അവിടെ വെച്ച് ഞങ്ങൾ നിങ്ങൾക്ക് മാനവികത വിളമ്പും … അതും തിന്ന് ഒരക്ഷരം മിണ്ടാതെ ഏമ്പക്കം വിട്ട് സ്തുതി പാട്ടും പാടി പോയ്ക്കോണം.. പോസ്റ്റർ വിവാദത്തിൽ പരിഹസിച്ച് ഹരീഷ് പേരടി

ഹരീഷ് പേരടി നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദാസേട്ടന്റെ സൈക്കിൾ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. കേരളത്തിലെ പ്രമുഖ രാഷ്‌ട്രീയ നേതാക്കളാണ് പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ പോസ്റ്റര്‍ സിപിഎം നേതാവ് എം എ ബേബി ഫേസ്ബുക്കിൽ പങ്കുവച്ചതിന് പിന്നാലെ വിവാദവും തിരികൊളുത്തിയിരുന്നു.

ദാസേട്ടന്റെ സൈക്കിള്‍ എന്ന പുതിയ സിനിമയുടെ പോസ്റ്ററാണ് എം എ ബേബി പങ്കുവെച്ചത്. എന്നാൽ ഇതിന് പിന്നാലെ ഇടത് സൈബർ ഇടങ്ങിൽ വ്യാപകമായ പ്രതിഷേധം ഉയർന്നു. ഇടത്, പാർട്ടി, സർക്കാർ വിരുദ്ധതപറയുന്ന ഹരീഷ് പേരടിയുടെ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത് ശരിയായില്ല എന്നായിരുന്നു വിമർശനം. ഇതിന് പിന്നാലെ വിശദീകരണവുമായി എംഎ ബേബി എത്തുകയും ചെയ്തു. ഇപ്പോഴിതാ ഇത്തരം അസഹിഷ്ണുതകളെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി. കുറിപ്പിൽ എംഎ ബേബിയെ വിമർശിച്ച ഇടതു സൈബറിടങ്ങളെ ട്രോളുകയാണ് താരം.

ഹരീഷിന്റെ കുറിപ്പിങ്ങനെ…നമുക്ക് അതിരാവിലെ എഴുന്നേറ്റ് ബിബിസിയുടെ ഡോക്യൂമെന്ററി പ്രദർശിപ്പിക്കാനുള്ള സ്ഥലം നോക്കാം…ആവിഷ്ക്കാര സ്വാതന്ത്ര്യം പുത്തോ എന്നും സഹിഷ്ണുത പൂവിട്ടോ എന്നും നോക്കാം….അവിടെ വെച്ച് ഞങ്ങൾ നിങ്ങൾക്ക് മാനവികത വിളമ്പും … അതും തിന്ന് ഒരക്ഷരം മിണ്ടാതെ ഏമ്പക്കം വിട്ട് സ്തുതി പാട്ടും പാടി പോയ്ക്കോണം..
അതല്ലാതെ വെറെ എവിടെ യെങ്കിലും ആവിഷ്ക്കാര സ്വാതന്ത്ര്യവും സൗഹ്യദവും മാനവികതയും ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ…അത് ഏത് വലിയ നേതാവാണെങ്കിലും ഞങ്ങൾ തറവാടികളായ കമ്മ്യൂണിസ്റ്റ് കുലമാടമ്പികളാകും…ഉത്തരകൊറിയിസം നീണാൾ വാഴട്ടെ..

അതേസമയം, ‘ദാസേട്ടന്റെ സൈക്കിൾ’ എന്ന മലയാളസിനിമയുടെ പോസ്റ്റർ അതിന്റെ സംവിധായകന്റെ അഭ്യർത്ഥനപ്രകാരം ഞാനെന്റെ ഫേസ്ബുക്കിൽ പങ്കുവക്കുകയുണ്ടായി എന്ന് പറഞ്ഞാണ് എം എ ബേബിയുടെ വിശദീകരണം.

‘ഇടതുപക്ഷ വിരുദ്ധന്റെ’ സിനിമക്ക് ഞാനെന്തിനു പ്രചാരണം നൽകുന്നു എന്ന ചോദ്യം സാമൂഹ്യമാദ്ധ്യമങ്ങളിൽ പലരും ഉയർത്തിയത് എനിക്ക് ചില സുഹൃത്തുക്കൾ അയച്ചുതരികയുണ്ടായി. ജയപ്രകാശ് കുളൂരിന്റെ ‘അപ്പുണ്ണികളുടെ റേഡിയോ’ എന്ന ഒരു നാടകമാണ് അപ്പുണ്ണി ശശി, ഹരീഷ് പേരടി എന്നീ നടന്മാരുമായി എനിക്കുള്ള സൗഹൃദം ഉറപ്പിച്ചത്. പ്രഗൽഭരായ ആ രണ്ടുനടന്മാരും പുതിയ ഉയരങ്ങൾ കീഴടക്കുന്നുവെന്ന് കേൾക്കാനല്ലാതെ അവരുടെ ചലച്ചിത്രജീവിതം സിനിമകണ്ട് വിലയിരുത്താൻ എനിക്ക് അവസരം കിട്ടിയില്ല.

അങ്ങനെയിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഹരീഷിന്റെ അഭ്യർത്ഥന- ചലച്ചിത്ര നിര്‍മാതാവായി തന്റെ ആദ്യസംരഭത്തിന്റ പോസ്റ്റർ ഒന്നു റിലീസ് ചെയ്യണം. 12ന് ആന്ധ്രയിലെ വിജയവാഡയിലാണെന്നുപറഞ്ഞപ്പോൾ പ്രശ്‍നമില്ല, ഫേസ് ബുക്കിൽമതി എന്നറിയിച്ചു.

ഇതാണ് സംഭവിച്ചത്. എനിക്കും എന്റെ പാർട്ടിക്കും യോജിക്കാൻ കഴിയാത്ത കാര്യങ്ങൾ ഹരീഷ് പറഞ്ഞിട്ടുണ്ടെങ്കിൽ, അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റർ എന്റെ ഫേസ്ബുക്കിൽവന്നതോടെ, അത്തരം നിലപാടുകൾക്ക് ഞാൻ അംഗീകാരം കൊടുത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല. രാഷ്ട്രീയാതീതമായി കലാസാഹിത്യമേഖലകളിൽ വിമർശനപരമായ സഹകരണം സാദ്ധ്യമാവണം എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന നിലപാട്. എം എ ബേബിയെ പിന്തുണച്ചും വിമര്‍ശിച്ചും ഒട്ടേറെ പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. വിവിധ രാഷ്‍ട്രീയ നേതാക്കള്‍ ആയിരിക്കും ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്യുക എന്ന് ഹരീഷ് പേരടി നേരത്തെ അറിയിച്ചിരുന്നു.

അഖില്‍ കാവുങ്കല്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും. ഹരീഷ് പേരടിക്കൊപ്പം, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവരും നിര്‍മാണത്തില്‍ പങ്കാളികളാണ്. രാഹുല്‍ സി വിമലയാണ് ഛായാഗ്രാഹണം. നൗഫല്‍ പുനത്തിലാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍.

AJILI ANNAJOHN :