അഭിനേതാക്കളില്‍ അച്ചടക്കം ഉറപ്പാക്കാന്‍ നടപടികളുമായി മലയാള സിനിമാ ലോകം. കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങളുമായി നിര്‍മ്മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കും ഇടയില്‍ കരാറുണ്ടാക്കാനാണ് തീരുമാനം. സിനിമ സെറ്റുകളിലെ പെരുമാറ്റം, സിനിമ പ്രൊമോഷന്‍, അഭിമുഖങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ശനമായ നിര്‍ദേശങ്ങള്‍ ആകും കരാറിലുണ്ടാകുക. സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സമഗ്രമായ കരാര്‍ നടപ്പാക്കുന്നത്.
ലൊക്കേഷനുകളില്‍ സമയ കൃത്യത പാലിക്കണം, ലഹരി ഉപയോഗം പാടില്ല, സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തണം, ഇതിനായി സെറ്റില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ഉണ്ടെന്ന് നിര്‍മാതാവ് ഉറപ്പുവരുത്തണം എന്നിങ്ങനെയാണ് കരാറിലെ പെരുമാറ്റ ചട്ടങ്ങള്‍. സിനിമയിലെ കഥാപാത്രത്തിന്റെ ലുക്ക് റിലീസിന് മുന്‍പ് പരസ്യപ്പെടുത്തരുത്, പ്രൊമോഷന്‍ അഭിമുഖങ്ങളില്‍ സിനിമയേക്കുറിച്ച് മാത്രം സംസാരിച്ചാല്‍ മതി, വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്യുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ട ബാധ്യത ഇല്ല എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളും അഭിനേതാക്കള്‍ക്കുണ്ട്. പകലും രാത്രിയും നീണ്ടുനില്‍ക്കുന്ന ചിത്രീകരണത്തില്‍ അഭിനേതാവിന്റെ സൗകര്യം കൂടി കണക്കിലെടുക്കണമെന്നും കരാറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പൊതുസ്ഥലത്ത് അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിയ്ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സിനിമ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയെന്ന അവതാരകയുടെ പരാതിയെത്തുടര്‍ന്നായിരുന്നു നടപടി. തുടര്‍ന്ന് സിനിമ മേഖലയെ തൊഴിലിടം എന്ന നിലയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് കീഴിലാക്കണം എന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് കരാറുണ്ടാക്കാനുള്ള തീരുമാനം.