വ്യാജ സംഘടനയുടെ നീക്കം ഗൗരവത്തോടെ കാണുന്നു – ഫെഫ്ക

ഫെഫ്കയുടെ പേരില്‍ വ്യാജകാര്‍ഡുകളുമായി ഗുണ്ടായിസം നടത്തുന്നവര്‍ക്കെതിരെ ഫെഫ്ക രംഗത്ത് . ഇത്തരത്തില്‍ വ്യാജ കാര്‍ഡുമായി വാഗ്ദാനം നല്‍കി പണപ്പിരിവ് നടത്തുകയും ഗുണ്ടായിസം നടത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടത് കൊണ്ടാണ് ഫെഫ്ക മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ അംഗങ്ങള്‍ ജാഗരൂകമാകണമെന്നും ഫെയ്സ് ബുക്ക് പോസ്റ്റില്‍ ഓര്‍മ്മപ്പെടുത്തുന്നു.രണ്‍ജി പണിക്കര്‍ ആണ് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ ഇപ്പോഴത്തെ പ്രസിഡന്റ്. ഈ വര്‍ഷം ആദ്യത്തില്‍ എറണാകുളം ടൗണ്‍ ഹാളില്‍ ചേര്‍ന്ന ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.


പോസ്റ്റിന്റെ പൂര്‍ണരൂപം….

ബഹുമാനപ്പെട്ട ഫെഫ്ക അംഗങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധക്ക്.. ഈ അടുത്ത കാലത്ത് സിനിമ സംഘടനകള്‍ എന്ന പേരില്‍ ചില വ്യാജ സംഘടനകള്‍ പൊട്ടി മുളച്ചത് ശ്രദ്ധയില്‍പ്പെടുകയുണ്ടായി. അതില്‍ അവസാനത്തേതിന് പേര് കൊണ്ട് ഫെഫ്കയോട് സാമ്യമുണ്ടായത് തികച്ചും യാദൃശ്ചികം എന്ന് കരുതുക വയ്യ. അതുകൊണ്ട് തന്നെ, അതീവ ഗൗരവത്തോടെ സംഘടന അതിനെ കാണുന്നു. ഒരു തരത്തിലുള്ള അഫിലിയേഷനോ, രജിസ്ട്രേഷനോ ഇല്ലാതെയാണ് ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

സിനിമാ സംഘടനയെന്ന് തെറ്റിദ്ധരിച്ചു വരുന്നവരോടെല്ലാം ഒരു മാനദണ്ഡവും നോക്കാതെ കാശ് വാങ്ങി കാര്‍ഡ് നല്‍കുന്നതോടെ യഥാര്‍ഥ സിനിമ പ്രവര്‍ത്തകരായ നമുക്ക് സമൂഹത്തില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പല തരത്തിലാണ്. മേല്പറഞ്ഞ വ്യാജ കാര്‍ഡ് കൈക്കലാക്കുന്നവര്‍ കേരളത്തിനകത്തും രാജ്യത്തിന് പുറത്തും നടത്തുന്ന പലവിധത്തിലുള്ള തട്ടിപ്പുകള്‍, സിനിമയില്‍ അഭിനയിപ്പിക്കാം എന്ന് വാഗ്ദാനം നല്‍കി പണപ്പിരിവ്, സ്ത്രീകളോട് മോശമായി പെരുമാറുക, ഗുണ്ടായിസം തുടങ്ങി സിനിമാപ്രവര്‍ത്തകര്‍ക്ക് അവമതിപ്പുണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാവുന്നത് ഖേദകരമാണ്. അംഗങ്ങള്‍ ജാഗരൂകരാകണമെന്ന് ഓര്‍മ്മപ്പെടുത്തുന്നതിനൊപ്പം കൂടുതല്‍ വിവരങ്ങള്‍ കിട്ടിയാല്‍ സംഘടനയെ അറിയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു, ഫെഫ്ക കുറിപ്പില്‍ പറയുന്നു.

fefka against fake associations

Sruthi S :