സന്ദേശം എന്ന സിനിമയുടെ അവസ്ഥയിൽ നിന്ന് ഒരിഞ്ചു പോലും കേരളം മാറിയിട്ടില്ല -സത്യൻ അന്തിക്കാട്

മലയാളി കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് സത്യൻ അന്തിക്കാട്. കുടുംബ ചിത്രങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറായാണ് അദ്ദേഹം അറിയപ്പെടുന്നതു തന്നെ. ശബരിമലയെ മറയാക്കി കേരളത്തിലെ യഥാർത്ഥ വിഷയങ്ങളെ ജനങ്ങളിൽ നിന്ന് മറയ്ക്കുകയാണെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു സന്ദേശം എന്ന സിനിമയുടെ അവസ്ഥയില്‍ നിന്ന് ഒരിഞ്ചു പോലും കേരളം മാറിയിട്ടില്ലെന്നും പറയുകയാണ് സത്യന്‍ അന്തിക്കാട്. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ മനസു തുറക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സന്ദേശം എന്ന സിനിമയുടെ അവസ്ഥയില്‍ നിന്ന് ഒരിഞ്ചു പോലും കേരളം മാറിയിട്ടില്ല. സന്ദേശത്തില്‍ ശങ്കരാടി സ്വന്തം പാര്‍ട്ടിയിലെ അണികളോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ഒരു ചേരിയിലാണെങ്കിലും അവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്ന്. ഇപ്പോള്‍ കോണ്‍ഗ്രസ് പറയുന്നത് ശബരിമല വിഷയത്തില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നാണ്. സി.പി.എം പറയുന്നത് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും. പക്ഷേ ജനങ്ങളുടെ മനസില്‍ കൃത്യമായ ചില കണക്കു കൂട്ടലുകളുണ്ട്. അതിന്റെ പ്രതിഫലനങ്ങളാണ് പല സംസ്ഥാനങ്ങളിലും ഉണ്ടാകുന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍. ഇന്നത്തെ മൊത്തത്തിലുള്ള രാഷ്‌ട്രീയ സാഹചര്യങ്ങള്‍ വളരെ ദയനീയമാണ്.

ശബരിമല വിഷയത്തിന്റെ മറവില്‍ കേരളത്തിലെ യഥാര്‍ത്ഥ വിഷയങ്ങളൊക്കെ ചര്‍ച്ച ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. ഇവിടെ നടന്ന പ്രളയം പോലും ശബരിമല വിഷയത്തില്‍ മുങ്ങിപ്പോയില്ലേ? ഒരു ചൂടുള്ള വിഷയം കിട്ടുമ്ബോള്‍ മാദ്ധ്യമങ്ങള്‍ അതിന്റെ പിറകെ പോകുന്നു. അപ്പോള്‍ നിലവിലെ വിഷയത്തില്‍ നിന്ന് പൊതുജങ്ങളുടെ ശ്രദ്ധ മാറുകയും അതിന്റെ മറവില്‍ അഴിമതി നടക്കുകയും ചെയ്യുന്നു. ഞാന്‍ ശബരിമലയില്‍ പോകുന്ന വ്യക്തിയാണ്. ചെരുപ്പിടാതെ ആ കാനനപാതകള്‍ താണ്ടി സന്നിധാനത്ത് എത്തുമ്പോൾ നമ്മള്‍ സ്വയം നവീകരിക്കപ്പെടുന്ന അവസ്ഥയാണ്.

interview with sathyan anthikkad

HariPriya PB :