‘എന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം ഓട്ടം സിനിമയില്‍’; രാജേഷ് ശര്‍മ്മ

പ്രേക്ഷകർക്ക് പരിചിതനായ നടനാണ് രാജേഷ് ശർമ്മ. മാര്‍ച്ച് എട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ചും തന്റെ ജീവിതത്തെ കുറിച്ചും സംസാരിക്കുകയാണ് രാജേഷ് ശർമ്മ. എന്റെ അഭിനയ ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രം ഓട്ടം സിനിമയിലാണെന്ന് പറയുകയാണ് രാജേഷ് ശർമ്മ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജേഷ് ശർമ്മ പറയുന്നു

‘തിരുവനന്തപുരം നഗരത്തിലെ ഒരു സാധാരണ ജീവിതം നയിക്കുന്ന ഗുണ്ടാ നേതാവാണ് എന്റെ കഥാപാത്രം. കൃത്യമായ അവതരണവും സൂക്ഷ്മമായ മാനറിസങ്ങളും ഉള്‍പ്പെടുത്തിയാണ് ഈ കഥാപാത്രത്തെ ഞാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമയുടെ ആത്മാവ് എന്നു പറയുന്ന ഒരു സീനില്‍ വളരെ പഞ്ചിംഗായിട്ടുള്ള ഡയലോഗും ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണ് പറയുന്നത്. ഇതുകൊണ്ടൊക്കെയാണ് ഓട്ടം ഈ വര്‍ഷത്തെ എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമാകുന്നത്.’

‘ഓട്ടത്തിന്റെ കഥ തിരക്കഥാകൃത്ത് വിശദീകരിക്കുമ്പോള്‍ എന്നെ മോഹിപ്പിച്ച ഒട്ടേറെ കഥാപാത്രങ്ങള്‍ കടന്നു വന്നിരുന്നു. മണികണ്ഠന്‍ ആചാരിയുടെ ‘കാറ്റ്’ എന്ന കഥാപാത്രം, അലന്‍സിയര്‍ അവതരിപ്പിച്ച ‘ചാച്ചപ്പന്‍’, സുധീര്‍ കരമന അവതരിപ്പിച്ച ‘ജങ്കാര്‍ ജോണി’…ഈ കഥാപാത്രങ്ങളൊക്കെ എന്നെ കൊതിപ്പിച്ചവയാണ്. സംവിധായകന്‍ സാമും തിരക്കഥാകൃത്ത് രാജേഷ് കെ നാരായണനും എനിയ്ക്ക് വേണ്ടി കരുതിയത് മറ്റൊരു പുതുമയുള്ള കഥാപാത്രത്തെയാണ്. തൊഴില്‍ മേഖലയില്‍ ഗുണ്ട എന്ന പേരാണുള്ളതെങ്കിലും പൊരുതി ജയിക്കാനുള്ള കരുത്ത് എങ്ങനെ നേടാമെന്ന തിരിച്ചറിവ് ഈ കഥാപാത്രത്തിനുണ്ട്.’

‘നാടക പ്രവര്‍ത്തനമാണ് എന്റെ മേഖല. കൊല്ലം പബ്ലിക് ലൈബ്രറിയുടെ കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന ‘സെന്റര്‍ ഫോര്‍ പെര്‍ഫോംമിങ്ങ് ആര്‍ട്‌സ്’ എന്ന പ്രസ്ഥാനമാണ് എന്റെ നാടക കളരി. കാവാലം, പി.ജി ഉണ്ണികൃഷ്ണന്‍, ചന്ദ്രദാസന്‍, രമേശ് വര്‍മ്മ, പി.ബാലചന്ദ്രന്‍ തുടങ്ങിയവരുടെ കീഴില്‍ പ്രവര്‍ത്തിച്ചതാണ്. എന്റെ നാടക പഠന കാലം. പിന്നീട് ഒട്ടേറെ നാടകങ്ങളില്‍ അഭിനയിക്കുകയും നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുകയുമുണ്ടായി. ഒട്ടേറെ ക്ലായിക് ഡ്രാമകളില്‍ അഭിനയിച്ചു. ഈഡിപ്പസ്സ്, മീഡിയ, ഭഗവത് അജംഗം, സി.ജെ തോമസിന്റെ ‘ക്രൈം’, ഗിരിഷ് കര്‍ണ്ണാടിന്റെ നാഗമണ്ഡല, വിജയ് തെന്‍ഡുല്‍ക്കറിന്റെ കമല തുടങ്ങിയവ ഇതില്‍ ചിലതാണ്.’

‘ശുദ്ധമദ്ദളം’ ഞാനും അമല്‍ രാജും ചേര്‍ന്ന് ചെയ്ത നാടകമാണ്. കുട്ടികളുടെ നാടക രംഗത്തും പ്രവര്‍ത്തിച്ചു. ഡോ. ബിജു സംവിധാനം ചെയ്ത ‘സൈറ’യാണ് ആദ്യ ചിത്രം. പിന്നീടങ്ങോട്ട് രാജീവ് രവിയുടെ അന്നയും റസൂലും, ഹോംലി മീല്‍സ്, ആനന്ദം, ജോസഫ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞു. ഫഹദ് ഫാസിലിന്റെ അതിരന്‍, ദിലീപ് നായകനാകുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍, നിഷാദ് ,സംവിധാനം ചെയ്യുന്ന ‘തെളിവ്’, സുനില്‍ കാര്യാട്ടുകരയുടെ ‘പിക്കാസോ’, ടൊവീനോ നായകനാകുന്ന ‘ലൂക്കാ’ തുടങ്ങിയവയാണ് ഇനി എന്റേതായി പുറത്തിറങ്ങാനുള്ള സിനിമകള്‍.

‘പുതിയ സംവിധായകരുടെയും പുതിയ സിനിമകളുടെയും ഭാഗമാകാനും, എനിക്ക് വേണ്ടി ചില കഥാപാത്രങ്ങളെ കരുതി വയ്ക്കുകയും ചെയ്യുന്നു എന്നതാണ് എനിക്ക് കിട്ടിയ അംഗീകാരമായി കാണുന്നത്. ഓട്ടം എന്ന ചിത്രം തിയേറ്ററുകളില്‍ പുതിയ ഒരു അനുഭവം പ്രേക്ഷകര്‍ക്ക് നല്‍കമെന്നതില്‍ എനിയ്ക്ക് സംശയമില്ല. കാരണം, യഥാര്‍ത്ഥ ജീവിതമാണ് ഓട്ടത്തില്‍ ആവിഷ്‌കരിച്ചിരിയ്ക്കുന്നത്. നിറം പിടിപ്പിച്ച യാഥാര്‍ത്ഥ്യമല്ല പച്ചയായ ജീവിതമാണ് ഓട്ടം. കേരളത്തിലെ നവ സിനിമകളില്‍ ഓട്ടം ശ്രദ്ധേയമായി മാറും എന്നതുകൊണ്ട്, മാര്‍ച്ച് എട്ട് എന്ന ദിവസം ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.’

‘തോമസ് തിരുവല്ലയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഒരു പ്രമേയം അവതരിപ്പിക്കാന്‍ അദ്ദേഹം കാണിച്ച ധൈര്യം എടുത്തു പറയേണ്ടതാണ്. മാറുന്ന മലയാള സിനിമയുടെ ശക്തി തോമസ് തിരുവല്ലയെ പോലുള്ള നിര്‍മ്മാതാക്കളാണ്. ഓട്ടം പുതിയ ഒരു ട്രെന്‍ഡ് സെറ്ററാകുമെന്ന പ്രതീക്ഷയിലാണ് ഞാന്‍.’ രാജേഷ് ശര്‍മ്മ പറഞ്ഞു.

സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് ഓട്ടം സിനിമയിൽ പറയുന്നത്. ജയവും പരാജയവും ജീവിതത്തിലെ വേര്‍തിരിക്കാനാവാത്ത രണ്ട് അവസ്ഥകളാണ്. ഈ ചിന്തയാണ് ഓട്ടം സിനിമയുടെ ആശയം.

കളിമണ്ണില്‍ ബ്ലെസിയുടെ അസോസ്സിയേറ്റായിരുന്ന സാം ആണ് സംവിധായകന്‍. കഥയും തിരക്കഥയും എഴുതുന്ന രാജേഷ് കെ നാരായണന്റെ ആദ്യ ചിത്രമാണിത്. നാഷണല്‍ അവാര്‍ഡ് ജേതാവായ രാജാമുഹമ്മദിന്റെ അസോസിയേറ്റ് എഡിറ്ററായ വി.എസ്സ് വിശാല്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. മലയാളത്തില്‍ ആദ്യമായി വിശാല്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. മഴവില്‍ മനോരമയിലെ നായിക-നായകന്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് കണ്ടെത്തിയ നന്ദു ആനന്ദും റോഷന്‍ ഉല്ലാസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായികമാരായി എത്തുന്ന രേണു, മാധുരി, സാന്ദ്ര തുടങ്ങിയവരും പുതുമുഖങ്ങളാണ്.

interview with rajesh sharmma

HariPriya PB :