മോനിഷയുടെ ശബ്ദത്തിന് ഉടമയ്ക്ക് ദാരുണാന്ത്യം

മോനിഷയുടെ ശബ്ദത്തിന് ഉടമയ്ക്ക് ദാരുണാന്ത്യം

നടി മോനിഷയ്ക്ക് ശബ്ദം നല്‍കിയ പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് അമ്പിളി അന്തരിച്ചു. 51 വയസ്സായിരുന്നു. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. വെള്ളിയാഴ്ച തിരുവനന്തപുരത്താണ് സംസ്‌കാരം. ഡബിങ് ആര്‍ട്ടിസ്റ്റ് ചന്ദ്രമോഹനാണ് ഭര്‍ത്താവ്. വൃന്ദയും വിദ്യയുമാണ് മക്കള്‍.

അമ്പിളിയായിരുന്നു മോനിഷയ്ക്കായി എല്ലാ ചിത്രങ്ങളിലും ശബ്ദം നല്‍കിയത്. മലയാളം-തമിഴ് സീരിയല്‍ ഡബിങ് രംഗത്തും അന്യഭാഷാ മൊഴിമാറ്റ ചിത്രങ്ങളിലും സജീവമായിരുന്നു അമ്പിളി. ഉര്‍വ്വശി, ശോഭന, ലിസി, രോഹിണി, അംബിക, റാണിപത്മിനി, പാര്‍വതി, രഞ്ജിനി, സിതാര, ശാരി, ഉര്‍വശി, ചിപ്പി, സിതാര, ജോമോള്‍, പ്രിയാരാമന്‍, ശാലിനി തുടങ്ങി നിരവധി നടിമാര്‍ക്ക് ശബ്ദം നല്‍കിയിട്ടുള്ള ആര്‍ട്ടിസ്റ്റ് കൂടിയാണ് അമ്പിളി.

നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കത്തിന്റെ മൂന്നാമത്തെ മകള്‍ കൂടിയാണ് അമ്പിളി. ഭക്തകണ്ണപ്പ എന്ന കന്നഡ ചിത്രത്തിന്റെ മലയാളം മൊഴിമാറ്റത്തിലാണ് അമ്പിളി ആദ്യമായി ശബ്ദം നല്‍കിയത്. അന്ന് അമ്പിളിയ്ക്ക് വയസ്സ് എട്ട്. ആദ്യ പ്രകടത്തില്‍ തന്നെ വിജയിച്ച അമ്പിളി പിന്നീടങ്ങോട്ട് മികച്ച കലാകാരിയായി അറിയപ്പെട്ടു.


ആയിരത്തോളം ചിത്രങ്ങളില്‍ അമ്പിളി ശബ്ദം നല്‍കിയിട്ടുണ്ട്. നൂറില്‍പരം തമിഴ് ചിത്രങ്ങളില്‍ ഡബ് ചെയ്ത അമ്പിളി തമിഴില്‍ ശിവരഞ്ജിനി, ഐശ്വര്യ തുടങ്ങി നിരവധി നടികളുടെ സിനിമാ ശബ്ദമായി. നിരവധി മൊഴിമാറ്റചിത്രങ്ങളുടെ സ്‌ക്രിപ്റ്റുകള്‍ തയ്യാറാക്കുന്നതിലും അവര്‍ മികവു കാട്ടി. തമിഴ് ഉള്‍പ്പെടെ 500ല്‍പരം ചിത്രങ്ങളില്‍ അമ്പിളി ബാലതാരങ്ങള്‍ക്ക് ശബ്ദം നല്‍കി. 13 വയസായിരിക്കെ ലോറി എന്ന സിനിമയിലെ നായികാ കഥാപാത്രത്തിന് ശബ്ദം നല്‍കി തന്റേതായൊരിടം സ്വന്തമാക്കിയിരുന്നു അമ്പിളി.

Dubbing artist Ambili passes away

Farsana Jaleel :