ഞാന്‍ അമ്മ എക്‌സിക്യൂട്ടീവ് അംഗമല്ല, അതുകൊണ്ട് അമ്മയിലെ വിവാദങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ല: ദുല്‍ഖര്‍ സല്‍മാന്‍

ഞാന്‍ അമ്മ എക്‌സിക്യൂട്ടീവ് അംഗമല്ല, അതുകൊണ്ട് അമ്മയിലെ വിവാദങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ല: ദുല്‍ഖര്‍ സല്‍മാന്‍

നടി ആക്രമിക്കപ്പെട്ട കേസിനെ തുടര്‍ന്ന് താര സംഘടനായ അമ്മയിലുണ്ടായ വിവാദങ്ങള്‍ക്ക് താന്‍ മറുപടി പറയേണ്ടതില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍. മോഹന്‍ലാല്‍ അമ്മയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ദിലീപിനെ അമ്മയിലേയ്ക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത് സിനിമയ്ക്കകത്തും പുറത്തും വലിയ ചര്‍ച്ചയായിരുന്നു. ഇതോടെ ഭാവന, രമ്യ നമ്പീശന്‍ ഉള്‍പ്പെടെ നാല് നടിമാര്‍ അമ്മയില്‍ നിന്നും രാജി വെയ്ക്കുകയും തുടര്‍ന്ന് സിനിമാ രാഷ്ട്രീയ മേഖലകളിലുള്ള നിരവധി പ്രമുഖര്‍ രംഗത്തെത്തുകയും ചെയ്തതോടെ സംഭവം വലിയ വിവാദമായി. ഇപ്പോഴിതാ ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കി ദുല്‍ഖറും രംഗത്തെത്തിയിരിക്കുകയാണ്.

താന്‍ അമ്മ എക്‌സിക്യൂട്ടീവ് അംഗമല്ലെന്നും അതുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ മറുപടി പറയേണ്ടതില്ലെന്നും ദുല്‍ഖര്‍. ആക്രമിക്കപ്പെട്ട നടിയെയും കേസില്‍ കുടുങ്ങിയ താരത്തെയും കുട്ടിക്കാലം മുതല്‍ക്കേ തനിക്കറിയാമെന്നും ദുല്‍ഖര്‍ പറയുന്നു. തന്നോട് എല്ലാവരും നല്ല രീതിയിലെ പെരുമാറിയിട്ടുള്ളു. ജഡ്ജ് ചെയ്യാന്‍ താന്‍ ആളല്ല. ജാതി, മതം തുടങ്ങീ നിരവധി വേര്‍തിരിവുകള്‍ മനുഷ്യര്‍ക്കിടയിലുണ്ട്… എന്നാലിപ്പോള്‍ ആണ്‍-പെണ്‍ വേര്‍തിരിവുമുണ്ട്. സ്‌നേഹം കൊണ്ട് ഇവയൊക്കെ മറികടക്കാമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ദുല്‍ഖര്‍ പറയുന്നു.


ഈ വിഷയത്തില്‍ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയില്ല. അത്തരമൊരു കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് ചാനലില്‍ ആണോ എന്നും എനിക്ക് അറിയില്ലെന്നും ദുല്‍ഖര്‍ പറയുന്നു.

Dulquer Salmaan about Amma allegations

Farsana Jaleel :