചയപ്പെടുന്നത്.’

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മുന്നിലാണ് ആദ്യമായി കഥ പറയാൻ ചെല്ലുന്നത്. സാള്‍ട്ട് ആൻഡ് പെപ്പർ സിനിമയാക്കാൻ വേണ്ടിയാണ് ഞാനും ദിലീഷ് നായരും ലിജോയെ കാണുന്നത്. കഥ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായി. ഒരുവർഷം കഴിഞ്ഞ് നമുക്ക് ചെയ്യാമെന്ന് പറഞ്ഞു. പക്ഷേ ഒരുവർഷം കാത്തിരിക്കാനുള്ള സമയം ഞങ്ങൾക്കില്ലായിരുന്നു.

അസി. ഡറക്ടകറായി ജോലി ചെയ്യുന്ന സമയത്താണ് ഭാര്യ ഉണ്ണി മായയെ പരിചയപ്പെടുന്നത്. അവൾ ആർക്കിടെക്റ്റ് ആയിരുന്നെന്നും ശ്യാം പുഷ്ക്കരൻ പറഞ്ഞു.

interview with shyam pushkaran

HariPriya PB :