ധ്യാൻ പറഞ്ഞ സംഭവം ശരിയാണ് ; അച്ഛന്റെ എഴുത്ത് കണ്ടപ്പോൾ ഡോക്ടറുടെ മറുപടി ഇതായിരുന്നു ; വിനീത് ശ്രീനിവാസൻ പറയുന്നു !

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. നടനും സംവിധായകനുമായ ശ്രീനിവാസന്റെ മക്കളായ ഈ സഹോദരങ്ങൾ, സിനിമയിൽ അവരവരുടേതായ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരാണ്. സിനിമയ്‌ക്കൊപ്പം ഇവരുടെ അഭിമുഖങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു ശ്രീനിവാസൻ. അസുഖം ഭേദമായ നടൻ സിനിമയിലേക്ക് വീണ്ടും വരാനുള്ള ഒരുക്കത്തിലാണ്. ശ്രീനിവാസന്റെ ഇളയ മകൻ ധ്യാൻ ശ്രീനിവാസൻ അടുത്തിടെ നടനെക്കുറിച്ച് പറഞ്ഞ കാര്യം വെെറലായിരുന്നു.ചായ ചോദിച്ചിട്ട് കൊടുക്കാതായപ്പോൾ വെന്റിലേറ്ററിൽ കിടക്കുന്ന അച്ഛൻ കടലാസിൽ തെറി എഴുതിയെന്നായിരുന്നു ധ്യാൻ പറഞ്ഞത്. ഒരു സൈഡ് തളർന്ന് പോയിരുന്നു. ഒരു കണ്ണിന് കാഴ്ചയും കുറഞ്ഞു.

അതുകൊണ്ട് ആവശ്യങ്ങൾ എഴുതാൻ അച്ഛന്റെ ബെഡിനോട് ചേർത്ത് ഒരു പാഡും പേനയും വെച്ചു. ഒരു ദിവസം ചായ വേണം എന്ന് അച്ഛൻ എഴുതി. പഞ്ഞിയിൽ മുക്കി കൊടുക്കാം കുഴപ്പമില്ലെന്ന് ഡോക്ടർ പറഞ്ഞു. എന്നാൽ ചായ കൊടുക്കുന്ന കാര്യം മറന്ന് പോയി. മൂന്ന് നാല് ദിവസം കഴിഞ്ഞ് ചായ കിട്ടാതായപ്പോൾ അച്ഛൻ പാഡിൽ ചായ ചോദിച്ചിട്ട് കിട്ടുമോടോ എന്ന് ചോദിച്ച് തെറി എഴുതിയെന്നാണ് ധ്യാൻ പറഞ്ഞത്.

ഇപ്പോൾ ഇതേപറ്റി പ്രതികരിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. ധ്യാൻ പറഞ്ഞ സംഭവം ശരിയാണെന്ന് വിനീത് ശ്രീനിവാസൻ പറയുന്നു. പ്രമുഖ മാധ്യമത്തോടാണ് പ്രതികരണം. അത് അച്ഛൻ എഴുതിക്കൊടുത്തതാണ്. ബ്രെയ്ൻ ഫംങ്ഷനിം​ഗ് കറക്ട് ആണോ, എഴുതാൻ പറ്റുന്നുണ്ടോ എന്നൊക്കെ ഡോക്ടർ നോക്കുമായിരുന്നു.

അപ്പോഴാണ് ഈ കുറിപ്പ് വരുന്നത്. നാല് ദിവസമായി ചായ ചോദിച്ചിട്ട് കിട്ടുമോയെന്ന്. അത് കണ്ട ഡോക്ടർ ഒരു കുഴപ്പവുമില്ല, ടെൻഷനടിക്കേണ്ട, പെട്ടെന്ന് റിക്കവർ ആവുമെന്ന് പറഞ്ഞു, വിനീത് ശ്രീനിവാസൻ പറഞ്ഞു.

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ആണ് വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ ആണ് വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. നടൻ സുരാജ് വെഞ്ഞാറമൂടും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

എഡിറ്റർ അഭിനവ് സുന്ദർ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. നവംബർ 11 ന് ചിത്രം തിയറ്ററുകളിൽ എത്തും. ജോയി മൂവീസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയി ആണ് സിനിമ നിർ‌മ്മിച്ചിരിക്കുന്നത്.

ഹൃദയം ആണ് വിനീത് ശ്രീനിവാസൻ അവസാനമായി സംവിധാനം ചെയ്ത സിനിമ. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വൻ വിജയം ആയിരുന്നു. സിനിമയ്ക്ക് ശേഷം വിനീത് ഒരുക്കുന്ന പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. നിലവിൽ അഭിനയിക്കാനുള്ള കുറച്ച് സിനിമകളുടെ തിരക്ക് കഴിഞ്ഞാൽ എഴുത്തിലേക്ക് കടക്കുമെന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്.

AJILI ANNAJOHN :