എആർഎമ്മിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ!; പിടിയിലായത് മലയാളികളെന്നും വിവരം

ടൊവിനോയുടേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു അജയന്റെ രണ്ടാം മോഷണം. നേരത്തെ ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തിൽ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ബെംഗളൂരുവിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത് എന്നാണ് വിവരം. കാക്കനാട് സൈബർ ക്രൈം പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രതികൾ മലയാളികളാണെന്നുള്ള വിവരവും പുറത്ത് വരുന്നുണ്ട്. വൈകിട്ടോടെ പ്രതികളെ കാക്കനാടേയ്ക്ക് എത്തിക്കും. ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണവും തിയേറ്റർ കളക്ഷനും നേടി മുന്നേറുന്നതിനിടയിലാണ് വ്യാജ പതിപ്പ് പുറത്തിറങ്ങുന്നത്. വ്യാജ പതിപ്പ് ആളുകൾ കാണുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വന്നിരുന്നു.

പിന്നാലെ ചിത്രത്തിന്റെ സംവിധായകനും നിർമാതാക്കളിലൊരാളായ ലിസ്റ്റിൻ സ്റ്റീഫനും ടൊവിനോയുൾപ്പെടെയുള്ള അണിയറപ്രവർത്തകർ രം​ഗത്തെത്തിയിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നായിരുന്നു എആർഎം നിർമിച്ചത്.

റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കവെയാണ് നൂറ് കോട് ക്ലബിലേയ്ക്ക് കടന്നത്. 30 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ടൊവിനോയുടെ ആദ്യ സോളോ 100 കോടി കൂടിയാണ് എ.ആർ.എം. നേരത്തെ മൾട്ടിസ്റ്റാർ ചിത്രം 2018 ആയിരുന്നു 100 കോടി ക്ലബിലേയ്ക്ക് എത്തിയത്.

ടൊവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്ന എആർഎം നവാഗതനായ ജിതിൻ ലാലാണ് സംവിധാനം ചെയ്തിരിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തിരിക്കുന്നത്.

സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ് , പ്രമോദ് ഷെട്ടി, ഹരീഷ് പേരടി, രോഹിണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് തിരക്കഥ. ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം.

Vijayasree Vijayasree :