‘എന്റെ മാതാപിതാക്കൾക്ക് ഒരിക്കലും നാണക്കേടുണ്ടാക്കരുതെന്ന് കരുതി’ ; സിനിമയിലെത്തി ഏഴ് വർഷം തികഞ്ഞ ദുൽഖർ തന്റെ ജീവിതം മാറ്റിമറിച്ച കാലത്തെക്കുറിച്ച് പറയുന്നു

മലയാളികൾ സ്നേഹപൂർവ്വം കുഞ്ഞിക്ക എന്ന് വിളിക്കുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍.മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകൻ. സിനിമയിലെത്തി വളരെ പെട്ടന്ന് തന്നെ അഭിനയ മികവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ട താരമാണ് ദുൽഖർ സൽമാൻ. താരം സിനിമയിലെത്തിയിട്ട് ഏഴു വര്‍ഷം തികയുകയാണ്. മലയാളവും തമിഴും തെലുങ്കും കടന്ന് ബോളിവുഡില്‍ വരെ എത്തിയ ദുല്‍ഖറിന്റെ വളര്‍ച്ച വേഗത്തിലായിരുന്നു. അഭിനയത്തിന്റെ ഏഴാം വര്‍ഷത്തിലെത്തി നിൽക്കുമ്പോൾ ആ യാത്രയെപ്പറ്റി പങ്ക് വയ്ക്കുകയാണ് താരം ഒപ്പം തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും ആരാധകരോട് നന്ദി പറയുകയാണ് ദുല്‍ഖര്‍. ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ദുല്‍ഖറിന്റെ നന്ദി പ്രകടനം.

ഏഴു വര്‍ഷം മുൻപ് ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രം സെക്കന്റ് ഷോയിലൂടെയാണ് ദുല്‍ഖര്‍ സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. 2012 ഫെബ്രുവരി മൂന്നിനാണ് ചിത്രം തീയറ്ററുകളിലെത്തിയത്. സെക്കന്റ് ഷോയിൽ അഭിനയിക്കുമ്പോഴുണ്ടായിരുന്ന മനോവികാരവും താരം കുറിച്ചു.

ദുൽഖറിന്റെ പോസ്റ്റ്

‘എന്റെ ആദ്യ ചിത്രം റിലീസ് ചെയ്തിട്ട് ഇന്ന് ഏഴു വര്‍ഷം തികയുന്നു. ഒരു വിരോധാഭാസമെന്ന പോലെ അതിന്റെ പേര് സെക്കന്‍ഡ് ഷോ എന്നായിരുന്നു. ആ ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് അനുഭവിച്ച അത്രയും ഭയം ഒരിക്കലും ഞാന്‍ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ല. അനാവശ്യമായ സമ്മര്‍ദ്ദമായിരുന്നു അന്ന് ഞാന്‍ എനിക്കുമേല്‍ ചെലുത്തിയത്. ഒരു ചുവടു പോലും തെറ്റായി പോകരുതെന്ന തോന്നലായിരുന്നു. അതിലുപരി എന്റെ മാതാപിതാക്കള്‍ക്ക് ഒരിക്കലും നാണക്കേടാവരുതെന്നും.’

‘എന്നാല്‍ ആ സിനിമയോട് യെസ് പറഞ്ഞ സമയം തൊട്ട് എല്ലാം വളരെ സാധാരണമായി മുന്നോട്ട് പോയി. ഏകദേശം ആ സമയത്ത് തന്നെയാണ് എന്റെ ഭാര്യയാകാന്‍ പോകുന്ന പെണ്‍കുട്ടിയേയും ഞാന്‍ കണ്ടുമുട്ടിയത്. സെക്കന്‍ഡ് ഷോയുടെ ചിത്രീകരണത്തിനിടെ എന്നെ തേടി ഉസ്താദ് ഹോട്ടലും എത്തി. ആ വര്‍ഷം എന്റെ ജീവിതം മുഴുവനായി മാറിമറഞ്ഞു. ഒരുപക്ഷെ നക്ഷത്രങ്ങളെല്ലാം ക്രമമായതായിരിക്കാം. ഒരുപക്ഷേ എല്ലാം നേരത്തെ എഴുതപ്പെട്ടതായിരുന്നിരിക്കാം. ഒരുപക്ഷേ അതായിരുന്നിരിക്കാം നിയോഗം. ഒരുപക്ഷേ ദൈവത്തിന്റെ ആഗ്രഹം അതായിരുന്നിരിക്കാം.’

‘എന്റെ സ്‌നേഹം നിറഞ്ഞ കുടുംബത്തിന്. സുഹൃത്തുക്കള്‍ക്ക്. മലയാള സിനിമാ മേഖലുള്ള എല്ലാവര്‍ക്കും. മലയാള സിനിമയോടുള്ള സ്‌നേഹവും ബഹുമാനവും സൂക്ഷിച്ചുകൊണ്ട് എന്നെ സ്വാഗതം ചെയ്ത് മറ്റ് ഭാഷകളിലെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും. എല്ലാറ്റിനും ഉപരി സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ക്ക്, അവരുടെ അവസാനിക്കാത്ത സ്‌നേഹത്തിനും പ്രോത്സാഹനത്തിനും. ഹൃദയം നിറഞ്ഞ നന്ദിയോടെ ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ കുമ്പിടുന്നു. ഇതാ അടുത്ത വര്‍ഷത്തിലേക്ക് കടക്കുന്നു.’ ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

dulquer salman’s fb post

HariPriya PB :