ആ ഉയരത്തിലെത്തി നിൽക്കുമ്പോൾ,ബാലചന്ദ്ര മേനോന് പതനം സംഭവിച്ചു; ദിനേശ് പണിക്കർ

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ.സിനിമാ രം​ഗത്ത് മിക്ക മേഖലകളിലും തിളങ്ങിയ പ്രതിഭ കൂടിയാണ് ബാലചന്ദ്ര മേനോൻ. സംവിധാനം, നിർമാണം, തിരക്കഥ, എഡിറ്റിം​ഗ്, അഭിനയം, സം​ഗീത സംവിധാനം തുടങ്ങി ബാലചന്ദ്ര മേനോൻ കൈ വെക്കാത്ത മേഖലകൾ കുറവാണെന്ന് പറയാം. ഏപ്രിൽ 18, പ്രശ്നം ​ഗുരുതരം, അച്ചുവേട്ടന്റെ വീട് തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകളുമായി ഇദ്ദേഹം പ്രേക്ഷകർക്ക് മുമ്പിലെത്തി. 40 സിനിമകൾ സംവിധാനം ചെയ്ത ബാലചന്ദ്ര മേനോൻ 100 സിനിമകളിലോളം അഭിനയിച്ചു.

സമാന്തരങ്ങൾ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള ​ദേശീയ പുരസ്കാരം താരത്തെ തേടിയെത്തി. ഈ സിനിമ സംവിധാനം ചെയ്തതും ഇദ്ദേഹം തന്നെയാണ്. കരിയറിൽ പിന്നീട് ചില വീഴ്ചകൾ ബാലചന്ദ്ര മേനോനുണ്ടായി. ഇതിനിടെ ആരോ​ഗ്യപ്രശ്നങ്ങൾ കാരണം ഏറെ നാൾ സിനിമാ രം​ഗത്ത് നിന്നും ഇദ്ദേഹം മാറി നിന്നു. ബാലചന്ദ്ര മേനോന് സംഭവിച്ച ഉയർച്ചകളെയും താഴ്ചകളെയും കുറിച്ച് സംസാരിക്കുകയാണ് നടനും നിർമാതാവുമായ ദിനേശ് പണിക്കർ.

സാമ്പത്തിക പ്രശ്നങ്ങളും ആരോ​ഗ്യ പ്രശ്നവും ബാലചന്ദ്ര മേനോനെ ബാധിച്ചിരുന്നെന്ന് ഇദ്ദേഹം പറയുന്നു. യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ദിനേശ് പണിക്കർ. ‘അദ്ദേഹം നല്ല ഉയരത്തിലെത്തി. അതിന് ശേഷം എല്ലാവർക്കും സംഭവിക്കുന്നത് പോലെ പതനം സംഭവിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ വന്നു. പ്രൊഡക്ഷനും ഡിസ്ട്രിബ്യൂഷനുമായി സേഫ് ഫിലിംസ് എന്ന പേരിൽ ഒരു കമ്പനി അദ്ദേഹം തുടങ്ങിയിരുന്നു. പക്ഷെ അത് അൺ സേഫായിപ്പോയി’കണ്ടതും കേട്ടതും എന്ന സിനിമയാണ് ആ ബാനറിൽ പ്രൊഡ്യൂസ് ചെയ്തത്. സിനിമ അദ്ദേഹത്തിന് നഷ്ടമുണ്ടാക്കി. വേറെയൊരു സിനിമ കൂടി കൂട്ടത്തിൽ ചെയ്തു. അതും നഷ്ടമായി.

സിനിമാ ലോകത്ത് ആദ്യമായി പരാജയം എന്താണെന്ന് അദ്ദേഹത്തിന് കാണേണ്ടി വന്നു’, ദിനേശ് പണിക്കർ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് താനും സാമ്പത്തിക പ്രശ്നങ്ങളിലായ സമയത്ത് ഒരിടത്ത് വെച്ച് ബാലചന്ദ്ര മേനോനെ കണ്ടെന്നും ദിനേശ് പണിക്കർ ഓർത്തു.കടവും പ്രശ്നങ്ങളും ഉണ്ടെങ്കിലും ഞാൻ പ്രസന്നതയോടൊണ് നിൽക്കുന്നത്. തിരിച്ച് വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്റെ കടങ്ങളെക്കുറിച്ച് മേനോൻ ചേട്ടനോട് സംസാരിച്ചു. തന്റെ കടങ്ങൾ എങ്ങനെയാണ് വീട്ടിയതെന്ന് മേനോൻ ചേട്ടൻ തുറന്ന് പറഞ്ഞു. ഒരു പ്രോപ്പർട്ടി വിറ്റപ്പോൾ എട്ടോ പത്തോ ലക്ഷം രൂപ കിട്ടി. പക്ഷെ കടം തീർക്കാൻ തികയുന്നില്ല. അദ്ദേഹം ഒരു ലക്ഷം രൂപ കൊടുക്കാനുള്ള സുഹൃത്തിനെ വിളിച്ചു.

60,000 രൂപ ഇപ്പോൾ കൈയിലുണ്ട്. നിങ്ങൾക്ക് പൂർണ സമ്മതമുണ്ടെങ്കിൽ അത് സ്വീകരിച്ച് കടം വീട്ടാം. ഇൻസ്റ്റാൾമെന്റായി മതിയെങ്കിൽ മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം എന്ന് പറഞ്ഞു. ഒരു ലക്ഷം രൂപ കിട്ടാനുണ്ടെങ്കിലും 60,000 രൂപ ഒറ്റയടിക്ക് കിട്ടുമെന്നതിനാൽ പലരും അതിന് സമ്മതിച്ചു. നല്ല ഫിനാൻസ് മാനേജ് കൊണ്ട് പുഷ്പം പോലെയാണ് കടങ്ങൾ ബാലചന്ദ്രമേനോൻ വീട്ടിയതെന്ന് ദിനേശ് പണിക്കർ വ്യക്തമാക്കി. ഇതേ വഴി താനും സ്വീകരിച്ചെന്നും ദിനേശ് പണിക്കർ പറയുന്നു.

സാമ്പത്തിക പ്രശ്നങ്ങൾക്ക് ശേഷം ബാലചന്ദ്ര മേനോന് അസുഖം ബാധിച്ച കാലഘട്ടത്തെക്കുറിച്ചും ദിനേശ് പണിക്കർ സംസാരിച്ചു. കരൾ രോ​ഗം വന്ന ഘട്ടത്തിൽ കുറച്ച് നാൾ അദ്ദേഹം നമ്മളെയെല്ലാം വിട്ട് മാറി നിന്നു. നല്ല രീതിയിൽ പണം ചെലവാക്കേണ്ടി വന്നു. ഞാൻ മനസിലാക്കുന്നത് ശരിയാണെങ്കിൽ ശാസ്തമം​ഗലത്തുള്ള വീട് വരെ വിൽക്കേണ്ടി വന്നു. ഇപ്പോൾ പൂർവാധികം ശക്തിയോടെ ബാലചന്ദ്ര മേനോൻ സിനിമാ രം​ഗത്ത് സജീവമാകുകയാണെന്നും ദിനേശ് പണിക്കർ ചൂണ്ടിക്കാട്ടി.

AJILI ANNAJOHN :