ടിപി മാധവന്റെ മകന്‍ എന്നത് റെക്കോര്‍ഡിലുള്ള ബന്ധം മാത്രമാണ് എനിക്ക് ഒരു വയസ്സുള്ളപ്പോള്‍ പോയതാണ് അച്ഛന്‍; ടിപി മാധവനെ കുറിച്ച് മകന്‍ പറഞ്ഞത്

ഒരു കാലത്ത് മലയാള സിനിമായ്യിലെ നിറസാന്നിധ്യമായിരുന്നു ടി.പി മാധവന്‍. സിനിമയിലെ നാരദരെന്ന് വിളിപ്പേരുള്ള നടന്‍. 1975-ല്‍ ‘രംഗം’ എന്ന മലയാള സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളല്ല ടി.പി ചെയ്യുന്നതെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത മുഖമാണ് ടിപി മാധവന്റെത് .

വേറിട്ട അനേകം കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് ടി പി മാധവന്‍. സിനിമയിലേക്ക് വന്നതിന് ശേഷം ചെറുതും വലുതുമായി അനേകം വേഷങ്ങള്‍ ചെയ്യാന്‍ നടന് സാധിച്ചിരുന്നു. ഈ കാലത്ത് കുടുംബത്തെ നഷ്ടപ്പെട്ടെങ്കിലും അഭിനയ ജീവിതത്തില്‍ തന്നെ തുടരാനാണ് താരം തീരുമാനിച്ചത്.

നിലവില്‍ ഗാന്ധിഭവനിലെ അന്തേവാസിയായി ജീവിക്കുകയാണ് നടന്‍. അടുത്തിടെ നടി നവ്യ നായര്‍ ടി പി മാധവനെ നേരിട്ട് കണ്ടപ്പോഴുള്ള വീഡിയോ പുറത്ത് വന്നിരുന്നു. എന്നാല്‍ നടന്റെ മകനും ബോളിവുഡിലെ സംവിധായകനുമായ രാജകൃഷ്ണ മേനോന്‍ പിതാവിനെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. മലയാളത്തില്‍ സജീവമല്ലെങ്കിലും ബോളിവുഡ് സിനിമകളെടുത്താണ് താരപുത്രന്‍ ശ്രദ്ധേയനാവുന്നത്. ടി പി മാധവന്റെ മകന്‍ എന്ന ലേബലില്‍ അറിയപ്പെടാന്‍ തീരെ ഇഷ്ടമില്ലാത്ത രാജകൃഷ്ണന്‍ ഒരിക്കല്‍ പിതാവിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോയാണ് വൈറലാവുന്നത്. ആദ്യ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് രാജകൃഷ്ണന്‍ പറയുന്നതിങ്ങനെയാണ്… ‘നസറുദ്ദീന്‍ ഷാ ഇപ്പോള്‍ എന്റെ സുഹൃത്താണ്. അന്ന് പേടിച്ച് പേടിച്ചാണ് അങ്ങോട്ട് പോയത്. എന്റെ സ്വപ്‌നമായിരുന്നു അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്നത്. ആദ്യം സ്‌ക്രിപ്റ്റ് പറഞ്ഞപ്പോള്‍ തന്നെ എനിക്കിത് ചെയ്യണമെന്നാണ് അദ്ദേഹം പറഞ്ഞത്. പുള്ളി ആകാംഷയിലായി. അങ്ങനെയാണ് രണ്ടാളും ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നതെന്ന്’, രാജകൃഷ്ണ പറയുന്നു.

‘സിനിമ എന്റെ സ്വപ്നങ്ങളില്‍ പോലുമുണ്ടായിരുന്നില്ല. എങ്ങനെയോ അത് എന്നിലേക്ക് വന്നതാണ്. പിന്നീട് അതെനിക്ക് പ്രധാന്യമുള്ളതായി മാറി. മലയാള സിനിമ എടുക്കാനുള്ള ധൈര്യം എനിക്കില്ല. കാരണം അത്രയധികം കഴിവുള്ളവരാണ് ഇവിടെയുള്ളത്. മലയാളത്തില്‍ എന്റര്‍ടെയിന്‍മെന്റ് ഉണ്ടെങ്കിലും സാമൂഹ്യ പ്രശ്‌നങ്ങളോ മറ്റോ ഒക്കെ വിഷയമായി കൊണ്ട് വരും. എല്ലാം പ്രധാന്യമുള്ള കഥയും കഥാപാത്രങ്ങളായിരിക്കും’.

‘എന്റെ സിനിമാ ജീവിതത്തില്‍ നാല് സ്ത്രീകളുണ്ട്. അമ്മയും ഭാര്യയും ചേച്ചിയും ഒരു ആന്റിയുമൊക്കെ മികച്ച പിന്തുണ തന്നവരാണ്. ഭാര്യ അനുരാധ ഷെട്ടി പ്രൊഡക്ഷന്‍ ഡിസൈനറും ആര്‍ട്ടിസ്റ്റുമാണ്. എന്നേക്കാളും ഒത്തിരി ടാലന്റഡാണ് പുള്ളിക്കാരിയെന്നുമായിരുന്നു’ രാജകൃഷ്ണ പറഞ്ഞത്. ഇതേ അഭിമുഖത്തില്‍ പിതാവും നടനുമായ ടിപി മാധവനെ കുറിച്ചും രാജകൃഷ്ണ തുറന്ന് സംസാരിച്ചിരുന്നു. ‘ടിപി മാധവന്റെ മകന്‍ എന്നത് റെക്കോര്‍ഡിലുള്ള ബന്ധം മാത്രമാണ്. അമ്മയാണ് എന്നെ വളര്‍ത്തിയത്. എനിക്ക് ഒരു വയസ്സുള്ളപ്പോള്‍ പോയതാണ് അച്ഛന്‍. അതുകൊണ്ട് എനിക്ക് അദ്ദേഹവുമായി കൂടുതല്‍ ബന്ധങ്ങളൊന്നുമില്ല. അതേപ്പറ്റി കൂടുതലൊന്നും പറയാനുമില്ല’, എന്നാണ് പിതാവിനെ കുറിച്ചുള്ള ചോദ്യത്തിന് രാജകൃഷ്ണ മേനോന്‍ പറഞ്ഞത്.

അതേ സമയം ടിപി മാധവന്റെ അതേ ശബ്ദം തന്നെയെന്നാണ് മകനെന്ന് ആരാധകര്‍ കമന്റിലൂടെ പറയുന്നത്. ഗാന്ധിഭവനിലുള്ള പിതാവിനെ പോയി കാണണം. അത് നിങ്ങള്‍ക്ക് കൂടുതല്‍ അനുഗ്രഹം തരികയേയുള്ളു. ടിപി മാധവന്‍ സിനിമയില്‍ വന്നത് കൊണ്ടാണ് അവര്‍ അദ്ദേഹത്തെ ഉപേക്ഷിച്ചത്. മക്കളെങ്കിലും സത്യം മനസിലാക്കി അവസാന കാലത്തെങ്കിലും അദ്ദേഹത്തിനൊപ്പം ഉണ്ടാവണം, എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ഈ വീഡിയോയുടെ താഴെ വരുന്നത്.

AJILI ANNAJOHN :