നായകൻ തൊടുമ്പോഴേക്കും പറന്നു പോവുന്ന വില്ലൻ ടൈപ്പ് ആക്ഷനോട് താല്പര്യമില്ല

സൗത്ത് ഇന്ത്യൻ സിനിമയിലെ സ്റ്റണ്ട് സീനുകളെക്കുറിച്ച് വെളിപ്പെടുത്തി ബാബു ആന്റണി. തമിഴ്, തെലുങ്ക് സിനിമകളിൽ നായകൻ തൊടുമ്പോഴേക്കും പറന്നു വീഴുന്ന വില്ലൻമാർ സ്ഥിരം കാഴ്ചയാണ്. അത്തരം സ്റ്റണ്ട് സീനുകളിൽ തനിക്ക് വിശ്വാസമില്ലെന്നും അത്തരം ഫൈറ്റ് സീനുകളെ പ്രമോട്ട് ചെയ്യാൻ താൽപ്പര്യമില്ലാത്ത വ്യക്തിയാണ് താനെന്നും തുറന്നു പറയുകയാണ് മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോ ബാബു ആന്റണി. വാറൻ ഫോസ്റ്റർ സംവിധാനം ചെയ്യുന്ന ‘ബുള്ളറ്റ്സ്, ബ്ലേഡ്സ്, ബ്ലഡ്’ എന്ന അമേരിക്കൻ ചിത്രത്തിൽ അഭിനയിക്കുകയാണ് ബാബു ആന്റണി ഇപ്പോൾ.

“വളരെ വ്യത്യസ്തമായാണ് ഇവിടെ സ്റ്റണ്ട് സീനുകൾ ചിത്രീകരിക്കുന്നത്. പ്രത്യേകിച്ച് ഇന്ന് മലയാള സിനിമയിലെ ആക്ഷൻ സീനുകൾ വരെ പലപ്പോഴും കോംപ്രമൈസ് ചെയ്തൊരുക്കുന്നവയാണ്. ‘നായകൻ തൊടുമ്പോഴേക്കും പറന്നു പോവുന്ന വില്ലൻ’ ടൈപ്പ് സീനുകൾ ധാരാളമാണ്. അത്തരം ആക്ഷൻ സീനുകളെ ഞാൻ പ്രോത്സാഹിപ്പിക്കുന്നില്ല. വേണ്ടത്ര അളവിൽ മാത്രം സിനിമാറ്റിക് ആയി ചിത്രീകരിക്കുന്ന റിയലിസ്റ്റിക് സ്റ്റണ്ട് സീനുകളിലാണ് എനിക്ക് വിശ്വാസം. ‘ബുള്ളറ്റ്സ്, ബ്ലേഡ്സ്, ബ്ലഡി’ലും അതെ, വിശ്വസനീയമായ രീതിയിലും ത്രില്ലടിപ്പിക്കുന്ന രീതിയിലുമാണ് സ്റ്റണ്ട് ഒരുക്കിയിരിക്കുന്നത്,” ബാബു ആന്റണി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

അഞ്ചു തവണ മിക്‌സഡ് മാര്‍ഷ്യൽ ആര്‍ട്‌സിൽ ജേതാവായ റോബര്‍ട്ട് ഫര്‍ഹാം കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ബുള്ളറ്റ്സ്, ബ്ലേഡ്സ്, ബ്ലഡ്’. ഈ കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലർ ചിത്രത്തിൽ നായകന്റെ സുഹൃത്തായ ടോണി എന്ന കഥാപാത്രമായാണ് ബാബു ആന്റണി എത്തുന്നത്. ലോക ബോക്‌സിങ് താരം ടോണി ദി ടൈഗര്‍ ലോപ്പസും ആയോധനകലയില്‍ വൈദഗ്ധ്യം നേടിയ ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ട്.

‘മാർകസ് ബ്ലേഡ്സ് എന്ന ഒരു വാടകക്കൊലയാളിയുടെ കഥയാണ് ചിത്രം പറയുന്നത്. വളർന്നുവരുന്ന ഒരു ആർബി(റിഥം ആൻഡ് ബ്ലൂസ്) പാട്ടുകാരനെ കിഡ്‌നാപ് ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള മാർക്കസിന്റെ യാത്രയും പ്രതികാരവുമൊക്കെയാണ് കഥാപശ്ചാത്തലം. കാലിഫോര്‍ണിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രം അതിന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ്. ചിത്രത്തിന്റെ ലൊക്കേഷൻ വിശേഷങ്ങളും ചിത്രങ്ങളും ബാബു ആന്റണി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചു.

babu antony about action scenes

HariPriya PB :