മഹാനടിക്ക് ശേഷം ദുല്‍ഖര്‍ വീണ്ടും തെലുങ്കില്‍.. ഇത്തവണ ദുല്‍ഖര്‍ ഒരു പ്രമുഖ നടനോടൊപ്പം

മഹാനടിക്ക് ശേഷം ദുല്‍ഖര്‍ വീണ്ടും തെലുങ്കില്‍.. ഇത്തവണ ദുല്‍ഖര്‍ ഒരു പ്രമുഖ നടനോടൊപ്പം

മഹാനടിക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ പുതിയ തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു. ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന യുദ്ധ പശ്ചാത്തലമുള്ള സിനിമയിലാവും ദുല്‍ഖര്‍ അഭിനയിക്കുക. മഹാനടിയിലൂടെ തെലുങ്ക് പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രത്തില്‍ സാവിത്രിയുടെ ഭര്‍ത്താവും സഹതാരവുമായിരുന്ന ജെമിനി ഗണേശന്റെ കഥാപത്രത്തെയായിരുന്നു ദുല്‍ഖര്‍ അവതരിപ്പിച്ചത്. അഭിനയിക്കുക മാത്രമല്ല, തെലുങ്കില്‍ സ്വന്തം ശബ്ദത്തില്‍ ടബ്ബ് ചെയ്യുകയും ദുല്‍ഖര്‍ ചെയ്തിരുന്നു. ഒറ്റ ചിത്രത്തിലൂടെ തന്നെ തെലുങ്കിലും ആരാധകരെ സൃഷ്ടിച്ചിരിക്കുകയാണ് ദുല്‍ഖര്‍.

ഈ സാഹചര്യത്തിലാണ് ദുല്‍ഖര്‍ പുതിയ തെലുങ്ക് ചിത്രം അഭിനയിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്. ഇത്തവണയും ഒരു പീരീഡ് ചിത്രത്തിലാവും ദുല്‍ഖര്‍ അഭിനയിക്കുക എന്നാണ് സൂചന. തെലുങ്കിലെ ഒരു സൂപ്പര്‍ താരത്തോടൊപ്പം ഒരു വാര്‍ഫിലിമില്‍ അഭിനയിക്കാനാണ് ദുല്‍ഖറിന് ക്ഷണം ലഭിച്ചിരിക്കുന്നത്.

പുത്തന്‍ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാവും ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുക. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്ക് സൂപ്പര്‍ താരം വെങ്കിടേഷ് ദഗ്ഗുബട്ടിയ്‌ക്കൊപ്പമാണ് ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുക. പ്രൊജക്റ്റിനെ കുറിച്ച് ചര്‍ച്ച ചെയ്യാനായി ഇരു താരങ്ങളും പലതവണ കണ്ടുമുട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

2019ല്‍ റിലീസ് ചെയ്യാന്‍ ലക്ഷ്യമിടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകനാണ് എന്നും തെലുങ്കിലെ മുന്‍നിര നിര്‍മ്മാണക്കമ്പനിയാണ് ചിത്രത്തിന്റെ പിന്നണിയില്‍ എന്നും വെങ്കിടേഷുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മള്‍ട്ടി സ്റ്റാര്‍ സിനിമകളില്‍ അഭിനയിക്കാനും യുവതാരങ്ങള്‍ക്ക് സ്‌ക്രീന്‍ സ്‌പെയ്‌സ് കൊടുക്കാനും എന്നും മുന്‍കൈയുടെത്തിത്തുള്ള നായകന്മാരാണ് തെലുങ്ക് താരങ്ങളായ അക്കിനേനി നാഗാജ്ജുനയും വെങ്കിടേഷും. നിരവധി മള്‍ട്ടി കാസ്റ്റ് സിനിമകളില്‍ ഇവരിരുവരും അഭിനയിച്ചിട്ടുമുണ്ട്.



ദുല്‍ഖര്‍ ഇപ്പോള്‍ തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ ദി സോയാ ഫാക്ടറിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ്. ഒരു ക്രിക്കറ്ററുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തുന്നത് സോനം കപൂറാണ്.

Dulquer Salmaan s next Telugu film with famous actor

Farsana Jaleel :