“അന്ന് അദ്ദേഹം ചോദിച്ചു, ആരുമെന്താ ഈ കുട്ടിയെ സിനിമയിലേക്ക് വിളിക്കാത്തതെന്ന് ” – ഐശ്വര്യ ലക്ഷ്മി

ഐശ്വര്യ ലക്ഷ്മി ഇന്നൊരു വികാരം തന്നെയാണ് മലയാളികൾക്ക്. ഐഷു എന്നാണവർ താരത്തെ സ്നേഹത്തോടെ വിളിക്കുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ തുടങ്ങി ഇപ്പോൾ കാട്ടൂർക്കടവ് വരെ എത്തി നില്കുന്നു ഐശ്വര്യയുടെ പ്രയാണം. എല്ലാ ചിത്രങ്ങളും ഗംഭീര വിജയം നേടിയതോടെ ഭാഗ്യ നായിക എന്ന് ഐശ്വര്യയ്ക്ക് പേരുമായി.

ആരാധകരോടൊക്കെ വളരെ സ്നേഹത്തോടെയും മര്യാദയോടെയുമാണ് ഐശ്വര്യ സംസാരിക്കുന്നതും ഇടപെടുന്നതും. ഇത്തവണ സംസ്ഥാന പുരസ്കാരത്തിൽ മികച്ച നടിയായി മത്സരിക്കാൻ ഐശ്വര്യ ലക്ഷ്മിയും ഉണ്ട്. വരത്തനിലെ ഗംഭീര പ്രകടനമാണ് ഐശ്വര്യയ്ക്ക് പുരസ്‌കാര മത്സരത്തിൽ പങ്കെടുക്കാൻ ഭാഗ്യം നൽകിയത്.

സിനിമയെപ്പറ്റിയും മോഡലിംഗിനെ പറ്റിയുമൊക്ക ഐശ്വര്യ ലക്ഷ്മി മനസ് തുറക്കുന്നു. “വല്ലാതെ മോഹിച്ചിട്ടില്ല സിനിമ . 2014ലാണു ഞാൻ മോഡലിങ് തുടങ്ങുന്നത്. മൂന്നുവർഷം കഴിഞ്ഞു സിനിമയിലെത്തി. എന്റെ ഉള്ളിലെവിടെയോ ആഗ്രഹമുണ്ടായിരുന്നു എന്നതു സത്യമാണ്. ഞണ്ടുകളുടെ നാട്ടിലേക്കു നായികയെ വേണമെന്ന കാസ്റ്റിങ്‌കാൾ കണ്ടപ്പോൾ സംവിധായകൻ അൽത്താഫിനു ഞാൻ ഫോട്ടോകൾ അയച്ചു. എന്റെ സുഹൃത്ത് രഞ്ജിനിയാണ് അൽത്താഫ് സിനിമ ചെയ്യുന്ന കാര്യം പറഞ്ഞത്.

സിനിമ വീട്ടുകാരുടെ വിദൂര സ്വപ്നങ്ങളിൽ പോലുമില്ലെന്ന് ഐശ്വര്യ പറയുന്നു .” കുട്ടിക്കാലത്തു തിയറ്ററിൽപോയി സിനിമ കാണാറുപോലുമില്ല. നന്നായി പഠിപ്പിക്കുക എന്നതു മാത്രമായിരുന്നു അച്ഛന്റെയും അമ്മയുടെയും അജണ്ട. അതുകൊണ്ട് അപൂർവമായി മാത്രമേ ടിവിയിൽപ്പോലും സിനിമ കാണാറുള്ളൂ. എൻട്രൻസിലൂടെ എംബിബിഎസ് സീറ്റു നേടാൻ തീവ്രമായി മോഹിച്ച കുട്ടിയാണു ഞാൻ. അതു ചെയ്യുംവരെ വേറെയൊന്നും തലയിലില്ലായിരുന്നു. മോഡലിങ്ങിലേക്കു വന്നതു എംബിബിഎസ് പഠിക്കുമ്പോഴാണ്. അപ്പോൾ വീട്ടിൽ പറയാതെയാണു ഫോട്ടോ എടുക്കാൻ പോയത്. മാഗസിനുകളിൽ അച്ചടിച്ചുവന്നപ്പോഴാണു വീട്ടിലറിയുന്നത്. പൂർണ തൃപ്തിയില്ലെങ്കിലും അവർ കൂടെനിന്നു. അതൊക്കെ ചെയ്താലും ഞാൻ പഠിക്കുമെന്നവർക്കുറപ്പായിരുന്നു. അവരുടെ ആ വിശ്വാസമാണ് എന്നെ സിനിമയിലെത്തിച്ചത്.

തുടർച്ചയായി നാലു ഹിറ്റുകൾ, നാലു നായകന്മാർ. അതിനെപ്പറ്റിയും ഐശ്വര്യ പറയുന്നു . “തുടർച്ചയായി വന്നതല്ല. ഞണ്ടുകൾക്കു ശേഷം ആഷിക്ക് അബുവിന്റെ സിനിമയിലേക്കു നായികയെ വേണമെന്ന കാസ്റ്റിങ്‌കാൾ കണ്ട് അപേക്ഷിച്ചു നേടിയതാണ്. ബാക്കി രണ്ടും അതിനു ശേഷം തനിയെ വന്നതാണ്. പൗർണമിയുടെ സംവിധായകൻ ജിസ് ജോയ് എന്നെ എത്രയോ പരസ്യത്തിൽ അഭിനയിപ്പിച്ചു. അന്നു ജിസ് സാർ ചോദിക്കുമായിരുന്നു എന്താണീ കുട്ടിയെ ആരും സിനിമയിലേക്കു വിളിക്കാത്തതെന്ന്. അവസാനം ജിസ് സാർതന്നെ സിനിമ തന്നു. കഴിവിനെക്കാളുപരി ഭാഗ്യമാണ് എന്നെ നാലു സിനിമയിലും എത്തിച്ചത്. ഇപ്പോൾ സിനിമയെ ഞാൻ ഗൗരവത്തോടെ കാണുന്നു. തൊഴിൽ എന്ന നിലയിലല്ല. മോഹമെന്ന നിലയിൽ. നാളെ ഞാൻ പുറത്തായാൽ മനസ്സു വിഷമിക്കും. പക്ഷേ ഞാൻ അതോർത്തു കരഞ്ഞു കാത്തിരിക്കില്ല. എനിക്കിപ്പോഴും ഡോക്ടറായി പ്രാക്റ്റീസ് ചെയ്യണമെന്നും എംഡിക്കു പഠിക്കണമെന്നുമുണ്ട്. “.

aishwarya lakshmi about film career

Sruthi S :