പൃഥ്വി പങ്കെടുക്കാത്ത കാരണം മറ്റൊന്ന്: ‘ദിലീപിന്റെ രാജി മോഹൻലാൽ പറഞ്ഞിട്ട്!

വാർഷിക ജനറൽ ബോഡി യോഗത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ട്പ്രകാരം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിൽ നിന്ന് ദിലീപ് രാജി വച്ചത് മോഹൻലാലിന്റെ നിർദേശപ്രകാരമായിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ മാദ്ധ്യമമാണ് ഇതുസംബന്ധിച്ച് വാർത്ത നൽകിയിരിക്കുന്നത്. ദിലീപ് സ്വമേധയാ രാജിവയ്‌ക്കുകയായിരുന്നെന്ന അമ്മ സെക്രട്ടറി സിദ്ദീഖ് ഉൾപ്പെടെയുള്ളവരുടെ പരസ്യനിലപാടിനെ പാടെതള്ളുന്നതാണ് ജനറൽ സെക്രട്ടറി ഇടവേള ബാബു അവതരിപ്പിച്ച റിപ്പോർട്ട്.

ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം കഴിഞ്ഞ ജനറൽ ബോഡിയിൽ ഉന്നയിച്ചത് ഊർമിള ഉണ്ണിയായിരുന്നു. തുടർന്ന് ഐകകണ്‌ഠേന കയ്യടിച്ചാണ് ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത് ഏറെ വിവാദമാവുകയും ചെയ്‌തു. ഊർമിള ഉണ്ണി ഇത്തവണത്തെ ജനറൽ ബോഡിയിൽ പങ്കെടുത്തില്ല എന്നതും ശ്രദ്ധേയമാണ്.

ഭാവന, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ എന്നിവരുടെ രാജി അംഗീകരിച്ചെന്നും രേവതി, പാർവതി, പത്മപ്രിയ എന്നിവരുമായി നിർവാഹക സമിതി ചർച്ച നടത്തിയെന്നും റിപ്പോർട്ടിലുണ്ടെങ്കിലും ഇതെല്ലാം ഏതു വിഷയവുമായി ബന്ധപ്പെട്ടതാണെന്നതുൾപ്പെടെ മറ്റു വിശദാംശങ്ങളൊന്നുമില്ല. തിലകനെ പുറത്താക്കിയതിനെത്തുടർന്ന് ‘അമ്മ’ യോഗങ്ങളിൽ നിന്നു കഴിഞ്ഞ ഒമ്പത് വർഷമായി വിട്ടു നിന്ന മകൻ ഷമ്മി തിലകൻ ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തു. സ്‌തുത്യർഹമായ സേവനം അനുഷ്‌ഠിച്ച അംഗങ്ങളുടെ കൂട്ടത്തിൽ തിലകനെ ഉൾപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.

ഡബ്ല്യു.സി.സി അംഗങ്ങൾ കൂടിയായ രേവതിയും പാർവതി തിരുവോത്തും അമ്മ യോഗത്തിൽ പങ്കെടുത്തു. ഭേദഗതി നിർദേശങ്ങളിലുൾപ്പെടെ ഇവർ അഭിപ്രായം വ്യക്തമാക്കിയെങ്കിലും ഒരു ഘട്ടത്തിലും വാദപ്രതിവാദങ്ങളിലേക്കു ചർച്ച പോയില്ല. നീണ്ട ഇടവേളയ്ക്കു ശേഷമാണ് രേവതി അമ്മ ജനറൽ ബോഡി യോഗത്തിനെത്തിയത്. വൈകിട്ട് 4.20ന് യോഗം അവസാനിക്കുന്നതിനു ഒരു മണിക്കൂർ മുൻപ് രേവതിയും പാർവതിയും യോഗം നടന്ന ഹോട്ടലിന് പുറത്തേക്കു പോയെങ്കിലും 10 മിനിറ്റിനുള്ളിൽ മടങ്ങിയെത്തിയ പാർവതി അവസാനം വരെ പങ്കെടുത്തു.അതേസമയം മഞ്ജു വാരിയർ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, ഫഹദ് ഫാസിൽ, ഇന്ദ്രജിത്ത് തുടങ്ങിയവർ എത്തിയില്ല. ഷൂട്ടിംഗ് തിരക്കുള്ളതിനാൽ ഇവർ വരില്ലെന്നു മുൻകൂട്ടി അറിയിച്ചിരുന്നതായി സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി

amma general body decision

Sruthi S :