ഗാനങ്ങളോ സംഭാഷണങ്ങളോ കഥാപാത്രങ്ങളുടെ പേരുകളോ ഉപയോ​ഗിക്കരുത്, നിയമപരമായി നേരിടും; മുന്നറിയിപ്പുമായി നിർമാതാക്കൾ

മമ്മൂട്ടിയുടേതായി ഈ വർഷം പുറത്തിറങ്ങി സൂപ്പർഹിറ്റാി മാറിയ ചിത്രമായിരുന്നു ഭ്രമയു​ഗം. രാഹുൽ സദാശിവന്റെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രം നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും പിടിച്ചു പറ്റിയിരുന്നു. ചിത്രത്തിലെ ​ഗാനങ്ങളെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

എന്നാൽ ഇപ്പോഴിതാ അനുമതിയില്ലാതെ ഭ്രമയു​ഗത്തിന്റെ ഒരു ഘടകവും ഉപയോ​ഗിക്കരുതെന്ന് വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോ. വൈനോട്ട് സ്റ്റുഡിയോസ്, നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ഭ്രമയു​ഗം നിർമിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പേരും ലോ​ഗോയും ട്രേഡ്മാർക്ക് ചെയ്തിട്ടുണ്ട്. വാണിജ്യ ആവശ്യങ്ങൾക്കായി ചിത്രത്തിലെ ​ഗാനങ്ങളോ സംഭാഷണങ്ങളോ കഥാപാത്രങ്ങളുടെ പേരുകളോ അനധികൃതമായി ഉപയോ​ഗിക്കുന്നത് നിയമപരമായി നേരിടും.

ഗാനങ്ങളുടെ കവർ പതിപ്പുകളുടെ നിർമാണം, നാടകങ്ങൾ, സ്‌കിറ്റുകൾ, സ്റ്റേജ് പ്രോഗ്രാമുകൾ, വാണിജ്യ ആവശ്യങ്ങൾ, ബ്രാൻഡുകൾക്ക് വേണ്ടിയുള്ള പൊതു പരിപാടികളോ സ്വകാര്യ പരിപാടികളോ, തീം പാർട്ടികൾ എന്നിവയ്ക്കായി നിയമപരമായ അനുമതിയോ ലൈസൻസോ നിർബന്ധമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഹൊറർ ത്രില്ലർ ​വിഭാഗത്തിൽ വരുന്ന ചിത്രം പൂർണമായും ബ്ലാക് ആൻഡ് വൈറ്റ് തീമിലാണ് പുറത്തെത്തിയത്. റെഡ് റെയിൻ, ഭൂതകാലം എന്നീ ചിത്രങ്ങൾക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഭ്രമയുഗം. സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ, മണികണ്ഠൻ ആചാരി, അമാൽഡ ലിസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

പതിവിൽ നിന്ന് വ്യത്യസ്തമായി ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കേരളത്തിൽ മാത്രമല്ല തമിഴ്നാട്, ആന്ധ്ര പ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ചിത്രം വൻ ഹിറ്റായിരുന്നു. വിദേശരാജ്യങ്ങളിൽ നിന്നും വരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്.

Vijayasree Vijayasree :