ഞാൻ ഒരു സിംഗിൾ മദറാണെന്ന് ഒരിക്കലും പറയില്ല, ഞങ്ങൾ ഒന്നിച്ച് തന്നെയാണ് കുഞ്ഞിനെ വളർത്തുന്നത്; ആര്യ ബാബു

ബഡായി ബംഗ്ലാവ് എന്ന സെലിബ്രിറ്റി – കോമഡി ചാറ്റ് ഷോയിലൂടെയാണ് ആര്യ ബാബുവിനെ മലയാളികള്‍ പരിചയപ്പെടുന്നത്. ബഡായി ബംഗ്ലാവിലൂടെ പേര് നേടിയത് കാരണം പിന്നീട് ആര്യ ബഡായി എന്നാണ് ആര്യ ബാബു അറിയപ്പെട്ടത് . ബിഗ് ബോസ് മത്സരാർഥിയായും ആര്യ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിട്ടുണ്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ 2വിലാണ് ആര്യ മത്സരാര്‍ത്ഥിയായി എത്തിയത്. ആ സീസണിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ആര്യ. ഷോയിൽ വെച്ച് തന്റെ കുടുംബത്തെ കുറിച്ചും മകളെ കുറിച്ചുമെല്ലാം ആര്യ സംസാരിച്ചിട്ടുണ്ട്. 2008 ൽ ടെലിവിഷനിലും സിനിമയിലും അത്ര സജീവമാകുന്നതിന് മുന്നേ ആയിരുന്നു ആയിരുന്നു ആര്യയുടെ വിവാഹം.നടി അർച്ചന സുശീലന്റെ സഹോദരൻ രോഹിത് സുശീലനെയാണ് താരം വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ റോയ എന്നൊരു മകളും ആര്യക്കുണ്ട്. എന്നാൽ 2018 ൽ ഇവർ ബന്ധം വേർപിരിഞ്ഞിരുന്നു. ഇന്ന് സിംഗിൾ മദറായാണ് ആര്യ മകളെ നോക്കുന്നത്. ആര്യയെ അറിയുന്നവര്‍ക്കെല്ലാം ആര്യയുടെ മകളേയും അറിയാം.

സിംഗിൾ മദർ ആണെങ്കിലും സിംഗിൾ പാരന്റിങ്ങിന്റെ ക്രെഡിറ്റ് എടുക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് പറയുകയാണ് ആര്യ ഇപ്പോൾ. മകളെ നോക്കുന്നത് അവളുടെ അച്ഛൻ കൂടിയാണെന്നും എല്ലാ കാര്യത്തിലും രോഹിത് മകളോടൊപ്പം ഉണ്ടെന്ന് ആര്യ പറയുന്നു. താൻ ആദ്യമായി നായികയാകുന്ന 90 മിനിറ്റ്സ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആര്യ.

‘മകൾക്ക് പതിനൊന്ന് വയസ്സായി. സിംഗിൾ പാരന്റിങ് എനിക്ക് ഒരു ബുദ്ധിമുട്ടുള്ള കാര്യമല്ല. ഞാൻ ഒരു സിംഗിൾ മദറാണെന്ന് ഒരിക്കലും പറയില്ല. ലീഗലി നോക്കുകയാണെങ്കിൽ അതെ.പക്ഷെ മകൾ റോയയുടെ കാര്യത്തിൽ ഞങ്ങൾ രണ്ടുപേരുമുണ്ട്. ഞങ്ങൾ ഒന്നിച്ച് തന്നെയാണ് കുഞ്ഞിനെ വളർത്തുന്നത്. ഫിസിക്കലി അവൾ എന്റെ കൂടെയാണ് നിൽക്കുന്നത്. പക്ഷെ എല്ലാ കാര്യത്തിലും രോഹിതിന്റെ സപ്പോർട്ട് ഉണ്ട്,’

‘അത് പോലെ എന്നെക്കാൾ കൂടുതൽ അവളെ നോക്കുന്നത് എന്റെ അമ്മയാണ്. അതുപോലെ അവളുടെ വളർച്ചയിൽ ഒരുപോലെ പങ്കുള്ളവരാണ് എന്റെ സഹോദരിയും സുഹൃത്തുക്കളും എല്ലാം. അവൾ ഞങ്ങൾക്ക് എല്ലാവര്ക്കും ഇടയിൽ നിന്ന് വളർന്നു വരുന്നു എന്ന് പറയുന്നതാകും കൂടുതൽ ശരി,’ ആര്യ പറഞ്ഞു.

‘അവളുടെ അച്ഛൻ ബാംഗ്ലൂർ ആണ് ജോലി ചെയ്യുന്നത്. പിന്നെ കോടതി കുട്ടിയുടെ കസ്റ്റഡി നൽകിയിരിക്കുന്നത് എനിക്കാണ്. അതുകൊണ്ട് തന്നെ എപ്പോഴും അച്ഛനൊടൊപ്പം ആയിരിക്കാൻ അവൾക്ക് കഴിയില്ല. പക്ഷെ ആൾക്ക് മോളെ കാണാൻ തോന്നുമ്പോഴെല്ലാം നാട്ടിൽ വരും. അപ്പോഴെല്ലാം അവൾ അവിടെ പോയി നിക്കും. വെക്കേഷൻ സമയത്ത് അവൾ ബാംഗ്ലൂർ പോവും. ദിവസേന വീഡിയോ കോളിങ് എല്ലാമുണ്ട്,’ ആര്യ പറഞ്ഞു.

അമ്മയെന്ന നിലയിലാണ് താൻ ഏറ്റവും സംപ്ത്രിപ്തയെന്നും ആര്യ പറയുന്നുണ്ട്. ‘അത് എന്റെ മക്കൾക്കുള്ള ക്രെഡിറ്റ് ആണ്. എപ്പോഴും അവളുടെ കൂടെ നടന്ന അവളെ വളർത്താൻ കഴിയുന്ന സിറ്റുവേഷൻ അല്ല എനിക്ക്. ഞാൻ ആകെ ഓടി നടന്ന് പണിയെടുക്കുന്ന ആളാണ്. വളരെ ചെറുപ്പം മുതലേ അവൾ അതൊക്കെ മനസിലാക്കിയിട്ടുണ്ട്,’

‘അവളെ അറിയുന്ന എല്ലാവർക്കും അവളെ ഇഷ്ടമാണ്. ഈ പ്രായത്തിലും ഈ കുട്ടി ഇത്ര മെച്വർ ആയിരിക്കുന്നത് എങ്ങനെ ആണെന്നാണ് അവർ ചോദിക്കുക. അത്രയും അണ്ടർസ്റ്റാന്റിംഗ് ആയിട്ടുള്ള കുട്ടിയാണ്. അത് അവൾ തന്നെ മനസിലാക്കി വളർന്നതാണ്. അതിൽ എനിക്ക് സന്തോഷമുണ്ട്,’ ആര്യ പറഞ്ഞു.

അച്ഛന്റെ വിയോഗത്തെ കുറിച്ചും ആര്യ സംസാരിക്കുന്നുണ്ട്. ‘പെട്ടെന്നായിരുന്നു അച്ഛന് വയ്യാതെ വരുന്നത്. വളരെ ആരോഗ്യവാനായിരുന്ന ആള് ഒരുപാട് അസുഖങ്ങൾ ഒന്നിച്ച് വന്നിട്ട് പെട്ടെന്ന് ആശുപത്രിയിൽ ആവുകയായിരുന്നു. ഹോസ്പിറ്റലിൽ കിടന്ന ആ സമയം കുറച്ചധികം ആയിരുന്നു. ഒരു വർഷത്തോളം ആശുപത്രിയിൽ ആയിരുന്നു,’

‘എല്ലാ കാര്യത്തിലും എനിക്ക് അച്ഛന്റെ ഇൻഫ്ളുവൻസ് ഉണ്ടായിരുന്നു. ഓരോ കാര്യം വരുമ്പോഴും അച്ഛൻ എങ്ങനെയാണു ഇത് ചെയ്യുക എന്ന് ചിന്തിക്കാറുണ്ടെന്നും’ ആര്യ പറഞ്ഞു.

AJILI ANNAJOHN :