എസ്.എസ്. രാജമൗലിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ബാഹുബലി. ഇപ്പോഴിതാ ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുകയാണ്. രണ്ടുവർഷത്തിന്റെ ഇടവേളയിൽ രണ്ടുഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം ഒറ്റഭാഗമായാണ് റീ റിലീസ് ചെയ്യുക. ഈ വർഷം ജൂലായിലാണ് ആദ്യഭാഗത്തിന്റെ റിലീസ് പത്തുവർഷം പൂർത്തിയാക്കുന്നത്.
ഈ വേളയിലാണ് നിർമാതാക്കളുടെ പുതിയ പ്രഖ്യാപനം. ഒക്ടോബറോടെ ചിത്രം ആഗോളതലത്തിൽ റീ റിലീസ് ചെയ്യും. തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രഭാസിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പ്രദർശനത്തിനെത്തിക്കാനാണ് തീരുമാനമെന്നാണ് പുറത്ത് വരുന്ന ചില റിപ്പോർട്ടുകൾ.
ഒന്നും രണ്ടും ഭാഗങ്ങൾ ദൈർഘ്യംകുറച്ച് ഒറ്റഭാഗമായി റീ എഡിറ്റുചെയ്യുന്ന പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. വിവരം പുറത്തെത്തിയതോടെ ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. റിലീസ് സമയത്ത് ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി ബാഹുബലി മാറിയിരുന്നു.
ബാഹുബലി : ദ ബിഗിനിംങ് ബോക്സ്ഓഫീസിൽ 650 കോടി രൂപ നേടിയിരുന്നു. 2017 ൽ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗം 562 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ബാഹുബലിയുടെ കഥ എഴുതിയത് എസ്.എസ്. രാജമൗലിയുടെ പിതാവ് വി. വിജയേന്ദ്ര പ്രസാദ് ആണ്.
ചിത്രത്തിൻറെ സംഗീത സംവിധായകൻ എം എം കീരവാണിയാണ്. ചിത്രത്തിലെ ഗാനങ്ങളും ബിജിഎമ്മും ഇന്നും ഹിറ്റാണ്. രണ്ടാം ഭാഗമായി 2017 ൽ ഇറങ്ങിയ ബാഹുബലി 2: ദി കൺക്ലൂഷനും ബോക്സോഫീസ് റെക്കോഡുകൾ തകർത്തു. പ്രഭാസിനൊപ്പം തമന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി, റാണ, സത്യരാജ് തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ നാസ്സർ, രമ്യ കൃഷ്ണൻ, പ്രഭാകർ തുടങ്ങിയവരും അഭിനയിച്ചിരുന്നു.