മലയാള സിനിമാ സീരിയല്‍ രംഗത്ത് ശ്രദ്ധേയനായ താരമാണ് ദിനേശ് പണിക്കര്‍. അഭിനയവും നിര്‍മ്മാണവുമൊക്കെയായി സജീവമായ അദ്ദേഹം യൂട്യൂബ് ചാനലിലൂടെയായി സിനിമാജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് വാചാലനാവാറുണ്ട്. നന്ദി, സ്നേഹം, കടപ്പാട് ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് പൊതുവെ സിനിമാമേഖലയില്‍ അത്ര പ്രസക്തിയില്ല.
സിനിമയില്‍ ഇതൊന്നും ഇല്ലെന്നൊക്കെ ചിലര്‍ പറയാറുണ്ട്. അങ്ങനെയല്ല, എനിക്ക് നന്ദിയുടേയും നന്ദികേടിന്റെയും അനുഭവങ്ങള്‍ പങ്കിടാനുണ്ട്. ഒരു സെറ്റില്‍ പോയ സമയത്ത് അവിടെയുണ്ടായിരുന്ന ക്യാമറമാനെ പരിചയമുള്ളത് പോലെ തോന്നി. ആരാണെന്ന് മനസിലായില്ല. അതുകഴിഞ്ഞ് അടുത്ത സെറ്റില്‍ പോയപ്പോഴും കണ്ടു.
ഇതാരാണെന്ന് അറിയണമല്ലോ എന്ന് കരുതി അദ്ദേഹത്തോട് ചോദിച്ചു. ഇല്ല ചേട്ടാ, നമ്മള് കണ്ടിട്ടില്ല. കഴിഞ്ഞ വര്‍ക്കിലാണ് നമ്മള് ആദ്യമായി ഒന്നിച്ചതെന്നായിരുന്നു മറുപടി.
അതോടെ ഞാനത് വിട്ടു. ഇടയ്ക്ക് പഴയ വീഡിയോയും ആല്‍ബങ്ങളുമൊക്കെ എടുത്ത് കാണുന്ന ശീലമുണ്ട് എനിക്ക്. മകന്റെ പിറന്നാളാഘോഷത്തിന്റെ വീഡിയോ കാണുമ്പോഴാണ് അത് ചെയ്തത് ആ ക്യാമറമാനാണെന്ന് മനസിലായത്. ഇന്ന് പ്രശസ്തനായ ക്യാമറമാനായപ്പോള് പണ്ട് ഞാന്‍ ഇങ്ങനെ ചെയ്തിരുന്നുവെന്ന് ആരേയും അറിയിക്കാന്‍ അദ്ദേഹത്തിന് താല്പര്യമില്ലായിരിക്കാം. ഞാനായിട്ട് അത് പറയാനും പോയില്ല.
സിനിമ നിര്‍മ്മാണത്തില്‍ കൈ പൊള്ളിയപ്പോള്‍ ദിനേഷിന് ഇനിയൊരു ഭാവിയില്ലെന്ന് പറഞ്ഞ് തള്ളിപ്പറഞ്ഞവരുണ്ട്. പല ചടങ്ങുകളില്‍ നിന്നും എന്നെ മാറ്റിനിര്‍ത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സാമ്പത്തികമായി സിനിമ പരാജയമാണെന്ന് മനസിലാക്കി എന്നെ സഹായിച്ച താരങ്ങളുണ്ട്. സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനുമൊക്കെ സഹായിച്ചിട്ടുണ്ട്. ഒരു പൈസ പോലും മേടിക്കാതെ അവര്‍ വന്ന് അഭിനയിച്ച് പോയിട്ടുണ്ട്.
മുന്‍പൊരിക്കല്‍ ഒരു സെറ്റില്‍ വെച്ച് കണ്ടപ്പോള്‍ സുധീര്‍ എന്നെ കണ്ടതും നേരെ കാലില്‍ തൊട്ട് തൊഴുതു. കാര്യം തിരക്കിയപ്പോഴാണ് പറഞ്ഞത് എന്റെ സിനിമയിലൂടെയാണ് അദ്ദേഹത്തിന് നല്ലൊരു വേഷം ലഭിച്ചതെന്ന്. അദ്ദേഹം ഇപ്പോഴും അത് ഓര്‍ത്തിരിക്കുന്നുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ അത്ഭുതം തോന്നി. ഞാന്‍ ആ സംഭവം മറന്നിരിക്കുകയായിരുന്നു. അന്നത്തേതിനേക്കാളും ഒത്തിരി വളര്‍ന്നിരുന്നു അദ്ദേഹം. അഭിമാനത്തോടെയാണ് ഞാന്‍ ഇന്ന് സുധീറിനെക്കുറിച്ച് പറയുന്നത്.