നായികായാവുന്നതിൽ എന്തിരിക്കുന്നു-കവിയൂർ പൊന്നമ്മ !

വളരെ ചെറുപ്രായത്തിലേ സിനിമയിലെത്തിയ കവിയൂർ പൊന്നമ്മ മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. ഒട്ടുമിക്ക സിനിമകളിലും അമ്മയായി അഭിനയിച്ച കവിയൂർ പൊന്നമ്മ നായികയാവുന്നതിൽ ഒരു കാര്യവുമില്ലെന്ന് പറയുകയാണ്.

മോഹൻലാലിൻറെ അമ്മയായി മലയാളികളുടെ മനസ്സിൽ തറഞ്ഞു പോയ മുഖമാണ് കവിയൂർ പൊന്നമ്മയുടേത്. വളരെ ചെറുപ്രായത്തിൽ തന്നെ അമ്മയായി അഭിനയിച്ചു. 19 വയസ്സുള്ളപ്പോഴാണ് കുടുംബിനി എന്ന ചിത്രത്തിൽ നസീറിന്റെയും മധുവിന്റെയും അമ്മയായി ആദ്യം അഭിനയിക്കുന്നത്. എന്നാൽ അമ്മയാകുന്നതിൽ കവിയൂർ പൊന്നമ്മയ്‍ക്ക് ഒരു സങ്കടവുമില്ല. നായികയാവുന്നതിൽ ഒരു കാര്യവുമില്ല. അഭിനയമാണ്. പൊന്നമ്മ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

കുടുംബിനി (1964ലെ നസീര്‍-ഷീല ചിത്രം) എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഒരു നിര്‍മ്മാതാവില്‍ നിന്നും നേരിട്ട ദുരനുഭവത്തേക്കുറിച്ചും കവിയൂർ പൊന്നമ്മ വെളിപ്പെടുത്തൽ നടത്തി.

മദ്രാസില്‍ കുടുംബിനിയുടെ ഷൂട്ടിങ്ങിനിടിയില്‍ ഒരു പ്രൊഡ്യൂസര്‍ പറഞ്ഞു. എന്തിനാണ് ഹോട്ടലില്‍ താമസിച്ച് പൈസ കളയുന്നത്. നമുക്ക് ഓഫീസിലേക്ക് മാറാം. ഞാന്‍ പറഞ്ഞു നടക്കില്ല സാറേ. ഉം എന്തേ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, നടക്കില്ല അത്ര തന്നെ. വൈജയന്തിമാല പോലും പറയില്ലല്ലോ ഇങ്ങനെയെന്ന് അയാള്‍. ‘വൈജയന്തി മാല പറയുവോ എന്നെനിക്കറിയില്ല, ഞാന്‍ പറയും എനിക്ക് പറ്റില്ലാന്ന്’ എന്ന് മറുപടി കൊടുത്തു.   

സിനിമാരംഗത്ത് തുറന്നുപറച്ചിലുകള്‍ നടത്തുന്നതിനേക്കുറിച്ചുള്ള ചോദ്യത്തിന് ‘അതെല്ലാം അങ്ങനെ നടക്കുന്നവര്‍ക്കായിരിക്കും’ എന്ന മറുപടിയാണ് അരനൂറ്റാണ്ടിലധികമായി സിനിമാരംഗത്ത് തുടരുന്ന നടി നല്‍കിയത്. എന്തായിരുന്നാലും വേണ്ടില്ല സിനിമയില്‍ കേറിയേ പറ്റൂ എന്ന് പറഞ്ഞ് നടക്കുന്നവരെ ചിലപ്പോള്‍ ദുരുപയോഗം ചെയ്യുമെന്നും കവിയൂര്‍ പൊന്നമ്മ കൂട്ടിച്ചേര്‍ത്തു.

നടി കെപിഎസി ലളിത അന്തരിച്ച നടന്‍ അടൂര്‍ ഭാസിയ്‌ക്കെതിരെ നടത്തിയ ആരോപണം താന്‍ വിശ്വസിക്കില്ലെന്നും കവിയൂര്‍ പൊന്നമ്മ പറഞ്ഞു.

അങ്ങേര് പാവം മനുഷ്യനാ, അങ്ങേരെക്കൊണ്ട് അതിനൊന്നും പറ്റില്ല. ഛെ.. ഞാന്‍ വിശ്വസിക്കില്ല. അങ്ങേര്‍ക്ക് അതൊന്നും പറ്റില്ലാന്നുള്ളത് ഇന്‍ഡസ്ട്രി മുഴുവന്‍ അറിയാമായിരുന്ന ഒരു കാര്യമാണ്. പിന്നെ എങ്ങിനെയാ നമ്മളത് വിശ്വസിക്കുക. എനിക്കറിയില്ല. 

അതിക്രമങ്ങളേക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ടുള്ള മീടൂ മുന്നേറ്റത്തിന്റെ സമയത്താണ് കെപിഎസി ലളിത അടൂര്‍ ഭാസിയ്‌ക്കെതിരെ ആരോപണമുന്നയിച്ചത്. ‘മരിച്ചതിന് ശേഷവും ഞാന്‍ പറയുന്നു. സിനിമാരംഗത്ത് എന്നെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചിട്ടുള്ളത് അടൂര്‍ ഭാസിയാണ്.’ എന്ന് നടി ആവര്‍ത്തിക്കുകയുണ്ടായി.

interview with kaviyoor ponnamma

HariPriya PB :