മലയാളികളുടെ ജനപ്രിയ നായകനായ ദിലീപ് പുതുവർഷത്തിൽ വ്യത്യമായ ഗെറ്റപ്പിലാണ് എത്തിയിരുന്നത്. കുറ്റിത്താടിയും തിങ്ങി നിറഞ്ഞ മുടിയും ജീൻസും ടോപ്പും, ജാക്കറ്റുമെല്ലാമായി വമ്പൻ ഗെറ്റപ്പിലാണ് നടൻ എത്തിയത്. ഇരിക്കുന്നതാകട്ടെ പുത്തൻ തലമുറയുടെ ചോരത്തിളപ്പിൻ്റെ കൂടപ്പിറപ്പായ ഫോർ വീലർ വാഹനത്തിൻ്റെ ബോണറ്റിൽ.
ദിലീപിൽ നിന്നും ഇങ്ങനെയൊരു ഗെറ്റപ്പ് ഇതാദ്യമായാണ് പ്രേക്ഷകർ കാണുന്നത്. പലപ്പോഴും ലാളിത്യ സ്വഭാവമുള്ള കഥാപാത്രങ്ങളും, ഫീൽ ഗുഡ് ചിത്രങ്ങളുടെ ശക്തനായ പോരാളിയുമാണ് ദിലീപ്. അതിൽ നിന്നെല്ലാം മാറി, മുൻവിധികളെ തകിടം മറിച്ചു കൊണ്ടാണ് പുതിയ രൂപത്തിലും ഭാവത്തിലും നടൻ എത്തുന്നത്.
ഏറെ കൗതുകവും, ഒപ്പം ഏറെ ദുരൂഹതകളുമായി എത്തുന്ന ഈ ഗെറ്റപ്പ് ചിത്രീകരണം നടന്നുവരുന്ന ഭ. ഭ. ബ ( ഭയം ഭക്തി ബഹുമാനം) എന്ന ചിത്രത്തിലേതാണ്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ധനഞ്ജയ് ശങ്കറാണ് സംവിധാനം ചെയ്യുന്നത്.
പോസ്റ്റർ നൽകുന്ന കൗതുകവും ആകാംഷയുമൊക്കെ പ്രേഷകർക്കു തന്നെ വിട്ടുകൊടുക്കുകയാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ. ദിലീപിൻ്റെ കഥാപാത്രമെന്തെന്ന് പ്രേക്ഷകർക്ക് അവരുടെ ഭാവനയ്ക്കൊപ്പം ചിന്തിക്കാം. മാസ് കോമഡി എൻ്റർടൈനർ എന്നാണ് ചിത്രത്തെക്കുറിച്ച് ഒറ്റ വാക്കിൽ പറയാവുന്നതെന്നാണ് പ്രമുഖ പിആർ വാഴൂർ ജോസ് പറയുന്നത്.
ദിലീപിനോടൊപ്പം വിനീത് ശ്രീനിവാസൻ എന്ന മാന്ത്രികൻ്റെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു. ദിലീപ് – വിനീത് ശ്രീനിവാസൻ കോംബോ ആദ്യമായി എത്തുകയാണ് ഈ ചിത്രത്തിലൂടെ. ധ്യാൻ ശ്രീനിവാസൻ ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വൻ മുതൽമുടക്ക്കിൽ ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലായി പൂർത്തിയാകും. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, സലിം കുമാർ അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ് സിലി, ത്രമിഴ്) കോട്ടയം രമേഷ്, ഷമീർ ഖാൻ, (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ , നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കങ്കാ ലഷ്മി,എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
തിരക്കഥ – ഫാഹിം സഥർ- നൂറിൻ ഷെരീഫ്. ഗാനങ്ങൾ – കൈതപ്രം , വിനായക് ശശികുമാർ, മനു മഞ്ജിത്ത്. സംഗീതം – ഷാൻ റഹ് മാൻ. ഛായാഗ്രഹണം. – അരുൺ മോഹൻ. എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം. കലാസംവിധാനം – നിമേഷ് താനൂർ. കോ പ്രൊഡ്യൂസേർസ് – വി.സി. പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ കൺട്രോളർ – സുരേഷ് മിത്രക്കരി.