താന്‍ വീട്ടില്‍ വെറുതെ ഇരിക്കുന്നത് കാണുമ്പോള്‍ ഉമ്മയ്ക്ക് വളരെ ടെന്‍ഷനാണ്! 566 ദിവസങ്ങൾക്ക് ശേഷം ദുൽഖറിന്റെ ഒരു യമണ്ടൻ പ്രേമകഥ എത്തുന്നു !

ഏറെ കാലത്തേ ഇടവേളക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. തമിഴ്, ഹിന്ദി സിനിമകളുമായി തിരക്കിലായിരുന്നു താരം. ബിജോയ് നമ്പ്യാര്‍ ഒരുക്കിയ സോളോയാണ് ദുല്‍ഖറിന്റേതായി റിലീസ് ചെയ്ത അവസാന മലയാള ചിത്രം. 2017 ഒക്ടോബര്‍ അഞ്ചിനായിരുന്നു സോളോ റിലീസ് ചെയ്തത്. ഈ ചിത്രം പുറത്തിറങ്ങി 566 ദിവസങ്ങള്‍ക്കു ശേഷം യമണ്ടന്‍ പ്രേമകഥ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഒന്നും ചെയ്യാതെ താന്‍ വീട്ടില്‍ വെറുതെ ഇരിക്കുന്നത് കാണുമ്പോള്‍ ഉമ്മയ്ക്ക് വളരെ ടെന്‍ഷനാണെന്ന് പറയുകയാണ് ദുല്‍ഖര്‍ സൽമാൻ.

‘മലയാളത്തില്‍ എന്റെ ഒരു സിനിമ ഇറങ്ങിയിട്ട് കുറേ കാലമായി. ഇപ്പോള്‍ ഞാന്‍ വീട്ടില്‍ വെറുതെ ഇരിക്കുന്നത് കാണുമ്പോള്‍ ഉമ്മച്ചിക്ക് ടെന്‍ഷനാണ്. ഇങ്ങിനെ വെറുതെ ഇരുന്നാല്‍ മതിയോ? ഇന്നു കഥ ഒന്നും കേള്‍ക്കുന്നില്ലേ എന്നൊക്കെ ഉമ്മച്ചി ചോദിക്കും. ഞാന്‍ ആണെങ്കില്‍ നാളെ ഒരു കഥ കേള്‍ക്കുന്നുണ്ട് എന്നൊക്കെ പറയും. പിന്നെ ഇടയ്ക്ക് ഉമ്മ വരുമ്പോള്‍ ഫോണൊക്കെ വിളിച്ച് തിരക്ക് അഭിനയിക്കും.’ മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

ടെലിവിഷൻ പരിപാടികളുടെ അണിയറയിൽ പ്രവർത്തിച്ചതിനു ശേഷം നവാഗതനായ ബി സി നൗഫല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് ടീം ആണ്. ചിത്രത്തില്‍ ലല്ലു എന്ന നാട്ടന്‍പുറത്തുകാരനെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍, ധര്‍മ്മജന്‍ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റെര്‍ടെയ്‌നര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ്, സി ആര്‍ സലിം എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നാദിര്‍ഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു പി സുകുമാര്‍ ആണ്. ചിത്രം ഈ മാസം 25 ന് തിയേറ്ററുകളിലെത്തും.

dulquer about his big break in malayalam cinema

HariPriya PB :