സിദ്ദിഖിന്റെ വാർത്ത സമ്മേളനം ‘അമ്മ തീരുമാനിച്ചതല്ല – സിദ്ധിഖിനെ തള്ളി ‘അമ്മ സംഘടന!!! ഭിന്നിപ്പ് കൂടുതൽ രൂക്ഷമാകുന്നു

സിദ്ദിഖിന്റെ വാർത്ത സമ്മേളനം ‘അമ്മ തീരുമാനിച്ചതല്ല – സിദ്ധിഖിനെ തള്ളി ‘അമ്മ സംഘടന!!! ഭിന്നിപ്പ് കൂടുതൽ രൂക്ഷമാകുന്നു

നടൻ സിദ്ദിഖിന്റെ പത്ര സമ്മേളനം തള്ളി ‘അമ്മ സംഘടന. സിദ്ദിഖ് അമ്മയുടെ പേരിൽ നടത്തിയ സമ്മേളനം സംഘടനയുടെയോ എക്സിക്യൂട്ടീവ് അംഗങ്ങളുടെയോ അറിവോടെയല്ലെന്നു അംഗങ്ങൾ അറിയിച്ചു. സംഘടനയുടെ വക്താവ് ജഗദീഷ് ആണ്. വ്യക്തിതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സിദ്ദിഖ് സംഘടനയെ ദുരുപയോഗിച്ചു. വാര്‍ത്താസമ്മേനത്തിലെ പരാമര്‍ശങ്ങള്‍ പൊതുസമൂഹത്തില്‍ ‘അമ്മ’യുടെ പ്രതിച്ഛായ മോശമാക്കിയെന്നാണ് പൊതുവികാരം. വാര്‍ത്താസമ്മേളനം നടത്തുന്നത് മറ്റംഗങ്ങള്‍ അറിഞ്ഞത് ചാനലുകളിലൂടെയാണ്. പ്രശ്നം ചര്‍ച്ചചെയ്യാന്‍ പത്തൊന്‍പതിന് അവെയ്‍ലബിള്‍ എക്സിക്യുട്ടിവ് ചേരുമെന്നും ‘അമ്മ’ നേതൃത്വം വ്യക്തമാക്കി. മോഹന്‍ലാല്‍ വിദേശത്തുപോകുന്ന സാഹചര്യത്തിലാണ് അടിയന്തരചര്‍ച്ച.

ഡബ്ല്യുസിസിയുമായുള്ള പ്രശ്നത്തില്‍ പ്രത്യേക ജനറല്‍ബോഡി വിളിക്കുമെന്ന നിലപാടിലുറച്ച് ട്രഷറര്‍ ജഗദീഷ് ഇന്ന് രംഗത്തെത്തിയിരുന്നു. അമ്മയുടെ നിലപാടാണ് താന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞതെന്നും മോഹന്‍ലാലുമായി ചര്‍ച്ചചെയ്താണ് തീരുമാനം അറിയിച്ചതെന്നും ജഗദീഷ് പറഞ്ഞു. ആശയക്കുഴപ്പമുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് സിദ്ദിഖാണെന്നും അദ്ദേഹം തുറന്നടിച്ചു. ജഗദീഷിന്റെ പ്രസ്താവന സിദ്ദിഖ് ഇന്നലെ പരസ്യമായി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യപ്രതികരണവുമായി ജഗദീഷ് രംഗത്തെത്തിയിരുന്നു.

ജഗദീഷിനെ വക്താവാക്കിയത് ആരാണെന്നറിയില്ലെന്നായിരുന്നു സിദ്ദിഖിന്റെ നിലപാട്.ഡബ്ല്യുസിസി ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗൗരവപൂര്‍ണമായ ഇടപെടല്‍ അമ്മ നേതൃത്വം നടത്തും എന്ന് സൂചിപ്പിച്ചാണ് സംഘടനയുടെ ട്രഷററായ ജഗദീഷ് വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടത്. ദിലീപിനെ അമിതമായി ന്യായീകരിക്കുകയോ ഡബ്ല്യുസിസിയെ പൂര്‍ണമായി തള്ളുകയോ ചെയ്യാതെയാണ് അമ്മ വക്താവെന്ന നിലയില്‍ ജഗദീഷ് പ്രതികരിച്ചത്. പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രത്യേക ജനറല്‍ബോഡി വിളിക്കുമെന്നും രാജിവച്ചവരെ തിരിച്ചെടുക്കുന്നതിനോട് എതിര്‍പ്പില്ലെന്നും ധാര്‍മികതയിലൂന്നിയ ഉചിതമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും ജഗദീഷ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ ഉച്ചയ്ക്കുശേഷം മാധ്യമങ്ങളെ കണ്ട സിദ്ദിഖ് ഇക്കാര്യങ്ങളെല്ലാം അപ്പാടെ തള്ളി.

‘ജഗദീഷിനെ ആരാണ് പ്രസ്താവന നടത്താന്‍ ചുമതലപ്പെടുത്തിയതെന്നറിയില്ല. ജഗദീഷ് വക്താവല്ല ട്രഷററാണ്. ജനറല്‍ ബോഡി വിളിക്കില്ല. ഞാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരുമായും ചര്‍ച്ചചെയ്താണ് പറയുന്നത്..’ സിദ്ദീഖ് തുറന്നുപറഞ്ഞു. സിദ്ദിഖിന്റെ നിലപാടിനോട് പരസ്യമായി പ്രതികരിക്കാന്‍ ജഗദീഷ് മുതിര്‍ന്നില്ല. എന്നാല്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞപ്രകാരമാണ് താന്‍ വാര്‍ത്താക്കുറിപ്പ് നല്‍കിയതെന്ന് അദ്ദേഹം വിശദീകരിച്ചു. പകര്‍പ്പ് സിദ്ദിഖ് ഉള്‍പ്പെടെ എല്ലാവര്‍ക്കും വാട്സപ്പില്‍ അയച്ചിരുന്നുവെന്നും ജഗദീഷ് വ്യക്തമാക്കി. ഇതോടെ ഭാരവാഹികള്‍ക്കിടയിലെ ആശയവിനിമയം ശരിയായ നിലയിലല്ല എന്ന് വ്യക്തമായി.

amma association against siddique

Sruthi S :