സിപിസി ചലച്ചിത്ര അവാർഡ് ;മികച്ച നടൻ ജോജു ജോർജ്, നടി ഐശ്വര്യ ലക്ഷ്മി

സി പി സി അവാർഡുകൾ പ്രഖ്യാപിച്ചു. ഇന്നാണ് അവാർഡുകൾ വിതരണം ചെയ്യുന്നത്. ഫെയ്സ്ബുക്ക് കൂട്ടായ്മയായ സിനിമ പാരഡൈസോ ക്ലബ്ബിന്റെ (സിപിസി) 2018 ലെ ചലച്ചിത്ര അവാർഡുകളിൽ ‘സുഡാനി ഫ്രെം നൈജീരിയ’ ആണ് മികച്ച ചിത്രം. മികച്ച സംവിധായകനുളള പുരസ്കാരം തുടർച്ചയായ രണ്ടാം വട്ടവും ലിജോ ജോസ് പെല്ലിശേരി നേടി. ‘ഈ മ യൗ’ ആണ് ലിജോ ജോസിന് ഇത്തവണ പുരസ്കാരം നേടിക്കൊടുത്തത്.

ജോജു ജോർജ് ആണ് മികച്ച നടൻ. എം.പദ്മ കുമാർ സംവിധാനം ചെയ്ത ‘ജോസഫ്’ എന്ന ചിത്രത്തിലെ അഭിനയമാണ് ജോജുവിന് അവാർഡ് നേടിക്കൊടുത്തത്. വരത്തനിലെ അഭിനയത്തിന് ഐശ്വര്യ ലക്ഷ്മി മികച്ച നടിക്കുളള പുരസ്കാരത്തിന് അർഹയായി. ഈ മ യൗവിലെ അഭിനയത്തിലൂടെ വിനായകൻ മികച്ച സഹനടനുളള പുരസ്കാരം നേടി. ഈ മ യൗവിൽ മികച്ച അഭിനയം കാഴ്ച വച്ച പോളി വിൽസണും സുഡാനി ഫ്രെം നൈജീരിയയിലെ ഉമ്മയെ തനതായ അഭിനയ ശൈലിയിലൂടെ മികവുറ്റതാക്കിയ സാവിത്രി ശ്രീധരനും മികച്ച സഹനടിക്കുളള പുരസ്കാരം പങ്കിട്ടു.

മികച്ച തിരക്കഥയ്ക്കുളള പുരസ്കാരം സുഡാനി ഫ്രെം നൈജീരിയയുടെ തിരക്കഥാകൃത്തുക്കളായ സക്കറിയയ്ക്കും മുഹസിൻ പൂജാരിക്കുമാണ്. സുഡാനി ഫ്രെം നൈജീരിയ, ഈ മ യൗ എന്നീ സിനിമകളിലൂടെ ഷൈജു ഖാലിദ് മികച്ച ഛായാഗ്രഹകനുളള പുരസ്കാരം നേടി. മികച്ച എഡിറ്റർ-നൗഫൽ അബ്ദുളള, മികച്ച പശ്ചാത്തല സംഗീതം- പ്രശാന്ത് പിളള, മികച്ച ഒർജിനൽ സോങ്- രണം ടൈറ്റിൽ ട്രാക്ക്, മികച്ച സൗണ്ട് ഡിസൈനിങ്- രംഗനാഥ് രവി.

c p c awards

HariPriya PB :