കിം കി ഡുക്കിന്റെ അവസാന സിനിമയായ ‘കാള്‍ ഓഫ് ഗോഡി’ന്റെ ആദ്യ പ്രദര്‍ശനം ഇന്ന്; ഐഎഫ്എഫ്‌കെയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്നത് 66 ചിത്രങ്ങള്‍

രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്റെ അവസാന സിനിമയായ ‘കാള്‍ ഓഫ് ഗോഡി’ന്റെ ആദ്യ പ്രദര്‍ശനം ഇന്ന്. ഇതുള്‍പ്പെടെ 66 ചിത്രങ്ങള്‍ ഇന്ന് ആസ്വാദകര്‍ക്ക് കാണാം. 11 മത്സര ചിത്രങ്ങളും ഇന്ന് പ്രദര്‍ശിപ്പിക്കും.

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘വഴക്ക്’, ലിജോ ജോസ് പെല്ലിശേരിയുടെ ‘നന്‍പകല്‍ നേരത്തു മയക്കം’ എന്നീ ചിത്രങ്ങളുടെ രണ്ടാം പ്രദര്‍ശനം ഉള്‍പ്പെടെ 10 മലയാള ചിത്രങ്ങളാണ് ഇന്ന് പ്രേക്ഷകര്‍ക്കു മുന്നിലെത്തുക.’ഫ്രീഡം ഫൈറ്റ്’, ‘പട’,’നോര്‍മല്‍’ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.

അന്തരിച്ച എഴുത്തുകാരന്‍ ടിപി രാജീവനു പ്രണാമം അര്‍പ്പിച്ചു ഹോമജ് വിഭാഗത്തില്‍ ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’യുടെ പ്രദര്‍ശനവും ഇന്നു നടക്കും.

മത്സര ചിത്രങ്ങളായ ‘കെര്‍’,’എ പ്ലേസ് ഓഫ് അവര്‍ ഓണ്‍’ എന്നിവയുടെ ആദ്യ പ്രദര്‍ശനവും ‘ക്ലോണ്ടൈക്’,’ഹൂപ്പോ’ എന്നിവയുടെ അവസാന പ്രദര്‍ശനവും ഇന്നാണ്. മത്സര വിഭാഗത്തില്‍ തുര്‍ക്കി ത്രില്ലര്‍ ചിത്രം ‘കെര്‍’, ഹിന്ദി ചിത്രം ‘ഏക് ജഗഹ് അപ്‌നി’ എന്നിവയുടെ ആദ്യ പ്രദര്‍ശനവും ഇന്നാണ്.

സൗത്ത് ആഫ്രിക്കന്‍ ചിത്രം ‘സ്റ്റാന്‍ഡ് ഔട്ട്’, ഫ്രഞ്ച് ചിത്രം ‘ട്രോപിക്’, സൈക്കളോജിക്കല്‍ ത്രില്ലര്‍ ‘ബറീഡ്’, മിയ ഹാന്‍സെന്‍ ലൗ ചിത്രം ‘വണ്‍ ഫൈന്‍ മോണിങ്’ തുടങ്ങി 20 സിനിമകളാണ് ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.

ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ ബേലാ താറിന്റെ ‘വെര്‍ക്‌മെയ്സ്റ്റര്‍ ഹാര്‍മണീസ്’, ജോണി ബെസ്റ്റ് തത്സമയ സംഗീതം ഒരുക്കുന്ന ‘ഫാന്റം കാര്യേജ് ‘, സെര്‍ബിയന്‍ ചിത്രം ‘ഫാദര്‍’ എന്നിവയുടെ പ്രദര്‍ശനവും ഇന്ന് നടക്കും.

Vijayasree Vijayasree :