ചാനൽ വരുമാനം ഒന്നും നോക്കിയല്ല മകൾക്ക് ഒപ്പം ഡാൻസ് വീഡിയോകൾ ചെയ്യുന്നത് ; ബിജുക്കുട്ടന്‍

മലയാളികള്‍ക്ക് സുപരിചിതനാണ് ബിജുക്കുട്ടന്‍. മിമിക്രി വേദികളിലൂടേയും പിന്നീട് കോമഡി പരിപാടികളിലൂടേയുമാണ് ബിജുക്കുട്ടന്‍ മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. അധികം വൈകാതെ മലയാള സിനിമയിലും നിറ സാന്നിധ്യമായി മാറുകയായിരുന്നു ബിജുക്കുട്ടന്‍. മിമിക്രിയിലും അഭിനയത്തിലുമൊക്കെ കയ്യടി നേടിയ ബിജുക്കുട്ടന്‍ നല്ലൊരു ഡാന്‍സര്‍ കൂടിയാണ്.

കേരളത്തിലും വിദേശത്തും ഓടി നടന്ന് സ്റ്റേജ് ഷോ അവതരിപ്പിക്കുന്ന താരങ്ങളിൽ ഒരാൾ കൂടി ആണ് ബിജുക്കുട്ടൻ. അടുത്തിടെ മകൾക്കൊപ്പമുള്ള ബിജുക്കുട്ടന്റെ ഡാൻസ് വീഡിയോകൾ വൈറലായി മാറിയിരുന്നു. താരങ്ങൾ അടക്കം നിരവധി പേരാണ് വീഡിയോ പങ്കുവച്ചത്. ഇപ്പോഴിതാ, കുറെ നാളുകൾക്ക് ശേഷം കുടുംബസമ്മേതം ഒരു അഭിമുഖം നൽകിയിരിക്കുകയാണ് ബിജുക്കുട്ടൻ. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹത്തെ കുറിച്ചും മകൾക്കൊപ്പമുള്ള ഡാൻസിനെ കുറിച്ചുമൊക്കെ നടൻ സംസാരിക്കുന്നുണ്ട്.

ചാനൽ വരുമാനം ഒന്നും നോക്കിയല്ല മകൾക്ക് ഒപ്പം ഡാൻസ് വീഡിയോകൾ ചെയ്യുന്നതെന്ന് ബിജുക്കുട്ടൻ പറഞ്ഞു. ഇപ്പോൾ ആളുകൾക്ക് അത് ഇഷ്ട്ടമായി തുടങ്ങി. നമ്മൾ വീഡിയോ ഇടാതിരിക്കുമ്പോൾ ഓരോരുത്തർ നിരാശ അറിയിക്കാറുണ്ട്. അടുത്തിടെ വീഡിയോ കണ്ട് ചെമ്പൻ വിനോദ് ചേട്ടൻ പറഞ്ഞ വാക്കുകൾ ഹൃദയത്തിലാണ് പതിഞ്ഞതെന്ന് ബിജുക്കുട്ടൻ പറഞ്ഞു. വീഡിയോകൾ ഇടാൻ വൈകുന്നതിന് കാരണം താൻ ഡാൻസ് പഠിച്ചെടുക്കാൻ വൈകുന്നത് കൊണ്ടാണെന്നും ബിജുക്കുട്ടൻ കൂട്ടിച്ചേർത്തു.

എന്നാൽ അച്ഛനെ പഠിപ്പിക്കാൻ പാടൊന്നുമില്ല സ്റ്റെപ്പ് കാണിച്ചു കൊടുത്താൽ അച്ഛൻ കളിച്ചോളും എന്നായിരുന്നു മകൾ പറഞ്ഞത്. ചെറുപ്പം മുതലെ തനിക്ക് ഡാൻസ് വലിയ ഇഷ്ടമായിരുന്നുവെന്ന് ബിജുക്കുട്ടൻ പറഞ്ഞു. നല്ല റിഥമുള്ള പാട്ട് കേട്ടാൽ അപ്പോൾ തന്നെ ഡാൻസ് ചെയ്യാൻ തുടങ്ങും. ഗാനമേളയ്ക്ക് ഒക്കെ പോയി ന്നാ താൻ കേസ് കൊടിൽ കുഞ്ചാക്കോ ബോബൻ കളിക്കുന്ന പോലെ കളിക്കുമായിരുന്നു എന്നും ബിജുക്കുട്ടൻ പറഞ്ഞു.

മകളോടൊപ്പമുള്ള ഡാൻസ് വീഡിയോ പകർത്താറുള്ളത് ഭാര്യ ആണെന്ന് ബിജുക്കുട്ടൻ പറഞ്ഞു. താൻ പണ്ട് സ്‌കൂളിൽ ഡാൻസിനൊക്കെ പങ്കെടുക്കുമായിരുന്നു എന്നും എന്നാൽ പിന്നീട് അത് നിർത്തിയത് ആണെന്നും ഭാര്യ സുബിത വ്യക്തമാക്കി. മകൾക്കൊപ്പം ഡാൻസ് ചെയ്യുന്നത് പറഞ്ഞിരുന്നു. പിന്നീട് ചെയ്തില്ല. മടിയുണ്ടെന്നായിരുന്നു താരപത്നി പറഞ്ഞത്.

തന്റെ വിവാഹത്തെ കുറിച്ചും ബിജു കുട്ടൻ സംസാരിച്ചു. മുൻപ് മിമിക്രിക്കാരൻ ആണെന്ന് പറയാതെയാണ് വിവാഹം കഴിച്ചതെന്ന് ബിജുക്കുട്ടൻ പറഞ്ഞിട്ടുണ്ട്. അതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി. മിമിക്രി ചെയ്യുന്ന സമയത്ത് തന്നെ മാർബിളിന്റെ പണിക്ക് പോകുമായിരുന്നു.

വീട്ടിൽ അന്ന് പൈസ ഒന്നും കൊടുക്കണ്ടായിരുന്നു. നമ്മുടേതായ ആഗ്രഹങ്ങൾ ഒക്കെ അതിലൂടെ നടന്നു പോകുമായിരുന്നു. നിസ്സാര പൈസ ആയിരുന്നു കിട്ടിയിരുന്നത്, 250 രൂപ കാണും. വിവാഹം വരും മുൻപേ തന്നെ ഭാര്യയുടെ കുടുംബത്തിന് അറിയാമായിരുന്നു. എന്റെ വീട്ടുകാർക്ക് അവരെയും. പക്ഷേ ഞങ്ങൾക്ക് പരസ്പരം അറിയുമായിരുന്നില്ല.

പെണ്ണ് കാണാൻ അവിടെ ചെല്ലുമ്പോൾ മാർബിളിന്റെ പണി ആണെന്ന് പറഞ്ഞാൽ മതി, മിമിക്രി ആണെന്ന് പറയണ്ടെന്ന് പറഞ്ഞത് ഞാനാണ്. പക്ഷേ ഭാര്യയുടെ വീട്ടുകാർക്ക് അറിയാമായിരുന്നു മിമിക്രി ആണെന്ന്. അച്ഛനും അമ്മയ്ക്കും അത് ഓക്കേ ആയിരുന്നു. പിന്നെ ഭാര്യക്ക് എല്ലാം അവരുടെ വീട്ടുകാർ പറഞ്ഞു കൊടുത്തിരുന്നു.

മിമിക്രിക്കാരൻ ആണെന്ന് ഭാര്യയോട് വീട്ടുകാർ മറച്ചു വച്ചില്ല, അപ്പോൾ തന്നെ അവർ എല്ലാവരോടും അത് അഭിമാനത്തോടെ പറയുമായിരുന്നു. അതാണ് അവരെ ഇഷ്ടമായത്. അവർ ഭയങ്കര സപ്പോർട്ട് ആയിരുന്നെന്നും ബിജുക്കുട്ടൻ പറഞ്ഞു.

മിന്നൽ മുരളി, കർണൻ നെപ്പോളിയൻ ഭഗത് സിംഗ് തുടങ്ങിയ സിനിമകളിലാണ് ബിജുക്കുട്ടൻ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ഫ്ളവേഴ്സിലെ കോമഡി ഉത്സവത്തിൽ ഏറെക്കാലം ജഡ്‌ജ്‌ ആയി ബിജുക്കുട്ടൻ ഉണ്ടായിരുന്നു.

AJILI ANNAJOHN :