‘2018’ ൽ  മലയാളികൾക്ക്  നഷ്ടമായ കലാപ്രതിഭകൾ

‘2018’ ൽ  മലയാളികൾക്ക്  നഷ്ടമായ കലാപ്രതിഭകൾ

ഉമ്പായി

ആഗസ്റ്റ് 1 ആം തിയതി ഉമ്പായിയുടെ മരണവാർത്ത ഏറെ ഞെട്ടലോടെയാണ് കേരളക്കര കേട്ടത്. നാലു പതിറ്റാണ്ടായി സ്വന്തം സൃഷ്ടികളിലൂടെയും പഴയ ചലച്ചിത്ര ഗാനങ്ങളുടെ ഗസൽ ആവിഷ്കാരത്തിലൂടെയും വലിയ ആസ്വാദകവൃന്ദത്തെ നേടിയെടുത്ത ഗായകനാണ് ഉമ്പായി. പാടുക സൈഗാൾ പാടൂ, അകലെ മൗനം പോൽ, ഒരിക്കൽ നീ പറഞ്ഞു തുടങ്ങിയവ അദ്ദേഹത്തിന്റെ ഗസലുകളാണ്.

ക്യാപ്റ്റൻ രാജു

മലയാള സിനിമയുടെ മറക്കാനാവാത്ത അതുല്യ പ്രതിഭ നടൻ ക്യാപ്റ്റൻ രാജുവിനെ മലയാള സിനിമയ്ക്ക് നഷ്‌ടമായതും ഈ വർഷം സെപ്തംബർ 17 ആം തിയതിയായിരുന്നു. വില്ലനായും സഹനടനായും മലയാള സിനിമയില്‍ തിളങ്ങിയ ക്യാപ്റ്റന്‍ രാജു 500 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം സാന്നിധ്യം ഉറപ്പിച്ചു.

ബാലഭാസ്കർ

സംഗീതത്തിന്റെ അത്ഭുതലോകത്ത്, വയലിൻ തന്ത്രികളിൽ വിസ്മയം സൃഷ്ടിച്ച ബാലഭാസ്കർ എന്ന അതുല്യ പ്രതിഭയുടെ വിയോഗം മലയാളികളുടെ ഹൃദയം നുറുക്കിയതായിരുന്നു. തൃശൂരില്‍ നിന്നും ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജങ്ഷന് സമീപം വച്ചുണ്ടായ അപകടം ഓർമ്മയാക്കിയത് സംഗീത ലോകത്തിന് ഒരുപിടി മികച്ച സംഭാവനകൾ നൽകിയ ബാലഭാസ്കർ എന്ന കലാകാരനേയും അവന്റെ കുഞ്ഞോമന തേജസ്വിനയെയുമായിരുന്നു… വാഹനാപകടത്തെത്തുടർന്ന് ചികിത്സയിൽ ഇരിക്കവെ ഒക്ടോബർ 2 നാണ് ബാലഭാസ്കർഓർമ്മയായത്.

മൃണാൾ സെൻ

ഇന്ത്യന്‍ നവതരംഗ സിനിമയ്ക്ക് ഏറെ സംഭാവനകള്‍ ചെയ്ത വ്യക്തിയാണ് മൃണാള്‍ സെന്‍. ഇന്ത്യന്‍ സമാന്തര സിനിമയുടെ വക്താവെന്നാണ് മൃണാള്‍സെന്‍ അറിയപ്പെട്ടത്. സത്യജിത് റേ, ഋത്വിക് ഘട്ടക് എന്നിവരുടെ സമകാലികന്‍ കൂടിയായിരുന്നു മൃണാള്‍ സെന്‍. ‘ഭുവന്‍ഷോം’ ആണ് അദ്ദേഹത്തെ അന്താരാഷ്ട്ര തലത്തിലേക്ക് തന്നെ ഉയര്‍ത്തിയ ചിത്രം. മൃഗയ, ഏക് ദിന്‍ പ്രതിദിന്‍ എന്നീ ചിത്രങ്ങള്‍ ലോക ശ്രദ്ധ നേടി.

ദേവകിയമ്മ

വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഡിസംബർ 27 നായിരുന്നു ദേവകിയമ്മ മരിച്ചത്. ചെറുപ്പത്തിൽ സംഗീതം അഭ്യസിക്കുകയും എട്ടാം വയസ്സിൽ കച്ചേരി അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് നാടകങ്ങളിൽ പാടി അഭിനയിച്ചു. ചെറുനാടക കമ്പനികളിൽ അഭിനയിച്ചു കൊണ്ടിരിക്കേ കലാനിലയം കൃഷ്ണൻ നായർ അവരെ അദ്ദേഹത്തിന്റെ നാടക കമ്പനിയിലേക്കു ക്ഷണിച്ചു. ലാവണ്യ ലഹരിയായിരുന്നു ആദ്യനാടകം. തുടർന്ന് കൃഷ്ണൻനായരുടെ ജീവിത സഖി കൂടിയായി ദേവകിയമ്മ. വിവാഹ ശേഷവും നാടക രംഗത്തു സജീവമായിരുന്നു . മലയാളത്തിനു പുറമെ തമിഴ് നാടകങ്ങളിലും അക്കാലത്ത് അവർ വേഷമിട്ടു. തുടർന്ന് ആള്‍ ഇന്ത്യാ റേഡിയോയുടെ സ്ഥിരം ആർട്ടിസ്റ്റായി.

ഗീതാ സലാം

ശ്വാസതടസം കാരണം പത്ത് ദിവസമായി വണ്ടാനം മെഡിക്കല്‍ കോളേജിലെ എംഡി – ഐസിയുവില്‍ ചികിത്സയിലായിരുന്നു ഗീതാ സലാം ഡിസംബർ 19 ന് വൈകിട്ടാണ് മരിച്ചത്. നിരവധി ചിത്രങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഗീതാ സലാം. കൊച്ചി രാജാവ്, ഈ പറക്കും തളിക, ഗ്രാമഫോണ്‍, എന്റെ വീട് അപ്പൂന്റേം, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

കെ എൽ ആൻറണി

നാടക സംവിധായകനും നടനുമായ കെ എൽ ആൻറണി കൊച്ചിയിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. മഹേഷിന്റെ പ്രതികാരം സിനിമയിൽ ഫഹദ് ഫാസിലിന്റെ പിതാവിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് ഇദ്ദേഹമാണ്. ഗപ്പി, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഫോര്‍ട്ട് കൊച്ചിയിലാണ് ജനനം. ഒരു കാലത്ത് നാടക പുസ്തകങ്ങള്‍ കൊണ്ട് നടന്ന് വില്പന നടത്തിയിരുന്നു. ചവിട്ടുനാടങ്ങളിലൂടെയാണ് ഇദ്ദേഹം നാടക രംഗത്തേക്ക് കടക്കുന്നത്. കമ്മ്യൂണിസ്റ്റ് നാടകങ്ങള്‍ മാത്രമെഴുതുന്ന നാടക രചയിതാവായിട്ടാണ് പി ജെ ആന്‍റണിയുടെ സംഘത്തിലേക്ക് കെ എല്‍ ആൻറണി കടന്നുവരുന്നത്. പിന്നീട് സ്വന്തം ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കൊച്ചിന്‍ കലാകേന്ദ്രം എന്ന നാടക സമിതിക്ക് നേത‍ൃത്വം നല്‍കി.

artists passed away in 2018

HariPriya PB :