നീ വെല്ലുവിളികള്‍ നേരിടുന്നത് ആദ്യമാണ്, അതുകൊണ്ടാണ് നീ തളര്‍ന്നു പോയത്! സമൂഹം നിരന്തരം നിന്നെ പിന്തുടര്‍ന്ന് വേട്ടയാടിക്കൊണ്ടിരിക്കും, അവിടെയൊന്നും നീ തളരരുത്, ഇനി ഹനാന്‍ കരയില്ല: ഭാഗ്യലക്ഷ്മി

നീ വെല്ലുവിളികള്‍ നേരിടുന്നത് ആദ്യമാണ്, അതുകൊണ്ടാണ് നീ തളര്‍ന്നു പോയത്!
സമൂഹം നിരന്തരം നിന്നെ പിന്തുടര്‍ന്ന് വേട്ടയാടിക്കൊണ്ടിരിക്കും, അവിടെയൊന്നും നീ തളരരുത്, ഇനി ഹനാന്‍ കരയില്ല: ഭാഗ്യലക്ഷ്മി

ഹനാന്‍ ഇനി കരയില്ലെന്ന് ഭാഗ്യലക്ഷ്മിയുടെ ഉറപ്പ്. ഹനാന്‍ വെല്ലുവിളികള്‍ നേരിടുന്നത് ആദ്യമായാണെന്നും അതുകൊണ്ടാണ് അവള്‍ തളര്‍ന്നു പോയതെന്നും സമൂഹം ഇനിയും ഹനാനെ നിരന്തരം പിന്തുടര്‍ന്ന് വേട്ടയാടിക്കൊണ്ടിരിക്കുമെന്നും അവിടെയൊന്നും തരളരരുതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മി ഹനാനെ തിരുവനന്തപുരത്ത് വെച്ച് കണ്ടിരുന്നു. ഇതേ കുറിച്ച് ഭാഗ്യലക്ഷ്മി പറയുന്നു.

ഭാഗ്യലക്ഷ്മിയുടെ വാക്കുകളിലയേക്ക്-

ഹനാന്റെ വാര്‍ത്തകള്‍ അറിഞ്ഞതു മുതല്‍ അവളെ നേരില്‍ കാണണം, ഒന്ന് ആശ്വസിപ്പിക്കണം, വാരിപ്പുണരണം എന്നൊക്കെ വലിയ ആഗ്രഹം ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുകയാണ് ഞാന്‍. ഹനാനെപ്പോലെ തന്നെ സൈബര്‍ ആക്രമണങ്ങളൊക്കെ എനിക്ക് നേരെയും ഉണ്ടായതുകൊണ്ട് ഫെയ്‌സ്ബുക്കില്‍ നിന്നും പിന്മാറി. പിന്നെ എന്നെ അറിയാവുന്നവര്‍ വാട്‌സാപ്പില്‍ തരുന്ന മെസേജുകള്‍ മാത്രമേ അറിയാറുള്ളൂ.


അങ്ങനെയാണ് ഹനാനെതിരെ വരുന്ന അധിക്ഷേപങ്ങളെക്കുറിച്ചും വിവരങ്ങള്‍ ലഭിക്കുന്നത്. അന്ന് രാത്രി ടിവിയില്‍ വാര്‍ത്ത കണ്ടിരുന്നപ്പോള്‍ ഹനാന്‍ പൊട്ടിക്കരയുന്നത് കണ്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ജോലി ചെയ്ത് അഭിമാനത്തോടെ ജീവിക്കുന്ന പെണ്‍കുട്ടി എന്തിനാണ് ഇങ്ങനെ കരയുന്നതെന്ന് ചിന്തിച്ചപ്പോഴാണ് അവള്‍ അനുഭവിക്കേണ്ടി വന്ന വേദനയുടെ ആഴം മനസിലായത്. അവളെ കാണണം എന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ശനിയാഴ്ച ഞാന്‍ കൊച്ചിയില്‍ എത്തിയിരുന്നു. അന്ന് അവളെ കാണാമെന്നാണ് കരുതിയത്. എന്നാല്‍, ഹനാന് ഒരു ചാനലില്‍ എന്തോ പരിപാടിയുണ്ടെന്ന് പറഞ്ഞതിനാല്‍ കാണാന്‍ കഴിഞ്ഞില്ല. ഞാന്‍ തിരുവനന്തപുരത്തേക്ക് പോരുകയും ചെയ്തു.

അതിനുമുമ്പ് തന്നെ ഒരു ചാനലില്‍ നിന്ന് വിളിച്ചപ്പോള്‍ ഹനാനോട് ഇനി കരയരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു, ഇത് ചാനലുകാര്‍ അവളോട് പറയുകയും, ഭാഗ്യലക്ഷ്മിച്ചേച്ചി പറഞ്ഞിട്ടുണ്ട് കരയരുതെന്ന്, അതുകൊണ്ട് ഞാനിനി കരയില്ലെന്ന് അവള്‍ പറഞ്ഞതായും ഞാനറിഞ്ഞിരുന്നു. കൊച്ചിയില്‍ നിന്ന് ഞാന്‍ തിരിച്ചുപോരുകയാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ നാളെ തിരുവനന്തപുരത്ത് വരുന്നുണ്ടെന്നും അവിടെവച്ച് നമുക്ക് കാണാം ചേച്ചിയെന്നും എന്ന് ഹനാന്‍ പറഞ്ഞു. അപ്പോള്‍ നീ എവിടെയുണ്ടെന്നു പറഞ്ഞാല്‍ മതി, ഞാന്‍ അവിടെ വരാം എന്ന് അവളോടു പറയുകയും ഒരു ചാനലിന്റെ ഓഫീസില്‍ പോയി കാണുകയുമായിരുന്നു. കണ്ടപ്പോള്‍ കാത്തിരുന്നപോലെ അവള്‍ ഓടി വന്ന് കെട്ടിപ്പിടിച്ചു.

അവള്‍ ഒരു ചെറിയ കുട്ടിയാണ്. 21 വയസുണ്ടെന്നു പറഞ്ഞാലും അവള്‍ക്ക് വലിയ പക്വതയമൊന്നുമില്ല, ഒരു നിഷ്‌ക്കളങ്ക. ഞാന്‍ പറഞ്ഞു, നീ സമൂഹത്തില്‍ നിന്ന് വെല്ലുവിളികള്‍ നേരിടുന്നത് ആദ്യമാണ്, അതുകൊണ്ടാണ് നീ തളര്‍ന്നുപോയത്. ജീവിതത്തില്‍ നിന്റെ കുടുംബത്തില്‍ നിന്ന് നീ ഏറെ വെല്ലുവിളികളെ അതിജീവിച്ചിട്ടുണ്ടെങ്കിലും സമൂഹത്തിന്റെ വെല്ലുവിളിയെ നിനക്ക് അതിജീവിക്കാനായില്ല. സമൂഹം ഇങ്ങനെയാണ്. നമ്മെ നിരന്തരം പിന്തുടര്‍ന്ന് വേട്ടയാടിക്കൊണ്ടിരിക്കും. അവിടെയൊന്നും തളരരുത്. ഇത് ഇനിയും കൂടുകയേ ഉള്ളൂ. ‘ഇനി അവള്‍ കരയില്ല’; ഹനാനെ വാരിപ്പുണര്‍ന്ന് ഭാഗ്യലക്ഷ്മി.
Bhagyalakshmi about Hanan

 

Farsana Jaleel :