മിമിക്രി വേദികളില്‍ നിന്ന് തൊണ്ണൂറുകളുടെ തുടക്കത്തില്‍, ഗോഡ് ഫാദര്‍മാരുടെ പിന്തുണയൊന്നുമില്ലാതെ മലയാള സിനിമയിലേക്ക് കയറിവന്ന, ഗോപാലകൃഷ്ണന്‍ എന്ന ആ മെലിഞ്ഞ ചെറുപ്പക്കാരനെ മലയാളികള്‍ക്ക് അങ്ങനെയൊന്നും മറക്കാനാവില്ല. കോമഡി വേദികളിൽ നിന്നും ജനപ്രിയ നായകനായുള്ള ദിലീപിന്റെ ഉയർച്ച സിനിമാ ലോകത്ത് ഇന്നും ചർച്ചയാകാറുണ്ട്. ദിലീപിന് മുമ്പ് ജയറാമായിരുന്നു കുടുംബ പ്രേക്ഷകർക്ക് സ്വീകാര്യനായ നടൻ. എന്നാൽ പതിയെ ഈ സ്ഥാനം ദിലീപിലേക്ക് എത്തി. കോമഡിയും ഹീറോയിസവും ഒരേപോലെ വഴങ്ങുന്നതാണ് ദിലീപിനെ കരിയറിൽ തുണച്ചത്. മീശമാധവൻ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ കരിയർ ഗ്രാഫ് മാറി മറിഞ്ഞു
ചാന്ത്പൊട്ട് ഉൾപ്പെടെയുള്ള സിനിമകളിലൂടെ പകരം വെക്കാനില്ലാത്ത ഒരു സ്ഥാനത്തേക്ക് ദിലീപ് മലയാള സിനിമാ രംഗത്ത് ഉയർന്ന് വന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്ത് വീണ്ടും സജീമാകാനുള്ള തയ്യാറെടുപ്പിലാണ് ദിലീപ്. വോയ്സ് ഓഫ് സത്യനാഥനാണ് തിരിച്ച് വരവിൽ ദിലീപ് ചെയ്യുന്ന ആദ്യ ചിത്രം. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിലെ ഉയർച്ച താഴ്ചകളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നടൻ.
തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലേക്ക് തന്നെ നേരിട്ട് വിളിച്ചിരുന്നില്ലെന്ന് ദിലീപ് വ്യക്തമാക്കി. സുരേഷ് ഗോപിയും ലാലുമാണ് പ്രധാന കഥാപാത്രങ്ങൾ. വെറുതെ ഒന്ന് കഥ കേൾക്കണം എന്നാണ് പറഞ്ഞത്. കഥ കേട്ടപ്പോൾ ശത്രുഘ്നൻ എന്ന വേഷം ആരാണ് ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചു. തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോൾ ഞാൻ ചെയ്തോട്ടെ എന്ന് ചോദിച്ചു. അവരുടെ ബുദ്ധിയായിരുന്നു. കാരണം ഞാനന്ന് ഹീറോ വേഷങ്ങൾ ചെയ്യുന്നുണ്ട്.സഹനായകവേഷം ചെയ്യുമോ എന്ന് കരുതിയാണ് തന്നെ കാസ്റ്റ് ചെയ്യാൻ മടിച്ചതെന്നും ദിലീപ് ചൂണ്ടിക്കാട്ടി. പക്ഷെ ഞാൻ ഹീറോ വേഷങ്ങൾക്ക് പകരം സെക്കന്റ് ഹീറോ വേഷങ്ങൾ ചോദിക്കുന്ന സമയമാണത്. ദോസ്ത്, ജോക്കർ, ഡാർലിംഗ് ഡാർലിംഗ് ഉൾപ്പെടെയുള്ള സിനിമകൾ അങ്ങനെ ചെയ്തതാണ്. കാരണം അതിന് മുമ്പിറങ്ങിയ ചില സിനിമകൾ പരാജയപ്പെട്ടു. അഞ്ചാറ് മാസം അഭിനയം നിർത്തി കഥ കേൾക്കുകയായിരുന്നെന്നും ദിലീപ് ഓർത്തു.കരിയറിൽ വീണ്ടും ഉയർച്ച സംഭവിച്ച കാലത്തെക്കുറിച്ചും ദിലീപ് സംസാരിച്ചു. തെങ്കാശിപ്പട്ടണം, പറക്കും തളിക, മഴത്തുള്ളിക്കിലുക്കം, ഇഷ്ടം, കല്യാണരാമൻ എന്നിങ്ങനെ തുടരെ പത്തോളം ഹിറ്റുകളുണ്ടായി. ഈ സിനിമയുടെ മുഴുവൻ കഥയും സിദ്ദിഖ്, ലാൽ, ലോഹിതദാസ്, റാഫി, മെക്കാർട്ടിൻ, ബെന്നി പി നായരമ്പലം ഉൾപ്പെടെ എല്ലാവർക്കും അറിയാം. കാരണം ഞങ്ങൾ തമ്മിൽ കഥകൾ സംസാരിക്കുമായിരുന്നു.സിഐഡി മൂസ ആദ്യം കൊണ്ട് പോയി കാണിക്കുന്നത് സിദ്ദിഖ് ഇക്കയെയാണ്. ആദ്യം സിഐഡി മൂസ കാണുന്നത് ഇദ്ദേഹമാണ്. അന്ന് ആർക്കും ഒരു ഈഗോ ഉണ്ടായിരുന്നില്ല. ആ സൗഹൃദ അന്തരീക്ഷം ഇന്നില്ലെന്ന് ദിലീപ് അഭിപ്രായപ്പെട്ടു.
2000 ത്തിൽ പുറത്തിറങ്ങിയ സിനിമയാണ് തെങ്കാശിപ്പട്ടണം. റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം സൂപ്പർ ഹിറ്റായി. നായക കഥാപാത്രം അല്ലെങ്കിലും സിനിമയിൽ ഏറ്റവും തിളങ്ങിയത് ദിലീപാണ്. കോമഡി രംഗങ്ങളിൽ തകർത്തഭിനയിച്ച ദിലീപ് വൻജനപ്രീതി നേടി. കാവ്യ മാധവൻ-ദിലീപ് കോംബോയും സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു.
കാവ്യക്ക് പുറമെ സംയുക്ത വർമ, ഗീതു മോഹൻദാസ് എന്നിവരും ചിത്രത്തിൽ നായികമാരായെത്തി. തമിഴ്, തെലുങ്ക് ഭാഷകളിലേക്കും തെങ്കാശിപ്പട്ടണം റീമേക്ക് ചെയ്തിട്ടുണ്ട്. ഇന്നും ഈ സിനിമയിലെ കോമഡി രംഗങ്ങൾക്കും ഗാനങ്ങൾക്കും ആരാധകരുണ്ട്. ജൂലൈ 28 നാണ് വോയ്സ് ഓഫ് സത്യനാഥൻ റിലീസ് ചെയ്യുന്നത്. റാഫി-ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആരാധകർക്ക് വലിയ പ്രതീക്ഷയുണ്ട്.