ആരെയെങ്കിലും സാമന്തയ്ക്ക് ഇഷ്ടമായാൽ അവരെ ആകാശത്തോളം ഉയരെ സ്നേഹിക്കും ഇഷ്ടപ്പെട്ടില്ലെങ്കിൽ നിങ്ങൾ പിന്നെ താഴെയാണ്-നാഗചൈതന്യ !!!

വിവാഹശേഷം നാഗചൈതന്യയും സാമന്തയും ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണ് മജിലി. വിവാഹം ചെയ്തതാണ് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്ന് പറയുകയാണ്. സാമന്ത അക്കിനേനി. വിവാഹശേഷം ഇരുവരും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം ‘മജിലി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാമന്ത.

രണ്ടുവർഷം മുൻപാണ് സാമന്തയും നാഗാർജനയുടെ മകനും നടനുമായ നാഗ ചൈതന്യയും വിവാഹിതരായത്. ബോയ് ഫ്രണ്ടായിരുന്ന നാഗ ചൈതന്യയേക്കാളും ഭർത്താവായ നാഗ് ചൈതന്യയെ താൻ പ്രണയിക്കുന്നുവെന്നും സാമന്ത കൂട്ടിച്ചേർത്തു.

വിവാഹശേഷം ‘മജിലി’യുടെ ഷൂട്ടിംഗിനു വേണ്ടി ഒന്നിച്ചുള്ള യാത്രകളും ഒന്നിച്ച് സമയം ചെലവഴിക്കുന്നതുമൊക്കെ പുതിയൊരു അനുഭവമായിരുന്നെന്നും സാമന്ത പറയുന്നു. പ്രൊഫഷണൽ ജീവിതവും സ്വകാര്യ ജീവിതവും ഒന്നിച്ചു കൊണ്ടുപോവാൻ കഴിയുന്നതിലെ സന്തോഷവും സാമന്ത പങ്കുവെച്ചു.

പ്രണയിക്കുമ്പോഴുള്ള അടുപ്പം വിവാഹത്തോടെ നഷ്ടമാകുന്നുവെന്നാണല്ലോ പൊതുവെ പറയാറുള്ളത്, നിങ്ങളുടെ കാര്യത്തിൽ അതെങ്ങനെയാണ് എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരുന്നു സാമന്തയുടെ ഉത്തരം. ” ഞാനിന്നലെ നാഗ ചൈതന്യയെ വിളിച്ചു, ആശ്ചര്യത്തോടെയാണ് അദ്ദേഹം ഫോണെടുത്തത്. ഞാനപ്പോൾ ഒരു ദേജാവു നിമിഷമാണ് ഒാർത്തത്, ഞങ്ങളൊന്നിച്ച് ‘യേ മായാ ചെസേവി’ൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന കാലം ഓർമ്മ വന്നു. ഞങ്ങൾ ഇപ്പോൾ വിവാഹിതരാണല്ലോ എന്നോർത്ത് പെട്ടെന്ന് അതിശയിച്ചു. ഒരുപാട് സന്തോഷം തോന്നി അപ്പോൾ. ഉടനെ തന്നെ ഞാൻ മനസ്സിൽ ദൈവത്തോട് നന്ദി പറഞ്ഞ് പ്രാർത്ഥിക്കുകയും ചെയ്തു. ഞാൻ ശരിക്കും സന്തോഷവതിയാണ്, ഈ വിവാഹം ഞാനെന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനമാണ്,”സാമന്ത പറഞ്ഞു.

ബാലൻസ്, സ്റ്റബിലിറ്റി- എന്നീ ഗുണങ്ങളാണ് ഭർത്താവായ നാഗ് ചൈതന്യയിൽ തനിക്കേറെയിഷ്ടമെന്നു തുറന്നുപറഞ്ഞ സാമന്ത, എല്ലാം ഏറെ പെർഫെക്റ്റ് ആവണമെന്ന അദ്ദേഹത്തിന്റെ ചിന്തകൾ ഇഷ്ടമല്ലെന്നും വെളിപ്പെടുത്തി. അതേ സമയം സോഷ്യൽ മീഡിയകളാൽ ഏറെ സ്വാധീനിക്കപ്പെട്ട വ്യക്തിയാണ് സാമന്തയെന്നും താൻ ഒരു ആന്റി സോഷ്യൽ വ്യക്തി ആയതിനാൽ തനിക്കത് മനസ്സിലാവുന്നില്ല, എന്നുമായിരുന്നു സാമന്തയിൽ ഇഷ്ടപ്പെടാത്തതെന്ത് എന്ന ചോദ്യത്തിന് നാഗ് ചൈതന്യയുടെ ഉത്തരം.

സാമന്തയിൽ നിന്നും ഉൾകൊള്ളാൻ ആഗ്രഹിക്കുന്ന ഗുണങ്ങൾ എന്തെന്ന ചോദ്യത്തിന് സാമന്തയുടെ എനർജി ലെവൽ എന്നായിരുന്നു നാഗ ചൈതന്യ ഉത്തരമേകിയത്. “നമ്മളെ നിഷ്പ്രഭമാക്കി കളയും സാമിന്റെ എനർജി. ആരെയെങ്കിലും സാമന്തയ്ക്ക് ഇഷ്ടമായാൽ അവരെ ആകാശത്തോളം ഉയരെ സ്നേഹിക്കും. ഇഷ്ടപ്പെട്ടില്ലെങ്കിൽ നിങ്ങൾ പിന്നെ താഴെയാണ്,” നാഗ് ചെൈതന്യ പറഞ്ഞു.

വിവാഹിതരായ ദമ്പതികളുടെ കഥ പറയുന്ന ചിത്രമാണ് ‘മജിലി’. ഭാര്യാ ഭർത്താക്കന്മാരായിട്ട് തന്നെയാണ് ഇരുവരും ചിത്രത്തിൽ അഭിനയിക്കുന്നത്. ശിവ നിര്‍വാണയാണ് ‘മജിലി’ സംവിധാനം ചെയ്തിരിക്കുന്നത്. വിശാഖപട്ടണമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണവും ഗോപി സുന്ദർ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രം നാളെ തിയേറ്ററുകളിലെത്തും.

interview with samantha and nagachaitanya


HariPriya PB :