ഹനുമാന്റെ ചിത്രീകരണത്തിനിടെ എല്ലുകള്‍ ഒടിഞ്ഞു, കണ്ണിന് പരിക്കേറ്റു; കാഴ്ച പഴയപോലെയാവണമെങ്കില്‍ ഉടന്‍ ശസ്ത്രക്രിയ വേണം; നടന്‍ തേജ സജ്ജ

ഇക്കഴിഞ്ഞ പൊങ്കല്‍ റിലീസ് ആയി തിയേറ്ററുകളിലെത്തിയ ചിത്രമാണ് പ്രശാന്ത് വര്‍മ സംവിധാനം ചെയ്ത ഹനുമാന്‍. തേജ സജ്ജ നായകനായി എത്തിയ ചിത്രം ആഗോളതലത്തില്‍ 150 കോടി രൂപയാണ് സ്വന്തമാക്കിയത്. നിരവധി സാഹസിക രംഗങ്ങളുള്ള സൂപ്പര്‍ഹീറോ ചിത്രമായാണ് ഹനുമാനെ പ്രശാന്ത് വര്‍മ പുറത്തിറക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ കണ്ണിന് പരിക്കേറ്റതിനെക്കുറിച്ച് പറയുകയാണ് തേജ സജ്ജ.

‘ഹനുമാന്റെ ചിത്രീകരണത്തിനിടെ എല്ലുകള്‍ ഒടിഞ്ഞിരുന്നു. പരിക്കുകള്‍ ഇപ്പോഴുമുണ്ട്. ഇടയ്ക്ക് വലതുകണ്ണിന്റെ കോര്‍ണിയയ്ക്ക് പരിക്കേറ്റു. ഈ മുറിവ് ഉണങ്ങുന്നതേയുള്ളൂ. കഥാപാത്രത്തിനായ് കണ്ണില്‍ ഉപയോഗിച്ച ചുവന്ന ലെന്‍സ് കാരണമുണ്ടായതാണ് കോര്‍ണിയയിലെ പരിക്ക്.

കൂടാതെ ഒരുപാട് പൊടിയും ചെറിയ കല്ലുമെല്ലാം കണ്ണില്‍ വീണു. വേദനാജനകമായിരുന്നു അത്. കാഴ്ച പൂര്‍ണമായും പഴയപോലെയാവണമെങ്കില്‍ ഉടനേതന്നെ ശസ്ത്രക്രിയ ചെയ്യണം.’ എന്നും താരം പറഞ്ഞു.

ഇങ്ങനെയൊക്കെയാണെങ്കിലും ഹനുമാന്‍ സിനിമയുടെ ചിത്രീകരണത്തിന്റെ ഓരോ നിമിഷവും താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് തേജ സജ്ജ പറഞ്ഞു. സ്വന്തം രക്തവും വിയര്‍പ്പും കൊടുത്തു എന്ന് പലരും ആലങ്കാരികമായി പറയാറുണ്ട്. പക്ഷേ ഈ സിനിമയ്ക്കുവേണ്ടി എല്ലാവരും അതുതന്നെ ചെയ്തു. സ്‌നേഹത്തിന്റെയും വേദനയുടെയും സത്യസന്ധതയുടെയും അധ്വാനമാണ് ഹനുമാന്‍ എന്ന ചിത്രമെന്നും തേജ കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :