ദിലീപ് രക്ഷപെടും ; കാരണം ഇത് ; ഫെബ്രുവരി 28 ന് കേസിന്റെ ജാതകം തെളിയും; ശാന്തിവിള ദിനേശ്

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വിചാരണ അതിവേഗം പൂര്‍ത്തിയാക്കി വിധി വൈകാതെ വരുമെന്നാണ് കരുതുന്നത്. ഒരുപക്ഷേ, വരും മാസങ്ങളില്‍ മാധ്യമങ്ങളില്‍ പ്രധാന തലക്കെട്ടായി നടി ആക്രമിക്കപ്പെട്ട കേസ് മാറും. ഈ വേളയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത് ദിലീപിനെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരുമായ വ്യക്തികളുടെ പ്രതികരണങ്ങളാണ്.
ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്നും അദ്ദേഹത്തെ കുടുക്കിയതാണെന്നും വിശ്വസിക്കുന്ന വ്യക്തിയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. കേസുമായി ബന്ധപ്പെട്ട് ആറ് വര്‍ഷം മുമ്പ് പറഞ്ഞത് തന്നെയാണ് ഇപ്പോഴും പറയാനുള്ളതെന്ന് ശാന്തിവിള പറയുന്നു….

ദിലീപ് പ്രതിയായ കേസില്‍ തുടക്കം മുതല്‍ നടനെ പിന്തുണച്ച് സംസാരിക്കുന്ന വ്യക്തിയാണ് ശാന്തിവിള ദിനേശ്. കേസിന്റെ തുടക്കത്തില്‍ കൈരളി ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ താന്‍ പറഞ്ഞത് എന്താണോ അതു തന്നെയാണ് ഇപ്പോഴും പറയാനുള്ളതെന്ന് അദ്ദേഹം പറയുന്നു. ദിലീപ് രക്ഷപ്പെടുമെന്നും അദ്ദേഹം ശിക്ഷിക്കപ്പെടില്ലെന്നും മാസ്റ്റര്‍ ബിന്‍ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശാന്തിവിള ദിനേശ് സൂചിപ്പിക്കുന്നു.

ഒരു ചെറുപ്പക്കാരനെ എങ്ങനെ നശിപ്പിക്കാമെന്ന് വളരെ ആസൂത്രിതമായി ഉണ്ടാക്കിയ കേസാണിതെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ദിലീപിന് കേസില്‍ പങ്കില്ലെന്ന് അന്ന് ഞാന്‍ പറഞ്ഞു. അത് പറയുമ്പോള്‍ ദിലീപിനെ എനിക്ക് പരിചയമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അടുത്ത ബന്ധമുണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ദിലീപ് എന്നെ ഇടയ്ക്കിടെ വിളിക്കാറുണ്ടെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ഒരുപാട് നേരം സംസാരിക്കും. ദിലീപിന് ചേട്ടനില്ലാത്തത് കൊണ്ടാകാം, എന്നെ ചേട്ടാ എന്നാണ് വിളിക്കാറ്. ദിനേശേട്ടാ, എന്താണ് ഇവര്‍ എന്നെപറ്റി ഇങ്ങനെയൊക്കെ പറയുന്നത് എന്ന് ദിലീപ് വിഷമിച്ച് പറയാറുണ്ട്. പേഴ്‌സണല്‍ കാര്യങ്ങളൊക്കെ ദിലീപ് സംസാരിക്കാറുണ്ടെന്നും ശാന്തിവിള പറഞ്ഞു

ദിലീപ് വിഷമം പറയുമ്പോള്‍ അതൊന്നും കാര്യമാക്കേണ്ടെന്ന് പറഞ്ഞ് ഞാന്‍ സമാധാനിപ്പിക്കും. നിനക്ക് വേറെ ജോലിയില്ലേ എന്ന് പറഞ്ഞ് നിസ്സാരമാക്കും. കൈരളി ചാനലില്‍ ഒരു സന്ധ്യക്ക് ഞാന്‍ ആറ് വര്ഷം മുമ്പ് എന്താണോ പറഞ്ഞത്, അതു തന്നെയാകും കേസിലെ വിധി. അതില്‍ മാറ്റമുണ്ടാകില്ലെന്നും ശാന്തിവിള ദിനേശ് ആത്മവിശ്വാസത്തോടെ പറയുന്നു.

ദിലീപ് കേസില്‍ പ്രതിയാണെന്നും കുറ്റകൃത്യം ചെയ്തുവെന്നും ഉറപ്പിച്ച് ചര്‍ച്ചകള്‍ നടക്കുന്ന വേളയില്‍ അല്ലേ രാമലീല എന്ന സിനിമ ഇറങ്ങിയത്. വന്‍ ഹിറ്റായിരുന്നില്ലേ സിനിമ. ദിലീപിനെ കാണുമ്പോള്‍ പേടിയാണെന്ന് തോന്നാം. എന്നാല്‍ അതിനേക്കാള്‍ തെമ്മാടിത്തരം കാണിക്കുന്നവരാണ് മലയാള സിനിമയിലുള്ളതെന്നും ശാന്തിവിള ദിനേശ് ആരോപിക്കുന്നു.കേസ് ഫെബ്രുവരി 28നകം തീരും. അപ്പോള്‍ കേസിന്റെ ജാതകം തെളിയും. സുപ്രംകോടതി നിര്‍ദശം ഫെബ്രുവരിക്കകം കേസ് തീര്‍ക്കണം എന്നാണ്. അതു കഴിഞ്ഞ് സിനിമയില്‍ ദിലീപ് സജീവമാകും. കേസുള്ളത് കൊണ്ടാണ് സജീവമാകാന്‍ കഴിയാത്തത്. കേസിന്റെ കാര്യങ്ങള്‍ക്ക് രാമന്‍പിള്ള വക്കീലുമായി ചര്‍ച്ചകള്‍ നടത്താനൊക്കെ സമയം വേണ്ടേ എന്നും ശാന്തിവിള ദിനേശ് പറയുന്നു.

ദിലീപിന്റെ ജനപ്രീതിക്ക് കുറവ് വന്നിട്ടില്ല. ഇനിയും ഒരങ്കത്തിന് ബാല്യമുണ്ട്. ജോഷി, സത്യന്‍ അന്തിക്കാട്, ലാല്‍ജോസ് എന്നിവരുടെ സിനിമയെല്ലാം വരാനിരിക്കുകയാണ്. കേസുള്ളതിനാല്‍ കോടതിയില്‍ പോകാനും മറ്റുമുള്ളത് കൊണ്ടാണ് സിനിമയില്‍ സജീവമാകാന്‍ തടസം. വിധി വന്നാല്‍ ദിലീപ് കേസില്‍ നിന്ന് രക്ഷപ്പെടും. ശേഷം സിനിമയില്‍ സജീവമാകുമെന്നും ശാന്തിവിള ദിനേശ് പറയുന്നു.

2017 ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷന്‍ സംഘങ്ങള്‍ ആദ്യം പിടിയിലായ കേസില്‍ മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയര്‍ന്നു കേട്ടത്. അതേ വര്‍ഷം ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപിന് മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണ തുടങ്ങിയെങ്കിലും ഇടയ്ക്ക് പുതിയ വെളിപ്പെടുത്തലുണ്ടായി. ഇക്കാര്യങ്ങള്‍ അന്വേഷിച്ച ശേഷമാണ് ഇപ്പോള്‍ വീണ്ടും വിചാരണ തുടങ്ങിയിരിക്കുന്നതും അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുന്നതും.

AJILI ANNAJOHN :