നീവിന് പകരം ഞാൻ വരണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്, ഇതുവരെ എനിക്ക് അതിന് പറ്റിയില്ല,പക്ഷെ ഞാൻ എത്തും; ആന്റണി വര്‍ഗീസ്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ വിന്‍സെന്റ് പെപ്പേ എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് ആന്റണി വര്‍ഗീസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആന്റണി ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്.
അങ്കമാലി ഡയറീസിലെ കഥാപാത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ നടൻ അറിയപ്പെടുന്നത് തന്നെ പെപ്പെ എന്ന പേരിലായി മാറുകയായിരുന്നു.

വെള്ളിത്തിരയിൽ എത്തിയിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞെങ്കിലും ആന്റണി വർഗീസ് മലയാളികള്‍ക്ക് ഇന്നും അങ്കമാലിയിലെ പെപ്പെ തന്നെ ആണ്. ആ പേരും കഥാപാത്രവും പ്രേക്ഷകരുടെ മനസില്‍ അത്രമേല്‍ ആഴത്തിലാണ് പതിഞ്ഞിരിക്കുന്നത്.

അങ്കമാലി ഡയറീസിന് ശേഷം പെപ്പെയുടേതായി പുറത്തിറങ്ങിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജല്ലിക്കട്ട്, അജഗജാന്തരം എന്നീ ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂപ്പർ ശരണ്യ എന്ന ചിത്രത്തിലെ നടന്റെ ഗസ്റ്റ് റോളും കയ്യടി നേടിയിരുന്നു. ആനപ്പറമ്പിലെ വേൾഡ് കപ്പാണ് പെപ്പെയുടേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം.
അതേസമയം, തന്റെ സിനിമാ ജീവിതത്തെ കുറിച്ചും ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ആന്റണി ഇപ്പോൾ. ജെല്ലിക്കെട്ടിന് ഓസ്കാർ നോമിനേഷൻ എന്ന വാർത്ത കണ്ടപ്പോൾ ഉണ്ടായ സന്തോഷത്തെ കുറിച്ചുമെല്ലാം താരം പറയുന്നുണ്ട്. പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ആന്റണി ഇക്കാര്യങ്ങൾ പറഞ്ഞത്. നടന്റെ വാക്കുകൾ ഇങ്ങനെ.

‘സിനിമ കുറെ നാളുകളായി മനസ്സിൽ ഉണ്ടായിരുന്നു. കോളേജിൽ പഠിക്കുമ്പോഴാണ് അത് ശരിക്കും തലയിലോട്ട് കയറിയത്. പിന്നെ ഇടയ്ക്കിടെ ഓരോ ഒഡിഷനുകൾക്ക് പോകും ഇടയ്ക്ക് ലൊട്ടു ലൊടുക്ക് ഷോർട്ട് ഫിലിംസ് ചെയ്യും അങ്ങനെ അങ്ങനെയാണ് അങ്കമാലി സംഭവിക്കുന്നത്,’

‘വീടിന്റെ അവിടെ പള്ളിയിൽ സൈക്കിളിന് ഒക്കെ പോകുമ്പോൾ സിനിമ പോസ്റ്ററുകൾ ഒക്കെ കാണും. സ്ഥിരമായി പോസ്റ്റർ ഒട്ടിക്കുന്ന സ്ഥലങ്ങളൊക്കെ ഉണ്ട്. അതിലൊക്കെ ഇടം പിടിക്കണം എന്ന് കരുതിയിട്ടുണ്ട്. പിന്നെ എനിക്ക് ഏറ്റവും കൂടുതൽ ആഗ്രഹം ഉണ്ടായിരുന്നത്, ലുലു മാളിന്റെ അവിടെ ഒരു വലിയ ഫ്ളക്സ് ബോർഡുണ്ട്,’

‘ഞാൻ ഡിഗ്രി ഒക്കെ കഴിഞ്ഞ് നിൽക്കുന്ന സമയത്ത് അതുവഴി പോകുമ്പോൾ നിവിൻ പോളിയുടെ പോസ്റ്റർ അതിൽ കാണാമായിരുന്നു. അപ്പോൾ നീവിന് പകരം ഞാൻ അവിടെ വരണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഇതുവരെ എനിക്ക് അവിടെ എത്തിക്കാൻ പറ്റിയില്ല. പക്ഷെ ഞാൻ എത്തും,’
‘എന്റെ നാട്ടിൽ എനിക്ക് സാധാരണ പോലെ നടക്കാം. കളിയ്ക്കാൻ ഒക്കെ പോകാറുണ്ട്. ചിൽ ചെയ്യാറുണ്ട്. എല്ലാ പരിപാടിക്ക് ഇറങ്ങാറുണ്ട്. രാവിലെ നടക്കാൻ പോകും. നാട്ടിൽ വലിയ സ്റ്റാർഡം ഒന്നുമില്ല. എന്നാലും ആളുകൾ നോക്കുമ്പോൾ ഒരുതരം സ്നേഹത്തോടെയുള്ള നോട്ടമാണ്. അത് കാണുമ്പോൾ നമുക്ക് ഒരു സന്തോഷമാണ്,’

‘സിനിമയിൽ വന്നതോടെ എല്ലാവരും നമ്മളെ ട്രീറ്റ് ചെയ്യുന്ന രീതിയിൽ വ്യത്യാസം വന്നിട്ടുണ്ട്. സിനിമ കാരണം എനിക്ക് ഒരുപാട് യാത്രകൾ ചെയ്യാൻ പറ്റി. ഞാൻ ഒരു യാത്ര പ്രാന്തനാണ്. ഒരുപാട് ട്രിപ്പുകൾ പോകാൻ കഴിഞ്ഞു,’

ജെല്ലിക്കെട്ടിന് ഓസ്‌കാർ നോമിനേഷൻ എന്ന വാർത്ത വന്നപ്പോൾ ഞെട്ടി. അന്ന് എനിക്ക് കാര്യമായി സിനിമകൾ ഒന്നും ഇല്ലാതെ ഒന്നും ഹാപ്പൻ ചെയ്യാതെ ഇരിക്കുന്ന സമയമാണ്. പെട്ടെന്ന് ന്യൂസിലൊക്കെ വരുന്നു. കുറേ കോളുകൾ വരുന്നു. പൊട്ടന് ലോട്ടറി അടിച്ചോ എന്നായിരുന്നു മനസ്സിൽ. എന്റെ കാര്യമാണ്. മറ്റുള്ളവരുടെ അല്ല. എനിക്ക് അങ്ങനെയാണ് തോന്നിയത്. ഇങ്ങനെയൊക്കെ ഭാഗ്യം വരുമോ എന്നായിരുന്നു. ആദ്യമൊക്കെ ആളുകൾ കളിയാക്കുന്നത് ആണോ എന്നാണ് ഞാൻ വിചാരിച്ചത്. ഭയങ്കര സന്തോഷമായി,’ പെപ്പെ പറഞ്ഞു.

AJILI ANNAJOHN :