മോഹൻലാലിന്ററെ മീശ പിരിക്കലിന് ഉത്തരം പറയേണ്ട ആവശ്യം എനിക്കില്ല – രഞ്ജിത്ത്

മോഹൻലാലിന്ററെ മീശ പിരിക്കലിന് ഉത്തരം പറയേണ്ട ആവശ്യം എനിക്കില്ല – രഞ്ജിത്ത്

മോഹൻലാൽ തന്റെ സിനിമകളിലൂടെ ചില അടയാളപ്പെടുത്തലുകൾ ബാക്കി വച്ചിട്ടുണ്ട്. മുണ്ട് പറിച്ചടിയും ചില മാസ്സ് ഡയലോഗുകളും മീശ പിരിയലുമൊക്കെ അത്തരത്തിൽ ചിലതാണ്. സംവിധായകൻ രഞ്ജിത്ത് തന്റെ ചിത്രങ്ങളിലൂടെ മോഹൻലാലിനെ മീശ പിരിപിച്ചു എന്നൊരു സംസാരവും ഉണ്ടായിരുന്നു. മോഹൻലാൽ മീശ പിരിച്ചാൽ സിനിമ ഹിറ്റാണെന്നായിരുന്നു വെയ്പ്പ് .

ഇത്തരം വിമർശനങ്ങൾക്ക് ഉത്തരം പറയേണ്ട ബാധ്യത തനിക്കില്ലെന്നാണ് രഞ്ജിത്തിന്റെ മറുപടി. സാമൂഹ്യമാധ്യമങ്ങളിലെ ചലച്ചിത്രപ്രേമികളുടെ കൂട്ടായ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രഞ്ജിത്തിന്റെ പ്രതികരണം. മോഹൻലാൽ സൂപ്പർതാരമായി ആഘോഷിക്കപ്പെട്ട രാജാവിന്റെ മകൻ എന്ന ചിത്രം മുതൽ രഞ്ജിത്തിന്റെ ആക്​ഷൻ സിനിമകളിൽ വരെയുള്ള മീശ പിരിക്കലുകൾക്ക് പിന്നിൽ സംഭവിച്ചത് എന്താണ്? രഞ്ജിത്ത് പറയുന്നു.

ചരിത്രം എടുത്തു നോക്കിയാൽ ഏതാണ്ട് ഒരു വർഷം തന്നെയാണ് തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകനും സത്യൻ അന്തിക്കാടിന്റെ ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റും പുറത്തിറങ്ങുന്നത്. ഈ രണ്ടിലും മോഹൻലാൽ മീശ പിരിച്ചിരുന്നു. അറിവില്ലായ്മ കൊണ്ട് ഇത് കാണാതെ പോകുന്നതിനാൽ സംഭവിക്കുന്ന കുഴപ്പമാണ് വിമർശകർക്ക് സംഭവിക്കുന്നത്. രാജാവിന്റെ മകനിലെ വിൻസന്റ് ഗോമസ് എന്ന കഥാപാത്രം ഡെന്നീസ് ജോസഫ് എഴുതി, തമ്പിച്ചായൻ അതിന്റെ സംവിധായകനായി വന്നപ്പോൾ അവർക്ക് ആ കഥാപാത്രത്തിന്റെ വേഷവിധാനത്തിന്റെ ഭാഗമായി അയാളുടെ മീശയുടെ അറ്റം ഒന്നു പിരിച്ചു വച്ചാൽ ഒരു ഭംഗിയുണ്ടാകും മോഹൻലാലിനെ കാണാൻ എന്നു തോന്നി.

എത്ര ഖൂർഖകൾ കേരളത്തിൽ മീശ പിരിച്ച് ഡ്യൂട്ടിക്ക് നിൽക്കുന്നുണ്ട്? സത്യേട്ടനും ശ്രീനിയേട്ടും അതിനെ വേറെ രീതിയിൽ പരിഹസിക്കുകയാണ് ചെയ്യുന്നത്. രാജാവിന്റെ മകൻ ചെയ്യുമ്പോൾ തമ്പി കണ്ണന്താനവും ഡെന്നീസ് ജോസഫും മോഹൻലാലിന്റെ കഥാപാത്രത്തിന് അതായിരിക്കും നല്ലതെന്ന് തീരുമാനിക്കുകയായിരുന്നു. മുപ്പത് വയസിലുള്ള മോഹൻലാലിൽ നിന്നും ഒരു ഡോൺ ആയ കഥാപാത്രം വരുമ്പോൾ അവർക്കു തോന്നി ഈയൊരു ലുക്ക്… കുറച്ച് നെഗറ്റീവ് ഷേഡുകൾ ഉള്ള നായകൻ എന്നു പറയുമ്പോൾ മീശ വേണം.

ദേവാസുരം എന്ന സിനിമ ചെയ്യുമ്പോൾ ഇത്തരം പ്ലാനിങ്ങോ പദ്ധതിയോ ഒന്നുമില്ല. അതിന്റെ തിരക്കഥയിൽ ഞാനങ്ങനെ കൃത്യമായി എഴുതി വച്ചിരുന്നില്ല. ശശിയേട്ടനും ഞാനും കൂടി ‘ഇയാൾ മീശ പിരിച്ചാൽ നമ്മൾ രക്ഷപ്പെടും’ എന്നും വിചാരിച്ചിട്ടില്ല. അതിന്റെ ആ വേഷമൊക്കെ അണിഞ്ഞു വന്നപ്പോൾ ലാൽ തന്നെയാണെന്നു തോന്നുന്നു മീശ പിരിച്ചു വച്ചത്. അത് നന്നായിരിക്കുന്നുവെന്ന് പറഞ്ഞെന്നേയുള്ളൂ. ഞങ്ങൾ വളരെ നിസാരമായി കണ്ടിട്ടുള്ള ഒരു കാര്യത്തിനെ, ‘മോഹൻലാലിനെ മീശ പിരിപ്പിച്ചു’ എന്നൊക്കെ പിന്നീട് മാറ്റുകയായിരുന്നു. മോഹൻലാലിനെ പിന്നീടും മീശ പിരിപ്പിച്ചിട്ടുണ്ട്. നരസിംഹം എന്ന സിനിമ! രഞ്ജിത് പറയുന്നു.

director renjith about drama

Sruthi S :