പ്രേക്ഷകന് ഇഷ്ട്ടപ്പെട്ടതു കൊടുത്താല്‍ അവന്‍ പടയോടെ തിയേറ്ററില്‍ വരും ‘ എന്ന് നിങ്ങള്‍ തെളിയിച്ചിരിക്കുന്നത്, അത് ‘ കാര്യം നിസ്സാരമല്ല … ; 2018′ വിജയത്തില്‍ കുറിപ്പുമായി ബാലചന്ദ്ര മേനോന്‍

മലയാള സിനിമ കാണാൻ തിയറ്ററിൽ പ്രേക്ഷകർ എത്താത്ത പ്രതിസന്ധി പരിഹരിക്കാൻ ഒരു സിനിമ ആവശ്യമായിരുന്നു. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന സിനിമയിലൂടെ മാത്രമേ തിയറ്ററുകൾ നിറയുകയുള്ളുവെന്ന്‌ സിനിമാമേഖല ഒരുപോലെ പറഞ്ഞിരുന്നു. പക്ഷെ അത്തരം ശ്രേണിയിൽ രോമാഞ്ചത്തിനപ്പുറം ഈ വർഷം ഒരു മലയാള സിനിമ ഉണ്ടായില്ല.50 കോടി കളക്ഷന്‍ ആണ് ചിത്രം നേടിയിരിക്കുന്നത്. ഇതോടെ ചിത്രത്തിന്റെ നിര്‍മ്മാതാവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന്‍. പടം ഇറങ്ങി ആളില്ലാത്തത് കൊണ്ട് ഷോ നടന്നില്ല എന്ന ദുരവസ്ഥ മലയാള സിനിമ നേരിട്ടു കൊണ്ടിരിക്കുമ്പോവാണ് 2018ന്റെ ഗംഭീര വിജയം എന്നാണ് ബാലചന്ദ്ര മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ബാലചന്ദ്ര മേനോന്റെ കുറിപ്പ്:

‘NOTHING SUCCEEDS LIKE SUCCESS’ എന്ന് പറയാറുള്ളത് വളരെ അര്‍ത്ഥവത്താണ്. അതോടൊപ്പം ഓര്‍ക്കേണ്ട മറ്റൊന്നാണ് ‘SUCCESS MUST BE ENJOYED & SHARED ‘ എന്ന് പറയുന്നതും. മലയാള സിനിമയില്‍ ഇന്നിതു വരെ ആര്‍ക്കും സാധ്യമാകാത്ത ഒരു അപൂര്‍വ്വ … അസുലഭ വിജയം വേണു കുന്നപ്പിള്ളി എന്ന നിര്‍മ്മാതാവ് നേടിയിരിക്കുന്നു …. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശന വിജയം (എണ്ണത്തിലും വണ്ണത്തിലും) നേടിയ ചിത്രം എന്ന ബഹുമതിക്ക് 2018 അര്‍ഹമായിരിക്കുന്നു. മലയാള സിനിമയിലെ ‘ലഹരി ‘ സംബന്ധിയായ തകൃതി ചര്‍ച്ചകള്‍ക്കിടയില്‍ ഒരു സെക്കന്റിലെങ്കിലും ആ വിജയത്തിന്റെ മധുരം ഒന്ന് ഓര്‍ക്കേണ്ടതും അയവിറക്കേണ്ടതും ഓരോ മലയാളിയുടെയും കടമയാണെന്ന് കരുതുന്നു.

വേണുവിന്റെ ഈ വിജയത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. നിലവിലുള്ള ഒരു ‘സൂപ്പര്‍’ വിശേഷങ്ങളുടേയും പിന്‍ ബലമില്ലാതെയാണ് ജൂഡ് ആന്റണി എന്ന സംവിധായകന്റെ നേതൃത്വത്തില്‍ ഈ ചിത്രം വിജയം നേടിയത് … ഇതിനു മുന്‍പ് വേണു തന്നെ മലയാളിക്ക് സമ്മാനിച്ച മാളികപ്പുറത്തിനും ‘സൂപ്പര്‍’ വിശേഷണങ്ങള്‍ ഒന്നുമില്ലാതെയായിരുന്നു വിജയം എന്നതും ഓര്‍ക്കുക … ശ്രദ്ധേയമായ കാര്യം …..

സിനിമ കാണുന്ന ശീലം, തിയേറ്ററില്‍ വരുന്ന സ്വഭാവം, മലയാളി പാടെ ഉപേക്ഷിച്ചോ എന്ന് സംശയിച്ചു തുടങ്ങിയ സമയം …. അറിവിലുള്ള പല തീയേറ്ററുകളും പൂട്ടുമോ എന്നു ഭയന്നിരുന്ന അവസ്ഥ ….അപ്പോഴാണ് ഒരു നിര്‍മ്മാതാവിന്റെ രണ്ടു പടങ്ങള്‍ അടുപ്പിച്ചു വന്നു കൊട്ടകയിലേക്കു ജനപ്രളയം ഉണ്ടാക്കി മലയാളീ പ്രേക്ഷകര്‍ക്ക് ആത്മ വിശ്വാസം നല്‍കിയിരിക്കുന്നത്. ഇതിനു ഒരു സ്‌പെഷ്യല്‍ കൈയ്യടി എക്‌സ്ട്രാ ….

ഞാന്‍ അടുത്ത കാലത്താണ് വേണുവിനെ പരിചയപ്പെടുന്നത്. വേണു എഴുതിയ ഒരു കഥയായിരുന്നു അതിന്റെ തുടക്കം. അപ്പോള്‍ തിയേറ്ററുകളില്‍ ശ്മശാന മൂകത തളം കെട്ടിക്കിടക്കുന്ന സമയം. ഒന്ന് രണ്ടു സിനിമകള്‍ കാണാന്‍ തിയേറ്ററില്‍ പോയപ്പോള്‍, ആ മൂകതയും ശൂന്യതയും കണ്ടപ്പോള്‍ എന്റെ മനസ്സ് വ്യാകുലപ്പെട്ടു. എന്റെ കാര്യം നിസ്സാരവും, ഏപ്രില്‍ 18മൊക്കെ ഓടിയിരുന്നപ്പോള്‍ തിയേറ്ററിനുള്ളില്‍ കുടുംബസദസ്സുകളുടെ മേളമായിരുന്നു … അപ്പൂപ്പന്മാരും അമ്മൂമ്മമാരും കൈകോര്‍ത്തു പിടിച്ചു വരുന്നത് കണ്‍ കുളിര്‍ക്കെ ഞാന്‍ കണ്ടിരുന്നു. കുഞ്ഞു കുട്ടികളുടെ കരച്ചിലും ഇക്കിളിച്ചിരികളും തിയേറ്ററില്‍ ഓളമായിരുന്നു .. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം അവരെ ഞാന്‍ കണ്ടത് ‘മാളികപ്പുറം’ എന്ന സിനിമ റിലീസ് ആയപ്പോഴാണ്. ഇപ്പോള്‍ ‘2018 ‘ ഉം തിയേറ്ററുകള്‍ സമ്പന്നമാക്കുന്നു …

മിസ്റ്റര്‍ വേണു, നിങ്ങള്‍ ഒരു വലിയ കാര്യമാണ് ഞങ്ങളെപ്പോലുള്ള ചലച്ചിത്രപ്രവര്‍ത്തകര്‍ക്കായി നിവ്വഹിച്ചതു. ‘പടം ഇറങ്ങി ആളില്ലാത്തത് കൊണ്ട് ഷോ നടന്നില്ല’ എന്ന ദുരവസ്ഥയെ മലയാള സിനിമ നേരിട്ടുകൊണ്ടിരുന്ന ഒരു സാഹചര്യത്തിലാണ് ‘പ്രേക്ഷകന് ഇഷ്ട്ടപ്പെട്ടതു കൊടുത്താല്‍ അവന്‍ പടയോടെ തിയേറ്ററില്‍ വരും ‘ എന്ന് നിങ്ങള്‍ തെളിയിച്ചിരിക്കുന്നത്. അത് ‘ കാര്യം നിസ്സാരമല്ല …’ ‘CONGRATULATIONS MR VENU -‘ ഒപ്പം ഈ ചിത്രത്തിന്റെ വിജയശില്പികളേവരെയും ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു ! that’s ALL your Honour !

AJILI ANNAJOHN :