സായ് ശങ്കർ കോടതിയിൽ ആ മൊഴി നൽകിയാൽ രാമൻ പിള്ള പ്രതിയാക്കപ്പെടും; അഡ്വ ടിബി മിനി

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകനായ രാമൻ പിള്ള പ്രതിയാക്കപ്പെട്ടേക്കുമെന്ന് അഭിഭാഷകയായ ടിബി മിനി. ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ രാമൻപിള്ളയാണ് തന്നെ പ്രേരിപ്പിച്ചതെന്ന് സ്വകാര്യ സൈബർ വിദഗ്ദനായ സായ് ശങ്കർ മൊഴി നൽകിയാൽ രാമൻപിള്ളയെ കേസിൽ പ്രതി ചേർക്കണമെന്ന് കോടതിക്ക് ഉത്തരവിടേണ്ടി വരുമെന്നും അഭിഭാഷക പറഞ്ഞു. ഒരു അഭിമുഖത്തിൽ പറഞ്ഞു. അഭിഭാഷകയുടെ വാക്കുകൾ ഇങ്ങനെ

‘ദിലീപിന്റെ ഫോണിൽ നിന്നും ഉള്ള രഹസ്യ സന്ദേശങ്ങളും ഫോട്ടോസും വിവരങ്ങളുമെല്ലാം നീക്കം ചെയ്ത ഐടി വിദഗ്ദനാണ് സായ് ശങ്കർ. ദിലീപിന്റെ അഭിഭാഷകൻ കൂടിയായ രാമൻ പിള്ളയ്ക്കെതിരെ ഈ സായ് ശങ്കർ ഒരു പരാതി നൽകിയിട്ടുണ്ടായിരുന്നു. ഫോണിലെ വിവരങ്ങൾ നീക്കം ചെയ്ത ഐമാക്ക് അടക്കമുള്ള സായ് ശങ്കറിന്റെ ഉപകരണങ്ങൾ രാമൻപിള്ള വക്കീലിന്റെ ഓഫീസിലുണ്ടെന്നാണ് സായ് ശങ്കറിന്റെ പരാതി.

ഡിജിപിക്ക് സായ് ശങ്കർ നൽകിയ പരാതി ക്രൈംബ്രാഞ്ചിന് കൈമാറുകയും ക്രൈംബ്രാഞ്ച് അത് അന്വേഷിച്ച് അതിൽ വാസ്തവം ഉണ്ടെന്ന നിലയിൽ കേസെടുക്കേണ്ടതാണെന്നുള്ള കണ്ടെത്തൽ നടത്തുകയും ചെയ്തിരുന്നു. എന്നാൽ കേസ് എടുത്തില്ല. കേസ് എടുക്കാവുന്നതാണെന്ന് നിയമോപദേശം പോയിട്ടും ഇതുവരെ കേസ് എടുക്കാൻ പോലീസ് തയ്യാറായിട്ടില്ല.

തന്നെ രാമൻപിള്ളയുടെ ഓഫീസിലേക്ക് വിളിച്ച് വരുത്തി ദിലീപിന്റെ ഫോണിൽ നിന്നും തെളിവുകൾ നശിപ്പിക്കുന്നതിനായി പറഞ്ഞത് മറ്റൊരു അഭിഭാഷകനായ സുജേഷ് മോനോനാണെന്ന് സായ് ശങ്കർ പരാതിയിൽ പറയുന്നുണ്ട്. രാമൻപിള്ളയാണ് തെളിവുകൾ നശിപ്പിക്കുന്നതിനായി പ്രേരിപ്പിച്ചതെന്ന് സായ് ശങ്കർ കോടതിയിൽ വന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ രാമൻപിള്ളയേയും അദ്ദേഹത്തിന്റെ ഓഫീസിലെ മറ്റ് അഭിഭാഷകരേയും പ്രതികളാക്കി കൊണ്ട് കേസിന്റെ വിചാരണ കോടതിക്ക് മുന്നോട്ട് കൊണ്ടുപോകാവുന്നതാണ്.

രാമൻ പിള്ളയെ പ്രതിയാക്കുന്നതോടൊപ്പം തന്നെ ഉപകരണങ്ങൾ കണ്ടെടുക്കുന്നിന് ഉത്തരവിടാനുള്ള അധികാരം കോടതിക്കുണ്ട്. സായ് ശങ്കർ കോടതിയിൽ മൊഴി മാറ്റിയില്ലെങ്കിൽ രാമൻപിള്ളയ്ക്ക് അത് ബുദ്ധിമുട്ട് തന്നെയാണ്.നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ അഭിഭാഷകനായ രാമൻപിള്ള തെളിവുകൾ നശിപ്പിക്കുന്നതിനും സാക്ഷികളെ സ്വാധീനിക്കുന്നതിനും കൂട്ട് നിന്നിട്ടുണ്ടോയെന്നതാണ് പ്രധാന വിഷയം.
അതിന് ആവശ്യമായ തെളിവുകൾ പോലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അത് തെളിയികപ്പെട്ട് കഴിഞ്ഞാൽ ഈ കേസിൽ മുതിർന്ന അഭിഭാഷകൻ പ്രതിയാകുന്ന സാഹചര്യം വരും.

ദിലീപ് ഈ കേസിൽ പ്രതിയാണോയെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ജയിലിൽ നിന്നും പൾസർ സുനി അയച്ച കത്ത് നേരത്തേ തന്നെ ചർച്ച ചെയ്ത വിഷയമാണ്. ആ കത്തിൽ വളരെ കൃത്യമായിട്ട് ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധം കൃത്യമായി പരാമർശമുണ്ട്. മഞ്ജു വാര്യരെ ഉപേക്ഷിച്ച കാര്യം വരെ കത്തിൽ പറയുന്നുണ്ട്.

ആ കത്ത് സുനിയിൽ നിന്നും നേരിട്ട് വാങ്ങി കൊണ്ടുകൊടുത്ത ആൾ ഈ കേസിൽ സാക്ഷിയാണ്. ഈ കോടതിയിൽ തെളിവായി മാർക്ക് ചെയ്തിട്ടുണ്ട്. ദിലീപിന് കേസിൽ ബന്ധമില്ലെങ്കിൽ പൾസർ സുനി അയാൾക്ക് കത്തയക്കേണ്ട കാര്യമില്ലല്ലോ. മമ്മൂട്ടി, സുരേഷ് ഗോപി, മോഹൻലാൽ, വിജയ് ബാബു ഇവരൊക്കെ കോടീശ്വരൻമാർ അല്ലേ? പണം കിട്ടാനാണെങ്കിൽ പൾസർ സുനിക്ക് ഇവർക്കാർക്കെങ്കിലും കത്തെഴുതിയാൽ പോരെ?

പൾസർ സുനി കത്തിലെഴുതിയ കാര്യങ്ങളിൽ പ്രധാന പരാമർശങ്ങൾ ഉണ്ട്. അബാദ് പ്ലാസയിൽ ഉണ്ടായ കാര്യങ്ങളെ കുറിച്ച് പറയുന്നുണ്ട്. ഞങ്ങൾ കുഴപ്പത്തിലായിട്ടും ചേട്ടൻ സഹായിക്കാത്തത് എന്തെ എന്ന് പറയുന്നുണ്ട്. പൾസർ സുനി തന്നെയാണ് കത്തെഴുതിയതെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ആ കത്ത് ആർക്കാണ് കൊണ്ടുകൊടുത്തതെന്ന് സാക്ഷി പറഞ്ഞാൽ കേസിൽ ദിലീപ് കുടുങ്ങും. ആ നിലയിൽ ഇനിയും തെളിവുകൾ വേണ്ടതുണ്ട്. സംശയാതീതമായി പലതും തെളിയിക്കപ്പെടേണ്ടതുണ്ട്. ഇതൊക്കെ ചില സൂചനകളുണ്ട്. സാക്ഷികൾ കൂറുമാറിയില്ലെങ്കിൽ ദിലീപ് കുടുങ്ങുക തന്നെ ചെയ്യും.

AJILI ANNAJOHN :