പ്രശസ്ത ടെലിവിഷൻ താരം അമൻ ജയ്സ്വാൾ(22) വാഹനാപകടത്തിൽ മരിച്ചു. ഒഡീഷനിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ജോഗേശ്വരി ഹൈവേയിൽ വച്ചായിരുന്നു അപകടം. നടൻ സഞ്ചരിച്ചിരുന്ന ബൈക്ക് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഉത്തർപ്രദേശിലെ ബാലിയ സ്വദേശിയാണ് അമൻ. മോഡലിംഗിലൂടെ കരിയർ ആരംഭിച്ച അമൻ നിരവധി ടിവി സീരിയലുകളിൽ വേഷമിട്ടിരുന്നു.
‘ധർതിപുത്ര നന്ദിനി’ എന്ന ടെലിവിഷൻ പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് അമൻ ജയ്സ്വാൾ ആയിരുന്നു. ഈ പരമ്പരയുടെ എഴുത്തുകാരൻ ധീരജ് മിശ്രയാണ് താരത്തിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്.
സോണി ടിവിയിൽ 2021 ജനുവരി മുതൽ 2023 ഒക്ടോബർ വരെ സംപ്രേഷണം ചെയ്ത ‘പുണ്യശ്ലോക് അഹല്യാബായ്’ എന്ന ഷോയിലെ യശ്വന്ത് റാവു എന്ന കഥാപാത്രത്തെയും അമൻ അവതരിപ്പിച്ചിട്ടുണ്ട്.