നോട്ടുനിരോധനത്തിന് ശേഷം വന്‍ തോതില്‍ കള്ളപ്പണം; നാല് മുന്‍നിര നിര്‍മാതാക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇഡി

സിനിമാ നിര്‍മ്മാണത്തിന് വിനിയോഗിച്ച തുകയുടെ സ്രോതസ്സ് വെളിപ്പെടുത്താന്‍ തയ്യാറാവാത്ത നിര്‍മ്മാണ കമ്പനികള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയ്‌ക്കൊരുങ്ങുന്നു. മലയാളത്തിലെ നാല് മുന്‍നിര നിര്‍മ്മാതാക്കള്‍ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ് നല്‍കിയത്.

ആദായനികുതി വകുപ്പിന്റെ പരിശോധനകള്‍ക്ക് ശേഷമാണ് ഇ ഡി നോട്ടിസ് നല്‍കിയത്. ഇവരില്‍ നിര്‍മ്മാതാവ് കൂടിയായ നടന്‍ 20 കോടി രൂപ പിഴയടച്ച് തുടര്‍നടപടികള്‍ ഒഴിവാക്കി. ബാക്കി മൂന്ന് നിര്‍മ്മാതാക്കളെയും അടുത്ത ദിവസങ്ങളില്‍ ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.

നോട്ടുനിരോധനത്തിന് ശേഷവും മലയാള സിനിമയില്‍ വന്‍ തോതില്‍ കള്ളപ്പണം വിനിയോഗിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പും ഇ ഡിയും പരിശോധനകളും പ്രോസിക്യൂഷന്‍ നടപടികളും വേഗത്തിലാക്കുന്നത്.

ഇന്ത്യയുടെ സിനിമാ വ്യവസായത്തിന്റെ വലുപ്പം നോക്കുമ്പോള്‍ അത്രവലിയ മാര്‍ക്കറ്റ് അല്ലാതിരുന്നിട്ട് കൂടി മലയാള സിനിമാ വ്യവസായത്തില്‍ ഇത്രയധികം കള്ളപ്പണം ഇറക്കുന്നത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്.

Vijayasree Vijayasree :