ദൃശ്യം 2 ഓഗസ്റ്റ് 17ന് ഷൂട്ടിങ് ആരംഭിക്കുമോ? ജിത്തു ജോസഫ് പറയുന്നു

പുതിയ സിനിമകളുടെ ഷൂട്ടിങ് പാടില്ലെന്ന് പറയുന്ന നിര്‍മാതാക്കള്‍ സിനിമയിലെ ദിവസവേതനക്കാരുടെ അവസ്ഥയെക്കുറിച്ച്‌ ചിന്തിക്കണമെന്ന് സംവിധായകന്‍ ജിത്തു ജോസഫ്.

മോഹന്‍ലാല്‍ നായകനാകുന്ന ദൃശ്യം 2 പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എതിരല്ലെന്നും സിനിമ ഓഗസ്റ്റ് 17ന് തന്നെ ഷൂട്ടിങ് ആരംഭിക്കുമെന്നും ജിത്തു ജോസഫ് അറിയിച്ചു. താനുള്‍പ്പടെ പ്രതിഫലം കുറച്ചാണ് ദൃശ്യം രണ്ടുമായി സഹകരിക്കുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കി.

കോവിഡ് മാനദണ്ഡത്തില്‍ മാറ്റമില്ലെങ്കില്‍ ദൃശ്യം രണ്ട് ഒാഗസ്റ്റ് പതിനേഴിനുതന്നെ ആരംഭിക്കും. ഇത് പറയുമ്ബോള്‍ പുതിയ സിനിമകളുടെ ഷൂട്ടിങ് തുടങ്ങാതെ കോവിഡ്കാല സിനിമ പ്രതിസന്ധി മാറില്ലെന്ന് വ്യക്തമാക്കുകയാണ് ജിത്തു ജോസഫ്.

വലിയ നടന്മാരുടെ കയ്യില്‍ പണമുണ്ടാകാം. സിനിമയിലെ ദിവസവേതനക്കാരുടെ സ്ഥിതി മറിച്ചാണ്. പുതിയ സിനിമകള്‍ പാടില്ലെന്ന് പറയുന്ന നിര്‍മാതാക്കള്‍ അത് തിരിച്ചറിയണം.

എല്ലാ സിനിമകളുടെയും റിലീസിങ് ഉള്‍പ്പെടെ കൂട്ടായി തീരുമാനിക്കാവുന്നതേയുള്ളു. താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പ്രതിഫലവും സിനിമയുടെ ചെലവും കുറയ്ക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യത്തോട് താരസംഘടനയായ അമ്മയ്ക്കും ഫെഫ്കയ്ക്കും യോജിപ്പുണ്ടെങ്കിലും പുതിയ സിനിമകള്‍ പാടില്ലെന്ന നിര്‍മാതാക്കളുടെ തീരുമാനത്തോട് വിയോജിപ്പാണ്. ഇതിനിടയിലാണ് ദൃശ്യം രണ്ടിന്റെ ഷൂട്ടിങ്ങും പ്രഖ്യാപിച്ചത്.

Noora T Noora T :