മെലിഞ്ഞിരിക്കുന്നു, തടിച്ചിരിക്കുന്നു, കറുത്തിരിക്കുന്നു എന്നൊക്കെ പറയുന്നത് ഇന്നും തമാശയാണ്,പക്ഷേ ഇത് ബാധിക്കുന്ന എത്രയോ ആളുകള്‍ ആ കൂട്ടത്തില്‍ നില്‍പ്പുണ്ടാവും ; നടി അനശ്വര രാജൻ

സിനിമയിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങി രണ്ടാമത്തെ പടത്തിൽ തന്നെ നായികയായി മാറിയ താരമാണ് നടി അനശ്വര രാജൻ. മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ടായിരുന്നു അനശ്വരയുടെ സിനിമയിലേക്കുള്ള എൻട്രി. പൊളിറ്റിക്കല്‍ കറക്ട്‌നസ് സമൂഹത്തിന്റെ ഭാഗമായി നില്‍ക്കുമ്പോഴും അതിനെതിരേയും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. പൊളിറ്റിക്കല്‍ കറക്ട്‌നസ് നോക്കിയാല്‍ ഇനി തമാശ പറയാന്‍ പറ്റില്ല, സിനിമ ചെയ്യാന്‍ പറ്റില്ല എന്നൊക്കെ പറയുന്നവരോട് തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് അനശ്വര രാജന്‍

ആളുകള്‍ പൊളിറ്റിക്കല്‍ കറക്ട്‌നസിനെ എതിര്‍ക്കുന്നത്, ഇതൊക്കെ നോക്കിയാല്‍ ഒരു ഗ്രൂപ്പില്‍ സംസാരിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞാണ്. എനിക്ക് അതിനോട് യോജിക്കാന്‍ സാധിക്കില്ല. ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നത് തന്നെ തെറ്റാണെന്ന് ആദ്യം മനസ്സിലാകണം. ഇവിടെ പലപ്പോഴും സംഭവിക്കുന്നത് ആളുകള്‍ തമാശയാണെന്നും പറഞ്ഞ് നടത്തുന്ന കളിയാക്കലുകള്‍ അതിര് കടക്കുന്നു എന്നതാണ്. മെലിഞ്ഞിരിക്കുന്നു, തടിച്ചിരിക്കുന്നു, കറുത്തിരിക്കുന്നു എന്നൊക്കെ പറയുന്നത് ഇന്നും തമാശയാണ്. ഇത് കേള്‍ക്കുന്നവര്‍ ആളുകളില്‍ പലരും പുറമെ ചിരിക്കുന്നതായും കാണാം. പക്ഷേ ഇത് ബാധിക്കുന്ന എത്രയോ ആളുകള്‍ ആ കൂട്ടത്തില്‍ നില്‍പ്പുണ്ടാവും. ഇതാണ് പലരും ചിന്തിക്കാതെ പോകുന്നത്.

പൊതു ഇടങ്ങളില്‍ നിന്ന് സംസാരിക്കാന്‍ പേടിതോന്നും എന്നൊക്കെയാണ് പലരും പറയുന്നത്. യഥാര്‍ത്ഥത്തില്‍ പേടിക്കണം. സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണം. അങ്ങനെ സ്വയം തിരുത്തി ശീലിക്കണം. നമുക്ക് ആരെയും ഇത്തരത്തില്‍ കളിയാക്കാനുള്ള അര്‍ഹതയില്ലെന്ന് തിരിച്ചറിഞ്ഞേ ഇതെല്ലാം തിരുത്താന്‍ സാധിക്കൂ എന്നും അനശ്വര പറയുന്നു. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രണയ വിലാസമാണ് അനശ്വരയുടെ ഏറ്റവും പുതിയ ചിത്രം. സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോഴാണ് താരം ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കിയത്.

സിനിമയില്‍ ഈയടുത്ത കാലത്തായി പൊളിറ്റിക്കല്‍ കറക്ട്‌നസിനെക്കുറിച്ചുള്ള നിരവധി ചര്‍ച്ചകള്‍ സംഭവിച്ചു. പല സിനിമകളുടെ ഉള്ളടക്കത്തിലും സംഭാഷണത്തിലും തിരുത്തലുകള്‍ ആവശ്യപ്പെട്ട് ആളുകള്‍ രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലും പഴയതും പുതിയതുമായ സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. സിനിമകള്‍ മാത്രമല്ല, ടെലിവിഷന്‍ ഷോകളും വളരെ സൂക്ഷ്മമായി തന്നെ നിരീക്ഷിക്കുകയാണ് പുതിതലമുറ. ഇവിടെ പുതുതലമുറയുടെ ഭാഗം എന്ന നിലയ്ക്ക് അനശ്വരയുടെ വാക്കുകളും ശ്രദ്ധേയമാണ്

AJILI ANNAJOHN :