അക്കാലത്ത് സിനിമാരം​ഗത്ത് നിന്ന് ചില ഭീഷണികൾ വന്നു ; ഇടവേളയെടുത്തതിനെ പറ്റി മനസ്സ് തുറന്ന് ബാബു ആന്റണി

വില്ലത്തരത്തിലൂടെയായി ശ്രദ്ധ നേടിയ താരമാണ് ബാബു ആന്റണി. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി തിളങ്ങിയ താരത്തിന് നിരവധി മികച്ച അവസരങ്ങളാണ് ലഭിച്ചത്. ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പിലൂടെയായി അരങ്ങേറിയ താരം ഇടയ്ക്ക് വെച്ച് അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തിരുന്നു.

പിന്നീട് നടൻ തിരിച്ചെത്തുകയും സിനിമാ രം​ഗത്ത് വീണ്ടും സാന്നിധ്യമറിയിക്കുകയും ചെയ്തു. ഇന്ന് വ്യത്യസ്തമായ സിനിമകളാണ് ബാബു ആന്റണിയെ തേടി വരുന്നത്. അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത കാലഘട്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് ബാബു ആന്റണി. അക്കാലത്ത് സിനിമാരം​ഗത്ത് നിന്ന് തനിക്കെതിരെ ചില ഭീഷണികൾ വന്നെന്ന് ബാബു ആന്റണി തുറന്ന് പറഞ്ഞു. മിർച്ചി മലയാളവുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

സിനിമകളിൽ നിന്ന് ബ്രേക്ക് എടുക്കുന്ന സമയത്ത് എനിക്ക് തുടരെ പത്ത് ഹിറ്റുകൾ ഉണ്ടായിരുന്നു. ഭയങ്കര അറ്റാക്ക് ആയിരുന്നു. ഒന്നും ചെയ്യാൻ പറ്റില്ല. ചില കാര്യങ്ങൾ ചെയ്തില്ലെങ്കിൽ നിങ്ങളുടെ കരിയർ നശിപ്പിക്കുമെന്ന് ഒരാൾ പറഞ്ഞു. ഞാൻ പറഞ്ഞു കുഴപ്പമില്ലെന്ന്. പിന്നെ ഞാൻ അമേരിക്കയ്ക്ക് പോയി. ഭാര്യയെ കണ്ടുമുട്ടി. പിന്നെ കുടുംബത്തിന്റെ തിരക്കുകളിലേക്ക് നീങ്ങി. അമേരിക്കയിൽ മറ്റ് ജോലികൾ ചെയ്യവെയും സിനിമകൾ വരാൻ കാത്തിരുന്നു. ഒരുപാട് ഓഫറുകൾ വന്നു. പക്ഷെ അതിലൊന്നും നന്നായി ചെയ്യാൻ മാത്രം ഒന്നുമില്ലായിരുന്നെന്നും ബാബു ആന്റണി ഓർത്തു.

കരിയറിൽ തിളക്കമുള്ള സമയത്ത് ലഭിച്ച ആരാധക സ്നേഹത്തെക്കുറിച്ചും ബാബു ആന്റണി സംസാരിച്ചു. ആരാധകരുടെ നിരവധി കത്തുകൾ വന്നിരുന്നു. വീട്ടിൽ കുന്നുകൂടി. അന്ന് ഇമെയിൽ ഒന്നും ഇല്ല. കുറേയൊക്കെ വായിക്കും. ആയിരം കത്തുകൾ വരുമ്പോൾ അതിൽ പത്ത് പേർക്ക് ഫോട്ടോയും ഓട്ടോ​ഗ്രാഫും അയച്ച് കൊടുത്തിരുന്നെന്നും നടൻ ഓർത്തു.

കുടുംബത്തോടൊപ്പം അമേരിക്കയിൽ താമസിക്കുന്ന ബാബു ആന്റണി ഇടയ്ക്ക് വന്ന് സിനിമകൾ ചെയ്യാറുണ്ട്. റഷ്യൻ അമേരിക്കൻ വനിതയായ ഇവാ​ഗെനിയ ആന്റണിയാണ് ബാബു ആന്റണിയുടെ ഭാര്യ. ആർതർ ആന്റണി, അലെക്സ് ആന്റണി എന്നീ രണ്ട് മക്കളും ദമ്പതികൾക്കുണ്ട്. ഭാര്യയെ ആദ്യമായി കണ്ടുമുട്ടിയ സന്ദർഭത്തെക്കുറിച്ച് മുമ്പൊരു അഭിമുഖത്തിൽ ബാബു ആന്റണി സംസാരിച്ചിട്ടുണ്ട്. യുഎസിൽ ഒരു ക്രിസ്മസ് പാർട്ടിയുണ്ടായിരുന്നു. അവിടെ പാട്ടു പാടുകയായിരുന്നു ഇവാ​ഗെനിയ .

ഒരു ഡിന്നറിന് പോയാലോ എന്ന് ചോദിച്ചു. ആ സൗഹൃദം വളർന്നു. പ്രണയത്തെ രണ്ട് പേരുടെയും വീട്ടുകാർ ആദ്യം എതിർത്തിരുന്നു. എന്നാൽ പിന്നീട് സമ്മതിച്ചു. മക്കളിൽ ഒരാൾ ജനിച്ചത് കോട്ടയത്തും ഒരാൾ ജനിച്ചത് മോസ്കോയിലുമാണെന്ന് ബാബു ആന്റണി അന്ന് പറഞ്ഞു.

അടുത്തിടെ പുറത്തിറങ്ങിയ മദനോത്സവം എന്ന സിനിമയിൽ ശ്രദ്ധേയ വേഷം ബാബു ആന്റണി ചെയ്തു. തമിഴ് ചിത്രം ലിയോയുൾപ്പെടെ ബാബു ആന്റണിയുടെ ഒരുപിടി സിനിമകൾ റിലീസ് ചെയ്യാനുണ്ട്. ദി ​ഗ്രേറ്റ് എസ്കേപ് ആണ് ഇതിൽ നടൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം. ബാബു ആന്റണിയുടെ മകൻ ആർതറും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സന്ദീപ് ജെഎൽ സംവിധാനം ചെയ്യുന്ന സിനിമ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യും.

AJILI ANNAJOHN :