മലയാളത്തിന് മഞ്ജു വാര്യർ സമ്മാനിച്ച മികച്ച സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങൾ ..

മലയാളത്തിന് മഞ്ജു വാര്യർ സമ്മാനിച്ച മികച്ച സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങൾ ..

മലയാളത്തിന്റെ മഞ്ജു വസന്തം മനസ്സിൽ കുടിയേറിയിട്ട് വര്ഷങ്ങളായി. സിനിമയിൽ വെറും മൂന്നു വര്ഷം മാത്രം തിളങ്ങി നിന്ന മഞ്ജു , മാറി നിന്നപ്പോളാണ് പ്രേക്ഷകർക്ക് ആ വിടവ് വലുതായി തോന്നിയത്. മഞ്ജു വാര്യർ സിനിമയിൽ നിന്ന് മാറി നിന്ന 15 വർഷങ്ങൾക്കിടയിൽ എത്രയോ നായികമാർ വന്നു പോയി..പക്ഷെ മഞ്ജുവിന് പകരം ആരെയും മലയാളികൾക്ക് ഉൾകൊള്ളാൻ സാധിച്ചില്ല. രണ്ടാം വരവിൽ മഞ്ജു വാര്യർക്ക് ഏറെ പിന്തുണ ലഭിക്കുന്നത് സ്ത്രീ പ്രേക്ഷകരിൽ നിന്ന് തന്നെയാണ് . കാരണം അവരുടെ മനം കവർന്ന അസാധ്യ പ്രകടനങ്ങളാണ് മഞ്ജു അന്നും ഇന്നും കാഴ്ചവച്ചത്. മഞ്ജു വാര്യരെ പ്രേക്ഷക പ്രിയങ്കരിയാക്കിയ ചില ശക്തമായ വേഷങ്ങളിലൂടെ ഒരു തിരനോട്ടം..

സാക്ഷ്യം എന്ന ചിത്രത്തിലാണ് അരങ്ങേറിയതെങ്കിലും സല്ലാപത്തിലാണ് മഞ്ജു വാര്യരെ എല്ലാവരും ശ്രദ്ധിച്ചത് . അന്ന് ഹിറ്റായി നിന്നിരുന്ന ആനിക്ക് പകരമായാണ് മഞ്ജു വാര്യർ സല്ലാപത്തിൽ അരങ്ങേറുന്നത്.വളരെ വേഗമായിരുന്നു പിന്നീട് മഞ്ജുവിന്റെ വളർച്ച. സിനിമയിൽ നിന്നും മാറി നിൽക്കുന്നതിനു മുൻപ് സമ്മാനിച്ച പ്രധാന സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിൽ ചിലതാണ് കണ്ണെഴുതി പൊട്ടും തൊട്ട് , പത്രം , കന്മദം തുടങ്ങിയവ.

കന്മദം

ലോഹിതദാസ് സംവിധാനം ചെയ്ത കന്മദത്തിൽ ഭാനുമതി എന്ന കഥാപാത്രമായാണ് മഞ്ജു എത്തിയത്. മോഹന്ലാലിനൊപ്പമാണ് മഞ്ജു കന്മദത്തിൽ അഭിനയിച്ചത്. ലാലും ശ്രീജയയുമൊക്കെ അണിനിരന്ന ചിത്രത്തിൽ വളരെ കർക്കശക്കാരിയായ ,വളരെ ശക്തയും പരുക്കൻ പ്രകൃതവുമുള്ള കഥാപാത്രമായാണ് മഞ്ജു അഭിനയിച്ചത്.

കണ്ണെഴുതി പൊട്ടുംതൊട്ട്

മഞ്ജുവിന്റെ കരിയറിലെ തന്നെ വളരെ ശക്തയും പ്രേക്ഷകർക്ക് ഏറെ പ്രിയ്യപ്പെട്ടതുമായ കഥാപാത്രമാണ് കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ ഭദ്ര . വെറും ഭദ്രയല്ല ,വീര ഭദ്ര .. തന്റെ മാതാപിതാക്കളെ വകവരുത്തിയ നടേശൻ മുതലാളിയോടു പക തീർക്കാൻ വരുന്ന ഭദ്ര ബുദ്ധിപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യുകയാണ് . അത്രക്ക് മികച്ച പ്രകടനമാണ് മഞ്ജു സിനിമയിൽ കാഴ്ച വച്ചത്. ടി കെ രാജീവ്കുമാർ സംവിധാനം ചെയ്ത ചിത്രത്തിന് ദേശിയ തലത്തിൽ മഞ്ജു വാര്യരുടെ പ്രകടനത്തിന് പ്രത്യേക പരാമർശവും ലഭിച്ചു.

പത്രം

പത്രം എന്ന സിനിമയിൽ സുരേഷ് ഗോപിക്കൊപ്പം മിന്നുന്ന പ്രകടനമാണ് മഞ്ജു കാഴ്ചവച്ചത്. ദേവിക ശേഖർ എന്ന പത്രപ്രവർത്തകയായി മഞ്ജു ജീവിക്കുകയായിരുന്നു. സിനിമയിലെ വിടവാങ്ങലിനു മുൻപുള്ള അവസാന ചിത്രമായിരുന്നു പത്രം. ഇന്നും ആ സിനിമകൾ മനസിൽ വരുമ്പോൾ ഏത് മലയാളിയും ഓർക്കുന്ന മുഖം മഞ്ജു വാര്യരുടേതാണ്.

ഹൗ ഓൾഡ് ആർ യു

മഞ്ജു പതിനാലു വര്ഷങ്ങള്ക്കു ശേഷം തിരിച്ചു വരവ് നടത്തിയത് ഹൗ ഓൾഡ് ആർ യുവിലൂടെയാണ് . റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു സാധാരണക്കാരിയായ വീട്ടമ്മയുടെ ജൈത്രയാത്രയാണ് പറയുന്നത്. നിരുപമ എന്ന കഥാപാത്രം രണ്ടാം വരവിൽ മഞ്ജുവിന് നൽകിയ അംഗീകാരങ്ങൾ ചെറുതല്ല.

ഉദാഹരണം സുജാത

ഒറ്റക്കൊരു മകളെ വളർത്തുന്ന സാധാരണ സ്ത്രീയാണ് ഉദാഹരണം സുജാതയിലെ സുജാത . മകൾക്ക് പ്രചോദനമാകാൻ വിദ്യാഭ്യാസം നേടാൻ ശ്രേമിക്കുന്ന മികച്ചൊരു സ്ത്രീ കഥാപാത്രമായാണ് മഞ്ജു വാര്യർ ഉദാഹരണം സുജാതയിൽ എത്തിയത്. കേരളത്തിലെ ഓരോ മുക്കിലും മൂലയിലും നമുക്ക് അത്തരക്കാരെ കാണാൻ സാധിക്കും.

ഇതിൽ ഒതുങ്ങുന്നില്ല, ആറാം തമ്പുരാനായാലും , സമ്മർ ഇൻ ബത്ലഹേമായാലും , കളിയാട്ടമായാലും ഏറ്റവും പുതിയ ഒടിയനായാലും മഞ്ജു വാര്യർ തന്റേതായ അടയാളപ്പെടുത്തലുകൾ നൽകിയിട്ടുണ്ട്. ഇനിയും കാത്തിരിക്കാം , മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ വിസ്മയങ്ങൾ സൃഷ്ടിക്കുന്നത് കാണാം ..

best women centric movies of manju warrier

Sruthi S :