മോഹൻലാലെന്ന നടനല്ല കുഴപ്പം പറ്റിയത്, അദ്ദേഹത്തിനൊപ്പം കൂടുന്ന കഥകൾക്കാണ് കുഴപ്പം, അദ്ദേഹം എന്നും മോഹൻലാൽ തന്നെയാണ്; ഭദ്രൻ

സ്ഫടികം’ സിനിമ മലയാളികൾ നെഞ്ചിലേറ്റിയ ചിത്രമാണ് ആട് തോമയായി മോഹൻലാൽ നിറഞ്ഞാടിയ സ്പടികം.
സംവിധായകൻ ഭദ്രൻ ഒരുക്കി മോഹൻലാൽ, തിലകൻ, കെപിഎസി ലളിത തുടങ്ങിയ നിരവധി താരങ്ങള്‍ അസാധ്യ പ്രകടനം കാഴ്ചവെച്ച മാസും ക്ലാസും നിറഞ്ഞ സിനിമയാണ് ‘സ്ഫടികം’ .ഒറ്റവാക്കിൽ പറഞ്ഞാൽ ഭദ്രന്‍റെ മാസ്റ്റർപീസ് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ചിത്രമാണ് സ്ഫടികം. കാലാതീതമായി പഴയ തലമുറയേയും പുതിയ തലമുറയേയും ആ സിനിമ ഒരുപോലെ വിസ്മയിപ്പിക്കുന്നുണ്ട്.

ഇപ്പോഴിത ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം ഭദ്രൻ-മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ എക്കാലത്തേയും ഹിറ്റ് ചിത്രം സ്ഫടികം പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളോടെയും വീണ്ടും റിലീസ് ചെയ്യുകയാണ്.

ഫെബ്രുവരി ഒമ്പതിന് 4കെ ഡോൾബി അറ്റ്‍മോസ് ദൃശ്യശ്രാവ്യ ചാരുതയോടെ ചിത്രം 150ൽ പരം തിയേറ്ററുകളിലെത്തുമെന്നാണ് സംവിധായകൻ ഭദ്രൻ അറിയിച്ചിരിക്കുന്നത്. ഇപ്പോൾ സംവിധാനത്തിൽ സജീവമല്ലെങ്കിലും പുതിയ ആളുകളുടെ സിനിമകളെല്ലാം കാണുകയും അഭിപ്രായം സോഷ്യൽമീഡിയ വഴി പങ്കുവെക്കുകയും ചെയ്യുന്ന സംവിധായകനാണ് ഭദ്രൻ.

ഇപ്പോഴിത സിനിമയെ വിലയിരുത്തണമെങ്കിൽ എഡിറ്റിങ് അറിഞ്ഞിരിക്കണമെന്ന പ്രമുഖരുടെ പ്രസ്താവന മണ്ടൻ സിദ്ധാന്തമായിട്ടെ കണക്കാക്കാൻ പറ്റുകയുള്ളൂവെന്ന് പറയുകയാണ് ഭദ്രൻ.

മോഹൻലാൽ മോശം സിനിമകൾ ചെയ്യുന്നത് അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ടല്ലെന്നും ഭദ്രൻ വിശദീകരിച്ചു. ‘ഞാൻ ഇത്തിരി തുറന്ന് പറയുന്ന കൂട്ടത്തിലായതുകൊണ്ട് പേടിയൊന്നും എനിക്കില്ല. മോഹൻലാലെന്ന നടനല്ല കുഴപ്പം പറ്റിയത്. മോഹൻലാലിനൊപ്പം കൂടുന്ന കഥകൾക്കാണ് കുഴപ്പം. അദ്ദേഹം എന്നും മോഹൻലാൽ തന്നെയാണ്.’

‘പ്രതിഭ മോഹൻലാലിന് നൈസർ​ഗികമായി ജനിച്ചപ്പോൾ മുതലുണ്ട്. പുള്ളി ട്യൂൺ ചെയ്ത് എടുത്തതൊന്നുമല്ല. മറ്റുള്ളവരെ അപേക്ഷിച്ച് നോക്കുമ്പോൾ മോഹൻലാലിന് ഉള്ള ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ കഥ പറയുമ്പോൾ തന്നെ അദ്ദേഹത്തിന്റെ മനസിനകത്ത് ഒരു കെമിസ്ട്രി പുള്ളി പോലും അറിയാതെ ഉണ്ടാകുന്നുണ്ട് എന്നതാണ്.’

ആ കെമിസ്ട്രി എന്താണെന്ന് അദ്ദേഹത്തിന് പോലും ചിലപ്പോൾ വിവരിക്കാൻ കഴിയില്ല. ആ കെമിസ്ട്രിക്ക് അനുസരിച്ചാണ് പിന്നീട് പുള്ളി പെരുമാറുന്നത്. ആ മോഹൻലാൽ ഇപ്പോഴുമുണ്ട്.’

‘അതുകൊണ്ടാണ് അദ്ദേഹം ശരീരമൊക്കെ സൂക്ഷിച്ച് നിൽക്കുന്നത്. മോഹൻലാലിന്റെ അടുത്തേക്ക് നല്ല കഥകൾ കടന്നുചെല്ലുന്നില്ല. നല്ല കണ്ടന്റുകൾ ചെല്ലുന്നില്ല. നല്ല കഥകൾ അ​​ദ്ദേഹത്തിലേക്ക് ചെല്ലുമ്പോൾ മോഹൻലാൽ പഴയ മോഹൻലാൽ തന്നെയാകും.’

കുറെ സ്റ്റണ്ടും ഒച്ചയും ബഹളവും ഉണ്ടാക്കുന്നതല്ല സിനിമ. അത് കഥയുമായി പോകുന്നവരും മനസിലാക്കണം. മോഹൻലാൽ അത് മനസിലാക്കി മാറ്റി കാണിക്കും. നല്ല കണ്ടന്റ് ഇല്ലാത്തതുകൊണ്ടാണ് ആളുകൾ തിയേറ്ററിൽ വരാത്തത്.’

‘ജയജയജയജയഹെ, ന്നാ താൻ കേസ് കൊട് എന്നീ സിനിമകളൊക്കെ വലിയ വിജയമായിരുന്നു. അതിന് കാരണം കണ്ടന്റ് നല്ലതാണ് എന്ന കാരണമാണ്. ന്നാ താൻ കേസ് കൊട് സിനിമയിലെ കുഞ്ചാക്കോ ബോബന്റെ പെർഫോമൻസ് ​ഗംഭീരമായിരുന്നു. സിനിമയും ​ഗംഭീരമായിരുന്നു.’

‘സിനിമ കണ്ട് വിലയിരുത്തുന്നതിന് എഡിറ്റിങൊന്നും പഠിക്കേണ്ട ആവശ്യമില്ല. സിനിമ കാണാൻ എഡിറ്റിങ് പഠിക്കണം എന്നുള്ളത് മണ്ടൻ സിദ്ധാന്തമാണ്. താള ബോധമുണ്ടെങ്കിൽ മാത്രമെ നല്ല പാട്ട് ആസ്വദിക്കാൻ പറ്റുകയുള്ളോ?.’

‘എല്ലാ മനുഷ്യരും ഏത് നല്ല സിനിമ കണ്ടാലും തിരിച്ചറിയും ഏത് ചീത്ത സിനിമ കണ്ടാലും തിരിച്ചറിയും. സ്ഫടികത്തിന്റെ കഥ മുഴുവൻ കേട്ടിട്ടല്ല മോഹൻലാൽ അഭിനയിച്ചത്. ഒരോ സീനും ഷൂട്ട് ചെയ്ത് പോകവെയാണ് സ്ക്രിപ്റ്റ് അദ്ദേഹം മനസിലാക്കിയത്’ ഭദ്രൻ പറഞ്ഞു.

സ്ഫടികം വീണ്ടും റിലീസ് ചെയ്യുമ്പോൾ ആടുതോമയും ചാക്കോമാഷും തുളസിയും പൊന്നമ്മയും ലൈലയും എസ്ഐ കുറ്റിക്കാടനും ഒറ്റപ്ലാക്കനച്ചനുമൊക്കെ വീണ്ടും ജീവസുറ്റ കഥാപാത്രങ്ങളായി 4കെ ദൃശ്യശ്രാവ്യ മികവിൽ മുന്നിലെത്തുമ്പോൾ നവയുഗ സിനിമകളുടെ എല്ലാ സവിശേഷതകളോടും കൂടെ പ്രായഭേദമെന്യേ എല്ലാവർക്കും ആഘോഷിക്കാനും ആസ്വദിക്കാനുമുള്ളതെല്ലാം സിനിമയിലുണ്ടാകുമെന്നാണ് ഭദ്രൻ വാർത്താസമ്മേളനത്തിൽ ഉറപ്പ് നൽകിയിരിക്കുന്നത്.

AJILI ANNAJOHN :