പാവം എന്ന ടാഗ് വലിയൊരു തലവേദനയാണ്… എനിക്ക് പാവം ആകാനൊന്നും താൽപര്യമില്ല; ദില്‍ഷ പ്രസന്നന്‍

ബിഗ് ബോസിലൂടെ ജീവിതം മാറി മറഞ്ഞ താരമാണ് ദില്‍ഷ പ്രസന്നന്‍. മലയാളത്തിലെ ഏറ്റവും സംഭവബഹുലമായ സീസണ്‍ ആയ നാലാം സീസണിലെ വിന്നറാണ് ദില്‍ഷ.ബിഗ് ബോസിന് ശേഷം ഇപ്പോൾ സിനിമയിലേക്കും ചുവടുവച്ചിരിക്കുകയാണ് താരം. അനൂപ് മേനോൻ നായകനായ ഓഹ് സിൻഡ്രല്ല എന്ന ചിത്രത്തിലെ നായികയാണ് ദിൽഷ.

ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് ദിൽഷ ഇപ്പോൾ. അതിനിടെ തന്റെ ബിഗ് ബോസ് യാത്രയ്ക്ക് ശേഷമുള്ള കാലഘട്ടത്തെ കുറിച്ച് ദിൽഷ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും ചലഞ്ചിങ് ആയ ഫേസ് ആയിരുന്നു അതെന്നാണ് ദിൽഷ പറയുന്നത്. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ബിഗ് ബോസിന് ശേഷം വലിയ രീതിയിലുള്ള സൈബർ ആക്രമണം നേരിടേണ്ടി വന്ന ആളാണ് ദിൽഷ. അത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.

‘ബിഗ് ബോസ് ആയിരുന്നു ഏറ്റവും ചലഞ്ചിങ് ഫേസ്. ബിഗ് ബോസിന് മുൻപ് എനിക്ക് അങ്ങനത്തെ അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഫാമിലിയിൽ ഉണ്ടാകുന്ന കുഞ്ഞു കുഞ്ഞു സങ്കടങ്ങൾ അല്ലാതെ മറ്റു സങ്കടങ്ങളും എനിക്ക് ഉണ്ടായിട്ടില്ല. പക്ഷെ പബ്ലിക്കിന്റെ മുന്നിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുന്നതും കുറെ കാര്യങ്ങൾ ഫേസ് ചെയ്യേണ്ടി വന്നതും അച്ഛനും അമ്മയുമെല്ലാം കരയുന്നത് കാണേണ്ടി വന്നതൊക്കെ ബിഗ് ബോസിന് ശേഷമാണ്’

,’ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഞാൻ കമന്റുകളൊന്നും നോക്കാതെ ആയിരുന്നു. വീട്ടുകാരോടും പറഞ്ഞു. എന്തിനാണ് വെറുതെ അതെല്ലാം വായിച്ചു സങ്കടപ്പെടുന്നത്. ആദ്യമാദ്യം വന്ന മോശം കമന്റുകളൊക്കെ വളരെയധികം സങ്കടമുണ്ടാക്കി. ഞാനൊരു മോശം കുട്ടി ആണെങ്കിൽ അത് കേൾക്കാൻ ഞാൻ ബാധ്യസ്ഥയാണെന്ന് വെക്കാം. പക്ഷെ ഒന്നും ചെയ്യാതെ അങ്ങനെ കുറെ കമന്റുകൾ വന്നപ്പോൾ. അത് എനിക്ക് പറയാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. അത് ഞാൻ കാണേണ്ട എന്ന് വെച്ചപ്പോൾ ആ പ്രശ്നം മാറി’, ദിൽഷ പറഞ്ഞു.

ഷോയിൽ കണ്ടപോലെ റിയൽ ലൈഫിലും ഭയങ്കര പാവം വ്യക്തിയാണ് താനെന്ന് ദിൽഷ അഭിമുഖത്തിൽ പറഞ്ഞു. ഒരു മനുഷ്യനും ഇത്രയും പാവം ആകരുത്. ഇത്രയും സെൻസിറ്റീവ് ആകരുത്. ബോൾഡ് ആകണം. ആരുമായിട്ടും ഇമോഷണലി അറ്റാച്ചഡ് ആകരുത്. എല്ലാവരോടും എനിക്ക് അതാണ് പറയാനുള്ളത്. പാവം എന്ന ടാഗ് വലിയൊരു തലവേദനയാണ്. എനിക്ക് പാവം ആകാനൊന്നും താൽപര്യമില്ല. പക്ഷെ എനിക്ക് പെട്ടെന്ന് സങ്കടം വരും. ഒരു ഫീലിംഗ്‌സും കൺട്രോൾ ചെയ്യാൻ പറ്റില്ല. അപ്പോൾ തന്നെ കരയും’, ദിൽഷ പറയുന്നു.

സിനിമയിൽ വന്നശേഷം മോശം അനുഭവങ്ങളുണ്ടോ എന്ന ചോദ്യത്തിനോടും ദിൽഷ പ്രതികരിച്ചു. ‘കാസ്റ്റിംഗ് കൗച്ച് പോലുള്ള അനുഭവങ്ങളൊന്നും എനിക്ക് ഉണ്ടായിട്ടില്ല. ചിലർ കോളിലൂടെ ഇൻഡയറക്റ്റായി ചോദിച്ചിട്ടുണ്ട്. അഡ്ജസ്റ്റ് ചെയ്യണം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷെ അങ്ങനെയൊരു സിനിമ ചെയ്യണമെന്ന് എനിക്ക് ഇല്ല. എന്റെ കഴിവ് കണ്ട് കിട്ടുന്ന അവസരങ്ങൾ മതി. മറ്റെല്ലാം റിജെക്റ്റ് ചെയ്ത് വിടുകയാണ് ചെയ്യുക. അതല്ലാതെ മോശമായി ആരും എന്റെ അടുത്ത് അപ്രോച്ച് ചെയ്തിട്ടില്ല. പുറത്തുവെച്ചാണെങ്കിലും അങ്ങനെ മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ല’,

എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും ദിൽഷ പറഞ്ഞു. ‘ചെറുപ്പത്തിൽ ഗുഡ് ടച്ചിനെ കുറിച്ചോ ബാഡ് ടച്ചിനെ കുറിച്ചോ ഒന്നും എനിക്ക് ആരും പറഞ്ഞ് തന്നിട്ടില്ല. പക്ഷെ മിട്ടായി തന്ന് ആരെങ്കിലും വിളിച്ചാൽ പോകരുത് എന്നൊക്കെ പറഞ്ഞു തന്നിട്ടുണ്ട്. കാരണം ഞാൻ പെട്ടെന്ന് എല്ലാവരെയും വിശ്വസിക്കുന്ന ടൈപ്പ് ആയിരുന്നു അന്നും. ആരെയും ഞാൻ കണ്ണടച്ച് വിശ്വസിക്കും. എനിക്ക് ആരെ കണ്ടാലും അവർ നല്ലവരാണ്. അവരുടെ ഉള്ളിൽ മറ്റെന്തെങ്കിലും ഉണ്ടോ എന്ന് ആഴ്ന്ന് നോക്കാനൊന്നും എനിക്ക് അറിയില്ല’, ദിൽഷ അഭിമുഖത്തിൽ പറഞ്ഞു.

AJILI ANNAJOHN :