ഓർമകളിൽ കൊച്ചിൻ ഹനീഫ….


മലയാളത്തിന്റെ പ്രിയനടന്‍ കൊച്ചിന്‍ ഹനീഫ ഓര്‍മ്മയായിട്ട് ഒന്‍പത് വര്‍ഷം. 2010 ഫെബ്രുവരി പത്തിനായിരുന്നു മലയാള സിനിമാലോകത്തെ കണ്ണീരിലാഴ്ത്തി ആ അതുല്യപ്രതിഭ വിടവാങ്ങിയത്. എന്നാല്‍ അന്നും ഇന്നും കൊച്ചിന്‍ ഹനീഫക്ക് പകരം വെക്കാന്‍ മലയാള ചലച്ചിത്രരംഗത്ത് മറ്റൊരാളില്ല.

നര്‍മ്മം നിറഞ്ഞ വര്‍ത്തമാനങ്ങളിലൂടെ നന്‍മ നിറഞ്ഞ ജീവിത്തിലൂടെ ചലച്ചിത്ര ലോകത്ത് നിറഞ്ഞുനിന്നിരുന്ന പ്രതിഭയായിരുന്നു കൊച്ചിന്‍ ഹനീഫ. കൊച്ചിന്‍ ഹനീഫയുടെ ഒരു സംഭാഷണമെങ്കിലും കേള്‍ക്കാത്ത അതുകേട്ട് ചിരിക്കാത്ത ഒരു ദുവസംപോലുമുണ്ടാകില്ല മലയാളികള്‍ക്ക്. കൊച്ചിന്‍ കലാഭവനെന്ന കോമഡി ട്രൂപ്പിലൂടെ സിനിമാലോകത്തെത്തിയ അദ്ദേഹം എല്ലാവര്‍ക്കും ഹനീഫിക്കയായിരുന്നു.

1951 ല്‍ വെളുത്തേടത്ത് മുഹമ്മദ് ഹാജിറ ദമ്പതികളുടെ രണ്ടാമത്തെ മകനായി എറണാകുളത്തായിരുന്നു സലീം അഹമ്മദ് ഘോഷ് എന്ന കൊച്ചിന്‍ ഹനീഫയുടെ ജനനം. കലൂര്‍ സെന്റ് ആന്റണീസ് സ്‌കൂള്‍,എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ്, എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബോട്ടണിയില്‍ ബിരുദം നേടിയ ഹനീഫ പഠനകാലത്ത് തന്നെ മോണോ ആക്ടിലും നാടകത്തിലും സജീവമായിരുന്നു. മിമിക്രി കലാരൂപത്തെ ജനകീയമാക്കുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. പിന്നീട് സിനിമാ മോഹവുമായി ചെന്നൈയിലെത്തിയ ഹനീഫ 1970 കളില്‍ വില്ലനായി ക്യാമറക്ക് മുന്നിലെത്തുകയായിരുന്നു.

വില്ലനായി സിനിമാലോകത്തെത്തിയ ഹനീഫ പിന്നീട് സംവിധായകന്‍,തിരക്കഥാകൃത്ത് എന്നീ നിലകളിലും തിളങ്ങി. മലയാളം ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകലിലായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഇത്രയും പ്രതിഭാ ശാലി ആയിരുന്നിട്ടും സിനിമാക്കാരുടെ പതിവ് ജാഡകള്‍ക്കും ബഹളങ്ങള്‍ക്കുമൊക്കെ അതീനനായിരുന്നു അദ്ദേഹം.വാത്സല്യം പോലൊരു മെഗാഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ എന്ന മേല്‍വിലാസത്തിലല്ല, ഒരു കൊമേഡിയന്‍ എന്ന നിലയിലാണ് അദ്ദേഹം ജനങ്ങളുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നത്.

ശിവാജിഗണേശന്, കമലാഹാസന്, കരുണാനിധി തുടങ്ങിയ വമ്പന്മാര്ക്ക് ഏറെ പ്രിയങ്കരനായിരുന്നു കൊച്ചിന് ഹനീഫ. പക്ഷേ, അതൊക്കെ നല്ല ബന്ധങ്ങളായി മാത്രം സൂക്ഷിച്ചു. ആ ബന്ധങ്ങളെ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചില്ല. ശിവാജിഗണേശന്റെ വലിയ ആരാധകനായിരുന്ന ഹനീഫ 1970ല് ശിവാജി രസികൻ മണ്ട്രം കൊച്ചിയില് സ്ഥാപിക്കുകയും അതിന്റെ സെക്രട്ടറിയാവുകയു ചെയ്തു. പിന്നീട് സിനിമയിലെത്തിയപ്പോള് ശിവാജിയുടെ ഏറ്റവും അടുത്ത സുഹൃത്തായി. വില്ലന് നടനായി സിനിമയിലെത്തിയ അദ്ദേഹം പതുക്കെപ്പതുക്കെ സിനിമയുടെ ഓരോ മേഖലയിലേക്കും കടക്കുകയായിരുന്നു. എൺപതുകളിലാണ് അദ്ദേഹത്തിന്റെ സർഗശേഷി ഏറെ പ്രകടമായത്.

തിരക്കഥാകാരനായും സംവിധായകനായും കുറെയധികം സിനിമകൾ കൊച്ചിന് ഹനീഫയുടെ മേൽവിലാസത്തിൽ എത്തി. കൊടുംവില്ലനായി സിനിമകളിൽ നിറഞ്ഞുനില്ക്കുമ്പോഴാണ്, മൂന്നുമാസങ്ങൾക്ക് മുമ്പ് എന്ന സൂപ്പർ ഹിറ്റ് കുടുംബചിത്രം അദ്ദേഹം സംവിധാനം ചെയ്തത്.
കുടുംബപ്രേക്ഷരുടെ ഉള്ളുലയ്ക്കുന്ന ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തതിൽ ഭൂരിഭാഗവും. ഒരു സന്ദേശം കൂടി, ആൺ കിളിയുടെ താരാട്ട്, വാത്സല്യം തുടങ്ങിയ സിനിമകളെല്ലാം സ്ത്രീപ്രേക്ഷകരുടെ പ്രശംസ നേടിയവയായിരുന്നു. കടത്തനാടന് അമ്പാടി, പുതിയ കരുക്കള്, ലാല് അമേരിക്കയില്, ഇണക്കിളി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയും ഹനീഫയുടേതായിരുന്നു. ഭീഷ്മാചാര്യ എന്ന സിനിമയ്ക്ക് ശേഷം ഹനീഫ സംവിധാനരംഗത്തുനിന്ന് മാറിനില്ക്കുകയായിരുന്നു. അതിന് അദ്ദേഹം വ്യക്തമായ വിശദീകരണവും നല്കിയിരുന്നു. ‘സിനിമ എന്നാൽ എനിക്ക് കുടുംബചിത്രങ്ങളാണ്. അല്ലാത്ത സിനിമകൾ സംവിധാനം ചെയ്യാൻ എനിക്കാവില്ല.

കുടുംബസിനിമകൾക്ക് വലിയ പ്രസക്തിയില്ലാത്ത ഇക്കാലത്ത് അതിൽ നിന്ന് മാറി നില്ക്കുകയല്ലേ ബുദ്ധി’ എന്നായിരുന്നു അദ്ദേഹം ഇതേക്കുറിച്ചു പറഞ്ഞത്.
എണ്പതുകളുടെ അവസാനത്തോടെ ഹനീഫയിലെ കലാകാരന്റെ മറ്റൊരു മുഖമാണ് പ്രേക്ഷകര് കണ്ടത്. വില്ലനിൽ നിന്ന് ഗൌരവമേറിയ സിനിമകളുടെ സംവിധായകനായി മാറിയ ഹനീഫ തനി കോമഡി കഥാപാത്രങ്ങളിലേക്കു ചുവടുമാറുകയായിരുന്നു. അതിനു തുടക്കം കുറിച്ചതാകട്ടെ കിരീടം എന്ന സൂപ്പര്ഹിറ്റ് സിനിമയും. കിരീടത്തിലെ ഹൈദ്രോസ് എന്ന കഥാപാത്രവും അതിന്റെ മാനറിസങ്ങളും പുതിയൊരു തരംഗമായി. ഇതോടെ ഹനീഫയെത്തേടി ഒട്ടേറെ സിനിമകളെത്തി.

എല്ലാം ഹാസ്യത്തിന്റെ പുതിയ മുഖങ്ങൾ പ്രേക്ഷകര്ക്ക് നല്കിയ ചിത്രങ്ങൾ . മാന്നാര് മത്തായി സ്പീക്കിംഗ്, പഞ്ചാബിഹൌസ്, അനിയത്തിപ്രാവ്, ഹിറ്റ്ലർ, പത്രം തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ നിഷ്‌കളങ്ക ഹാസ്യത്തിന്റെ പുതിയ തലങ്ങൾ കാഴ്ചവയ്ക്കാൻ ഹനീഫയ്ക്കു കഴിഞ്ഞു. ഇതിനിടയില് ലോഹിതദാസിന്റെ സൂത്രധാരൻ എന്ന ചിത്രത്തില് ഏറെ ഗൗരവമായ ഒരു വേഷവും ചെയ്തു. അതിന് 2001ലെ മികച്ച സഹനടനുള്ള സംസ്ഥാന അവാര്ഡും ലഭിച്ചു. മലയാളത്തില് തിരക്കുള്ള നടനായിരിക്കുമ്പോഴും മികച്ച കഥാപാത്രങ്ങളാകാൻ തമിഴകം പലപ്പോഴും ഹനീഫയെ വിളിക്കുമായിരുന്നു. കമലാഹാസനൊപ്പം അഭിനയിച്ച മഹാനദിയിലെ പ്രകടനം ദക്ഷിണേന്ത്യ മുഴുവന് അദ്ദേഹത്തിന് പ്രശംസ നേടിക്കൊടുത്തു. ജീവിതത്തിൽ അഭിനയിക്കാത്ത സിനിമാക്കാരനായിരുന്നു കൊച്ചിന് ഹനീഫ. എല്ലാറ്റിനേയും ഒരു സാധാരണക്കാരന്റെ വീക്ഷണകോണിലൂടെയാണ് അദ്ദേഹം കണ്ടത്. താരജാഡകളില്ലാതെ, വിവാദങ്ങള് സൃഷ്ടിക്കാതെ, ആരേയും വേദനപ്പിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാജീവിതം. അരങ്ങൊഴിഞ്ഞിട്ട് മൂന്നു വര്ഷമായിട്ടും ആശാനേ..എന്ന ആ വിളി ഇപ്പോളും പ്രേഷകരുടെ കാതുകളിൽ മുഴങ്ങുന്നു.
ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം.

death anniversary of kochin haneefa

HariPriya PB :